പങ്കുവെക്കലിന്‍െറ നല്ല പാഠങ്ങളുമായി ‘സാന്ത്വനം’ ഓണാഘോഷം

കുവൈത്ത് സിറ്റി: അനാഥത്വത്തിന്‍െറ വ്യഥകള്‍ക്കുമേല്‍ പങ്കുവെക്കലിന്‍െറ നല്ല പാഠങ്ങളുമായി സാന്ത്വനം കുവൈത്ത് ഓണാഘോഷം. വയനാട് മുതല്‍ തിരുവനന്തപുരം വരെ കേരളത്തിലെ പതിമൂന്നിടങ്ങളിലെ അഗതിമന്ദിരങ്ങളിലും അനാഥാലയങ്ങളിലും ആതുരാലയങ്ങളിലും ആദിവാസി തോട്ടം മേഖലയിലെ തൊഴിലാളികള്‍ക്കും സദ്യയൊരുക്കിയും സഹായം നല്‍കിയുമായിരുന്നു ആഘോഷം. 
കേരളത്തിലെ ഏറ്റവും പഴക്കംചെന്ന കുഷ്ഠരോഗാശുപത്രിയായ ആലപ്പുഴ നൂറനാട് ലെപ്രസി സെന്‍ററിലെ രോഗികള്‍ക്ക് ഓണസദ്യ ഒരുക്കിയാണ് പരിപാടികള്‍ക്ക് തുടക്കം കുറിച്ചത്. പ്രതിമാസ തുടര്‍ചികിത്സാ സഹായത്തിന്‍െറ ഗുണഭോക്താക്കളായ 46ഓളം രോഗികള്‍ക്ക് 1000 രൂപവീതം ഓണത്തിന് അധികമായി നല്‍കി. 
വയനാട്ടിലെ തോട്ടം മേഖലയായ തേറ്റമലയില്‍ ഒറ്റപ്പെട്ടുതാമസിക്കുന്ന മൂന്ന് ആദിവാസി ഊരുകളിലെ മുഴുവന്‍ കുടുംബങ്ങള്‍ക്കും മൂപ്പന്‍ വില്ലന്‍െറ സാന്നിധ്യത്തില്‍ ഓണസദ്യ നല്‍കി. കണ്ണൂര്‍ പാനേരിയിലെ ശാന്തിദീപം സ്പെഷല്‍ സ്കൂളിലെ വിദ്യാര്‍ഥികള്‍ക്കും പാലക്കാട് ജില്ലയിലെ കരിമ്പുഴ അന്ധവിദ്യാലയത്തിലും കോഴിക്കോട് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രം, കൊല്ലം കരീപ്ര ഗാന്ധിഭവന്‍ ശരണാലയം, കോഴിക്കോട് ജില്ലയിലെ ഗ്രെയിസ് പാലിയേറ്റിവ് കേന്ദ്രം എന്നിവിടങ്ങളിലെ ആയിരത്തിലധികം അന്തേവാസികള്‍ക്കും കുട്ടികള്‍ക്കും സദ്യയൊരുക്കി. ഇടുക്കി ജില്ലയിലെ ചിന്നക്കനാലില്‍ എണ്‍പതേക്കര്‍ ആദിവാസി ഊരുകളിലെ 36ഓളം കുട്ടികള്‍ക്ക് പഠനമേശയും കസേരയും നല്‍കി. പത്തനാപുരം ഗാന്ധിഭവനിലെ ഓണസദ്യയില്‍ 1200ല്‍ അധികം അന്തേവാസികളുടെ പങ്കാളിത്തം ശ്രദ്ധേയമായിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.