കുവൈത്ത് പൊലീസ് സ്പോർട്സ് ഫെഡറേഷൻ ചീഫ് മേജർ ജനറൽ വലീദ് അൽ ഷഹാബ്
വാർത്തസമ്മേളനത്തിൽ
കുവൈത്ത് സിറ്റി: പൊലീസ് സ്പോർട്സ് ഫെഡറേഷൻ, അറബ് പൊലീസ് ഷൂട്ടിങ് ചാമ്പ്യൻഷിപ് സംഘടിപ്പിക്കുന്നു. ഞായറാഴ്ച സബഹാൻ ഏരിയയിലെ ഷൂട്ടിങ് റേഞ്ചിൽ ആരംഭിക്കുന്ന മത്സരത്തിൽ 17 അറബ് രാജ്യങ്ങൾ പങ്കാളികളാകും.
വ്യക്തിഗത മത്സരങ്ങൾ, ടീം അധിഷ്ഠിത മത്സരങ്ങൾ എന്നിവ ഉണ്ടാകുമെന്ന് കുവൈത്ത് പൊലീസ് സ്പോർട്സ് ഫെഡറേഷൻ ചീഫ് മേജർ ജനറൽ വലീദ് അൽ ഷഹാബ് പറഞ്ഞു. പൊലീസ് ഓഫിസർമാരുടെ ഫീൽഡ് ഷൂട്ടിങ് കഴിവുകൾ വർധിപ്പിക്കൽ, പ്രകടനം മെച്ചപ്പെടുത്താൻ ശാരീരിക ക്ഷമത വർധിപ്പിക്കൽ എന്നിവ മത്സരം ലക്ഷ്യമിടുന്നു.
വർഷങ്ങൾക്കുശേഷമാണ് ഇത്തരം ഒരു ചാമ്പ്യൻഷിപ്പിന് രാജ്യം ആതിഥേയത്വം വഹിക്കുന്നതെന്ന് സംഘാടക സമിതി തലവൻ അൽ ഷഹാബ് സൂചിപ്പിച്ചു. ചാമ്പ്യൻഷിപ്പിനായി സംഘടനാപരവും സാങ്കേതികവുമായ എല്ലാ ഒരുക്കവും പൂർത്തിയാക്കി. പങ്കെടുക്കുന്ന ടീമുകൾ വെള്ളി, ശനി ദിവസങ്ങളിൽ പരിശീലനം നടത്തും. രണ്ടു ദിവസങ്ങളിലായി നടക്കുന്ന ചാമ്പ്യൻഷിപ്പിന് കുവൈത്തിൽനിന്നും മറ്റ് അറബ് രാജ്യങ്ങളിൽനിന്നുമുള്ള 15 അംഗീകൃത റഫറിമാർ മേൽനോട്ടം വഹിക്കും.
ചാമ്പ്യൻഷിപ്പിന് നൽകുന്ന പിന്തുണയിൽ പ്രധാനമന്ത്രി ശൈഖ് അഹമ്മദ് നവാഫ് അൽ അഹമ്മദ് അസ്സബാഹിനെ അൽ ഷഹാബ് പ്രശംസിച്ചു.
ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രി, ആക്ടിങ് പ്രതിരോധ മന്ത്രിയുമായ ശൈഖ് തലാൽ അൽ ഖാലിദ് അസ്സബാഹ്, അണ്ടർ സെക്രട്ടറി എന്നിവരെ നന്ദി അറിയിച്ചു. പങ്കെടുക്കുന്ന കുവൈത്ത് ഷൂട്ടർമാർക്ക് മികച്ച പ്രകടനം നടത്താനാകട്ടെ എന്നും അദ്ദേഹം ആശംസിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.