കുവൈത്ത് സിറ്റി: കുവൈത്ത് -കോഴിക്കോട് സെക്ടറിൽ എയർഇന്ത്യ എക്സ്പ്രസ് വെള്ളിയാഴ്ചയും വൈകി. രണ്ടു മണിക്കൂറോളമാണ് വിമാനം വൈകിയത്. രാവിലെ ഒമ്പതിന് കോഴിക്കോട്ട് നിന്ന് കുവൈത്തിലേക്കുള്ള വിമാനം 11.12നാണ് പുറപ്പെട്ടത്. ഇതോടെ രാവിലെ 11.40ന് കുവൈത്തിൽ എത്തേണ്ട വിമാനം ഉച്ചകഴിഞ്ഞ് 1.38നാണെത്തിയത്. കോഴിക്കോട് നിന്നുള്ള വിമാനം എത്താൻ വൈകിയതോടെ തിരിച്ചുള്ള കുവൈത്ത് വിമാനവും പുറപ്പെടാൻ വൈകി. ഉച്ചക്ക് 12.40ന് കുവൈത്തിൽ നിന്ന് പുറപ്പെടേണ്ട വിമാനം 2.38നാണ് പുറപ്പെട്ടത്. രാത്രി 8.10ന് കോഴിക്കോട് എത്തേണ്ട വിമാനം ഇതോടെ 9.35നാണ് എത്തിയത്. വിമാനം വൈകിയതോടെ യാത്രക്കാർക്ക് ഏറെ സമയം വിമാനത്താവളത്തിൽ കാത്തിരിക്കേണ്ടിവന്നു.
വ്യാഴാഴ്ച കോഴിക്കോട്-കുവൈത്ത്-കോഴിക്കോട് വിമാനങ്ങൾ മണിക്കൂറുകൾ വൈകിയിരുന്നു. രാവിലെ ഒമ്പതിന് കോഴിക്കോട് നിന്നു പുറപ്പെടേണ്ട വിമാനം യാത്ര ആരംഭിച്ചത് രാത്രി 8.15നാണ്. ഉച്ചക്ക് 12.40ന് കോഴിക്കോട്ടേക്കുള്ള വിമാനം 11.55നാണ് പുറപ്പെട്ടത്. ഈ മാസം എട്ട്, ഒമ്പതു ദിവസങ്ങളിൽ എയർഇന്ത്യ ജീവനക്കാർ നടത്തിയ സമരം ആ ദിവസങ്ങളിലെ യാത്രക്കാരെ സാരമായി ബാധിച്ചിരുന്നു. തുടർന്ന് സംഭവിച്ച സർവിസിലെ താളപ്പിഴകൾ ഇതുവരെ പരിഹരിക്കപ്പെട്ടിട്ടില്ല. മിക്ക ദിവസങ്ങളിലും വിമാനം വൈകൽ ഇപ്പോൾ പതിവായിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.