കുവൈത്ത് സിറ്റി: ഇടവേളക്കുശേഷം വീണ്ടും എയർ ഇന്ത്യ എക്സ്പ്രസിന്റെ വൈകിപ്പറക്കൽ. ഞായറാഴ്ച കോഴിക്കോടു നിന്നും കുവൈത്തിലേക്കും തിരിച്ചുമുള്ള സർവിസുകൾ മൂന്നു മണിക്കൂർ വൈകി. അപ്രതീക്ഷിതമായ വിമാനം വൈകൽ യാത്രക്കാരെ പ്രയാസത്തിലാക്കി.ഞായറാഴ്ച രാവിലെ 9.15ന് കോഴിക്കോട്ടുനിന്ന് കുവൈത്തിലേക്ക് പുറപ്പെടേണ്ട വിമാനം 12.56നാണ് പുറപ്പെട്ടത്. ഇതോടെ 11.55ന് കുവൈത്തിൽ എത്തേണ്ട വിമാനം 3.06നാണ് എത്തിയത്. കുവൈത്തിൽ വിമാനം എത്താൻ വൈകിയത് തിരിച്ചുള്ള സർവിസിനെയും ബാധിച്ചു.
ഉച്ചക്ക് 12.55ന് കുവൈത്തിൽനിന്ന് കോഴിക്കോട്ടേക്ക് പുറപ്പെടേണ്ട വിമാനം മൂന്നു മണിക്കൂർ വൈകി 4.11നാണ് പുറപ്പെട്ടത്. രാത്രി 12 മണിയോടെയാണ് വിമാനം കോഴിക്കോട്ടെത്തിയത്. പതിവായി രാത്രി 8.25ന് കോഴിക്കോട് എത്തേണ്ട വിമാനമാണിത്.വിമാനം പുറപ്പെടുന്ന സമയം കണക്കാക്കി വിമാനത്താവളത്തിൽ എത്തിയവരെ മണിക്കൂർ നീണ്ട വൈകൽ ദുരിതത്തിലാക്കി. സ്ത്രീകളും കുട്ടികളുമടക്കമുള്ള യാത്രക്കാർ ദീർഘനേരം വിമാനത്താവളത്തിൽ കാത്തിരിക്കേണ്ടിവന്നു.
വ്യാഴാഴ്ചയും കോഴിക്കോട് സർവിസ് വൈകിയിരുന്നു. ഓണാഘോഷത്തിന് നാട്ടിലെത്താൻ ടിക്കറ്റ് എടുത്തവരെ വലച്ച് കോഴിക്കോട്ടേക്കുള്ള വിമാനം ഒന്നര മണിക്കൂറോളമാണ് വൈകിയത്. നേരത്തേ വൈകി പുറപ്പെടലും റദ്ദാക്കലും പതിവായിരുന്ന എയർഇന്ത്യ എക്സ്പ്രസിന് അടുത്തിടെ ഇത്തരം പ്രശ്നം ഉണ്ടായിരുന്നില്ല. എന്നാൽ ഒരാഴ്ചക്കിടെയുണ്ടായ രണ്ടാം വൈകൽ യാത്രക്കാരെ നിരാശപ്പെടുത്തുന്നതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.