കുവൈത്ത് സിറ്റി: ജൂലൈ ഒന്നു മുതൽ പ്രാബല്യത്തിൽ വരുന്ന എക്സിറ്റ് പെർമിറ്റിന് അപേക്ഷിച്ചവർ നിരവധി. ഇതിനകം ഏകദേശം 21,900 എക്സിറ്റ് പെർമിറ്റുകൾ നൽകിയതായി പബ്ലിക് അതോറിറ്റി ഫോർ മാൻപവറിനെ ഉദ്ധരിച്ച് അറബ് ടൈംസ് റിപ്പോർട്ടു ചെയ്തു. ജൂലൈ ആദ്യം നിയന്ത്രണം ഔദ്യോഗികമായി പ്രാബല്യത്തിൽ വരുമ്പോഴേക്കും എണ്ണം ഇരട്ടിയാകുമെന്ന് പ്രതീക്ഷിക്കുന്നു.
ജൂലൈ ഒന്നു മുതൽ സ്വകാര്യ മേഖലയിലെ പ്രവാസി തൊഴിലാളികൾ കുവൈത്ത് വിടുന്നതിന് മുമ്പ് തൊഴിലുടമകളിൽനിന്ന് എക്സിറ്റ് പെർമിറ്റ് നേടൽ അനിവാര്യമാണ്. വിമാനത്തവളങ്ങളിലും അതിർത്തി ചെക്പോസ്റ്റുകളിലും എക്സിറ്റ് പെർമിറ്റ് സമർപ്പിക്കലും നിർബന്ധമാകും. എക്സിറ്റ് പെർമിറ്റിന്റെ പ്രിന്റ് കോപിയോ 'സഹൽ' ആപ് വഴി ഡിജിറ്റലായോ ഇവ ഉദ്യോഗസ്ഥരെ കാണിക്കാം.
പെർമിറ്റിന് തൊഴിലുടമകൾ അംഗീകാരം നൽകണം എന്നതിനാൽ തൊഴിലാളികൾ യാത്രാതീയതിക്ക് വളരെ മുമ്പുതന്നെ അപേക്ഷകൾ സമർപ്പിക്കുന്നത് നല്ലതാണ്. അടിയന്തര സാഹചര്യങ്ങളിൽ അംഗീകാരം വേഗത്തിലാക്കാൻ തൊഴിലുടമകളുമായി ആശയവിനിമയം നടത്തണം. അല്ലാത്ത പക്ഷം എക്സിറ്റ് പെർമിറ്റില്ലാത്തതിനാൽ യാത്ര മുടങ്ങാം. ഒരു പ്രവാസി തൊഴിലാളിക്ക് പ്രതിവർഷം ലഭിക്കുന്ന എക്സിറ്റ് പെർമിറ്റുകളുടെ എണ്ണത്തിന് പരിധിയില്ല. എന്നാൽ യാത്രകൾ തൊഴിലുടമയുടെ അംഗീകാരത്തോടെ ആയിരിക്കണം.
സാധുവായ കാരണമില്ലാതെ തൊഴിലുടമ മനഃപൂർവ്വം പെർമിറ്റ് തടസ്സപ്പെടുത്തുകയോ നിരസിക്കുകയോ ചെയ്താൽ തൊഴിലാളികൾക്ക് ബന്ധപ്പെട്ട ലേബർ റിലേഷൻസ് യൂനിറ്റിൽ പരാതി നൽകാൻ അവകാശമുണ്ടെന്ന് പബ്ലിക് അതോറിറ്റി ഫോർ മാൻപവർ വ്യക്തമാക്കി. പരാതി പരിഹരിക്കുന്നതിനുള്ള നിയമപരമായ നടപടിക്രമങ്ങൾ തുടർന്ന് സ്വീകരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.