സൗദി ഈസ്റ്റ്-വെസ്റ്റ് പൈപ്പ്‌ലൈൻ ആക്രമണം ഊർജ്ജ വിതരണത്തിനെതിരായ നടപടി; കുവൈത്ത്
കുവൈത്ത് സിറ്റി: സൗദി അറേബ്യയിലെ ഈസ്റ്റ്-വെസ്റ്റ് പൈപ്പ്‌ലൈനിന് നേരെയുണ്ടായ ഡ്രോൺ ആക്രമണത്തെ കുവൈത്ത് ശക്തമായി അപലപിച്ചു. ഊർജ്ജ വിതരണ സുരക്ഷക്കെതിരായ ആക്രമണങ്ങളായി ഈ നടപടികളെ വിശേഷിപ്പിച്ച കുവൈത്ത് വിദേശകാര്യ മന്ത്രാലയം, മേഖലയുടെ സുരക്ഷക്കും സ്ഥിരതക്കും ഭീഷണിയാണെന്നും മുന്നറിയിപ്പ് നൽകി.
സൗദി അറേബ്യയുടെ പരമാധികാരത്തിന്റെ നഗ്നമായ ലംഘനവും അന്താരാഷ്ട്ര നിയമങ്ങളുടെയും അന്താരാഷ്ട്ര മാനുഷിക നിയമങ്ങളുടെയും ലംഘനവുമാണ് ആക്രമണം. സൗദി അറേബ്യക്കെതിരായ ആക്രമണങ്ങൾക്ക് തങ്ങളുടെ പ്രദേശം താവളമായി ഉപയോഗിക്കപ്പെടുന്നില്ലെന്ന് ഉറപ്പാക്കാനും, ആക്രമണങ്ങൾ തടയാനും ആവർത്തിക്കാതിരിക്കാനുമുള്ള നടപടികൾ സ്വീകരിക്കാൻ ഇറാഖ് സർക്കാറിനോട് കുവൈത്ത് ആവശ്യപ്പെട്ടു.
സൗദി അറേബ്യക്ക് കുവൈത്തിന്റെ പൂർണ്ണ ഐക്യദാർഢ്യം ആവർത്തിച്ച കുവൈത്ത്, പരമാധികാരം, സുരക്ഷ, സ്ഥിരത എന്നിവ സംരക്ഷിക്കുന്നതിനും തങ്ങളുടെ താൽപ്പര്യങ്ങൾ കാത്തുസൂക്ഷിക്കുന്നതിനുമായി ആ രാജ്യം സ്വീകരിക്കുന്ന എല്ലാ നടപടികൾക്കും പിന്തുണ പ്രഖ്യാപിച്ചു.
സൗദി അറേബ്യയിലെ റിയാദ്, മദീന പ്രവിശ്യകളിലൂടെ കടന്നുപോകുന്ന തന്ത്രപ്രധാനമായ ഈസ്റ്റ്-വെസ്റ്റ് എണ്ണ പൈപ്പ്‌ലൈനിന് നേരെയാണ് ഇറാഖിൽ നിന്നുള്ള ഡ്രോൺ ആക്രമണം ഉണ്ടായത്. ആക്രമണത്തിൽ ചിലർക്ക് പരിക്കേൽക്കുകയും പൈപ്പ്‌ലൈനിന് നാശനഷ്ടങ്ങൾ സംഭവിക്കുകയും ചെയ്തു. കേടുപാടുകൾ പരിഹരിക്കുന്നതിനായുള്ള സാങ്കേതിക നടപടികൾ പുരോഗമിക്കുകയാണ്. ആക്രമണത്തെ സൗദി അറേബ്യ ശക്തമായ ഭാഷയിൽ അപലപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.