Representational Image
എയർ ഇന്ത്യ എക്സ്പ്രസ് ഇനി ആഴ്ചയിൽ രണ്ടു ദിവസം; കണ്ണൂർ യാത്രക്കാർക്ക് ആശ്വാസം
കുവൈത്ത് സിറ്റി: കുവൈത്തിൽനിന്നുള്ള കണ്ണൂർ യാത്രക്കാർക്ക് ആശ്വാസം. കുവൈത്ത്-കണ്ണൂർ സെക്ടറിൽ എയർ ഇന്ത്യ എക്സ്പ്രസ് ഇനി ആഴ്ചയിൽ രണ്ടു സർവിസുകൾ ഉണ്ടാകും. നിലവിൽ വ്യാഴാഴ്ച മാത്രമാണ് സർവിസുള്ളത്. ഈ മാസം 30 മുതൽ എല്ലാ തിങ്കളാഴ്ചകളിലും ഒരു സർവിസ് കൂടി ഉണ്ടാകും. തിങ്കളാഴ്ചകളിൽ പുലർച്ചെ 4.40ന് കണ്ണൂരിൽനിന്ന് പുറപ്പെടുന്ന വിമാനം 7.40ന് കുവൈത്തിൽ എത്തും. തിരിച്ച് കുവൈത്തിൽനിന്ന് 8.40ന് പുറപ്പെട്ട് വൈകീട്ട് നാലിന് കണ്ണൂരിലെത്തും.
ആഴ്ചയിൽ രണ്ടു സർവിസുകൾ ആരംഭിക്കുന്നതോടെ കുവൈത്ത്-കണ്ണൂർ യാത്രക്കാർക്ക് ആശ്വാസമാകും. കണ്ണൂരിലേക്ക് കുവൈത്തിൽനിന്ന് ആഴ്ചയിൽ മൂന്നു ദിവസം സർവിസ് നടത്തിയിരുന്ന ഗോഫസ്റ്റ് നിലച്ചതോടെ ഈ മേഖലയിലുള്ളവരുടെ യാത്ര ദുരിതമായിരുന്നു. ആഴ്ചയിൽ ഒരു ദിവസം മാത്രമുള്ള എയർ ഇന്ത്യ എക്സ്പ്രസിന് ഉൾക്കൊള്ളാവുന്നതിലും കൂടുതലായിരുന്നു യാത്രക്കാർ. കോഴിക്കോട് ജില്ലയിലെയും കണ്ണൂരിലെയും കോയമ്പത്തൂരിലെയും യാത്രക്കാർ ആശ്രയിച്ചിരുന്നത് കണ്ണൂർ വിമാനത്താവളത്തെയായിരുന്നു. ഗോഫസ്റ്റ് സർവിസ് നിലച്ചതോടെ ബംഗളൂരു, കോഴിക്കോട്, കൊച്ചി എന്നിവിടങ്ങളിലേക്ക് ടിക്കറ്റ് സംഘടിപ്പിച്ചാണ് കഴിഞ്ഞ അവധിക്കാലത്ത് പലരും നാട്ടിലേക്ക് തിരിക്കുന്നത്.
കോഴിക്കോട് സർവിസിൽ മാറ്റം ചൊവ്വ, വെള്ളി ദിവസങ്ങളിൽ സർവിസ് ഉണ്ടാകില്ല
കുവൈത്ത് സിറ്റി: കുവൈത്തിൽനിന്ന് കോഴിക്കോട്ടേക്കും തിരിച്ചുമുള്ള എയർ ഇന്ത്യ എക്സ്പ്രസ് സർവിസ് ദിവസങ്ങളിൽ മാറ്റം. ചൊവ്വ, ശനി ഒഴികെ ആഴ്ചയിൽ അഞ്ചു ദിവസമായിരുന്നു ഇതുവരെയുള്ള സർവിസ്. നവംബർ മുതൽ ചൊവ്വ, വെള്ളി ദിവസങ്ങളിൽ വിമാനം ഉണ്ടാകില്ല. ശനിയാഴ്ചയിലെ അവധി അടുത്ത മാസം മുതൽ ശനിയാഴ്ച ആയിരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.