കുവൈത്ത് സിറ്റി: ഖത്തർ ആതിഥേയത്വം വഹിക്കുന്ന ഫിഫ അറബ് കപ്പിന്റെ പ്രചാരണ ഭാഗമായി കുവൈത്തിലെ അവന്യൂസ് മാളിൽ പ്രത്യേക പ്രമോഷൻ സെന്റർ തുറന്നു. ഇവിടെ പൊതുജനങ്ങൾക്കായി ടൂർണമെന്റിന്റെ കപ്പ് പ്രദർശിപ്പിച്ചിട്ടുണ്ട്. ഫോട്ടോ എടുക്കാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. ടൂർണമെന്റ് ഷെഡ്യൂൾ, ടീമുകൾ, ടിക്കറ്റ് സംബന്ധമായ വിവരങ്ങളും കൗണ്ടറില്‍ ലഭ്യമാണ്. നാഷനൽ കൗൺസിൽ ഫോർ കൾച്ചറും ഖത്തർ ഓർഗനൈസിങ് കമ്മിറ്റിയും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്. ഞായറാഴ്ച വൈകീട്ട് വരെ കൗണ്ടർ പ്രവർത്തിക്കും. കുവൈത്തില്‍ ആരംഭിച്ച ട്രോഫി എക്സിബിഷൻ മറ്റ് ഗൾഫ് രാജ്യങ്ങളിലേക്കും വ്യാപിക്കുമെന്ന് സംഘാടകർ അറിയിച്ചു.
ഖത്തറിൽ ഡിസംബർ ഒന്നു മുതൽ 18 വരെ നടക്കുന്ന അറബ് കപ്പിൽ 16 അറബ് രാജ്യങ്ങൾ പങ്കെടുക്കും. ലോകകപ്പിന് ശേഷം മേഖലയിലെ ഫുട്ബാൾ രാജാക്കന്മാരെ തെരഞ്ഞെടുക്കാനുള്ള മൽസരത്തിന്റെ ആവേശത്തിലാണ് ഖത്തറിലെ ഫുട്ബാൾ പ്രേമികൾ. ഫുട്ബാൾ ആഘോഷത്തിന്റെ ആവേശം ഖത്തറില്‍ തുടങ്ങിക്കഴിഞ്ഞു.
അതേസമയം, നവംബർ 25 ന് ദോഹയിൽ നടക്കുന്ന മത്സരത്തിൽ മോറിത്താനിയയെ കീഴ്പ്പെടുത്തിയാലേ കുവൈത്തിന് ചാമ്പ്യൻഷിപ്പിൽ യോഗ്യത നേടാനാകൂ. ഈ മത്സരത്തിൽ വിജയിച്ചാൽ ഈജിപ്ത്, ജോർഡൻ, യു.എ.ഇ എന്നിവ ഉൾപ്പെടുന്ന ഗ്രൂപ് സിയിൽ നാലാമത്തെ രാജ്യമായി കുവൈത്ത് അറബ് കപ്പിലുണ്ടാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.