കുവൈത്ത് സിറ്റി: കുവൈത്തിലെ എക്സ്ചേഞ്ച് കമീഷൻ ഒഴിവാക്കാൻ നാട്ടിലേക്ക് നാലും അഞ്ചും പേരുടെ പണം ഒരുമിച്ച് അയക്കുന്നവരും നാട്ടിൽനിന്ന് അവ പലരിലേക്കുമായി കൈമാറുന്നവരും ശ്രദ്ധിക്കുക. ചെറിയ ലാഭത്തിന് വേണ്ടിയുള്ള ഈ പ്രവൃത്തികൾ വലിയ കുരുക്കിന് കാരണമാകാം.
ഇന്ത്യയിൽ സാമ്പത്തിക ഇടപാടുകൾ അധികൃതർ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്. അജ്ഞാതരായ ആളുകളിൽനിന്ന് നിങ്ങളുടെ അക്കൗണ്ടുകളിലേക്ക് പണം എത്തുന്നതിന് വ്യക്തമായ കാരണവും കാണിക്കേണ്ടിവരും. ചിലപ്പോൾ അക്കൗണ്ടുകൾ മരവിപ്പിക്കുന്നതിലേക്കും ഇത് എത്താം. അടുത്തിടെ ഇത്തരത്തിൽ പണം അയച്ച മലയാളികൾക്ക് കാരണം കാണിക്കൽ നോട്ടീസ് ലഭിച്ചു.
മലയാളിക്ക് ലഭിച്ച കാരണംകാണിക്കൽ നോട്ടീസ്
നാലും അഞ്ചും പേരുടെ പണം ഒരുമിച്ച് ഒരാളുടെ അക്കൗണ്ടിലേക്ക് അയക്കുകയും നാട്ടിൽനിന്ന് ഇവ മറ്റുള്ളവരിലേക്ക് അയക്കുകയും ചെയ്യുകയാണ് ചില പ്രവാസികളുടെ രീതി. നാട്ടിലെ ബന്ധുക്കൾക്കോ, സ്വന്തം അക്കൗണ്ടുകളിലേക്കോ ആകും ഇത്തരത്തിൽ പണം അയക്കുന്നത്. പിന്നീട് ഈ അക്കൗണ്ടിൽനിന്ന് മറ്റുള്ളവരുടെ അക്കൗണ്ടുകളിലേക്ക് പണം കൈമാറും. കുവൈത്തിലെ എക്സ്ചേഞ്ച് കമീഷൻ ഒഴിവാക്കുന്നതിനായിട്ടാണ് പലരും ഈ മാർഗം സ്വീകരിക്കുന്നത്.
കുവൈത്തിൽ ഒരുമിച്ചു കഴിയുന്നവരാണെങ്കിലും നാട്ടിൽ പലരും പലയിടത്താകും. വിവിധ സംസ്ഥാനങ്ങളിലും ജില്ലകളിലും ഉള്ളവരും ഇതിലുണ്ടാകും. നാട്ടിൽ ഒരു ബന്ധവും ഇല്ലാത്ത ഇത്തരക്കാരുടെ പണമിടപാടിൽ സംശയം തോന്നിയാൽ അധികൃതർ ഇടപെടും. തുടർന്ന് പണത്തിന്റെ സോഴ്സ് കാണിക്കേണ്ടിവരും.
മറ്റുള്ളവർക്കുവേണ്ടി സ്വന്തം സിവിൽ ഐ.ഡി ഉപയോഗിച്ച് പണം അയക്കുന്നവർ ശ്രദ്ധിക്കുക. അനിയന്ത്രിതമായി പണം അയക്കുന്നത് കുവൈത്തിൽ കർശനമായി നിരീക്ഷിക്കുന്നുണ്ട്. നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർക്കും തട്ടിപ്പു സംഘങ്ങൾക്കും ഈ പണം എത്തിയാൽ നിയമ നടപടികളും നേരിടേണ്ടിവരും.
കള്ളപ്പണം വെളുപ്പിക്കൽ, അനധികൃത പണമിടപാടുകൾ എന്നിവക്കെതിരെ കുവൈത്ത് സെൻട്രൽ ബാങ്കും ആഭ്യന്തര മന്ത്രാലയവും നടപടി കർശനമാക്കിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി ബാങ്കുകൾ, പണമിടപാട് സ്ഥാപനങ്ങൾ എന്നിവ സൂക്ഷ്മമായ നിരീക്ഷണത്തിലാണ്. ഫിനാൻഷ്യൽ ഇന്റലിജൻസ് വിഭാഗവും നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.
മറ്റുള്ളവർക്ക് പണം അയക്കാൻ സ്വന്തം സിവിൽ ഐ.ഡി കൈമാറുമ്പോൾ സൂക്ഷിക്കണം. നിയമവിരുദ്ധമായുള്ള പണമാണ് ഇത്തരക്കാർ അയക്കുന്നതെങ്കിൽ അകത്താകുന്നത് നിങ്ങളായിരിക്കും. ചെറിയ കമീഷൻ വാങ്ങി മറ്റുള്ളവർക്കു പണം അയക്കാൻ സ്വന്തം സിവിൽ ഐ.ഡി നൽകുന്നവരും ഉണ്ട്. മയക്കുമരുന്ന്, മദ്യം എന്നിവ കുവൈത്തിൽ എത്തിക്കാനും മറ്റു നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കും ഇത്തരത്തിലുള്ള പണം ഉപയോഗിക്കുന്നുണ്ട് എന്ന് തിരിച്ചറിയണം.
ഇവ ഇറക്കുമതി ചെയ്യുന്നവർ പണം അയക്കാൻ മറ്റുള്ളവരെയാണ് ഉപയോഗപ്പെടുന്നത്. പണം കൈപ്പറ്റുന്നവർ ആരെന്നും അയാൾക്ക് എന്താണ് ജോലിയെന്നും സിവിൽ ഐ.ഡി ഉടമ അറിയുന്നുണ്ടാകില്ല. എന്നാൽ ഇടപാടുകൾ പരിശോധിക്കുമ്പോൾ ആദ്യം പിടികൂടുന്നത് സിവിൽ ഐ.ഡി ഉടമയെ ആയിരിക്കും. അടുത്തിടെ മലയാളികൾ അടക്കം നിരവധി പേർ ഇത്തരം തട്ടിപ്പുകളിൽ അകപ്പെട്ട് നിയമക്കുരുക്കിലായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.