ശൈഖ് ജാബിര്‍ അല്‍ മുബാറക് അസ്സബാഹ് പ്രധാനമന്ത്രിയായി തുടരും

കുവൈത്ത് സിറ്റി: കുവൈത്തില്‍ ശൈഖ് ജാബിര്‍ അല്‍ മുബാറക് അല്‍ ഹമദ് അസ്സബാഹ് പ്രധാനമന്ത്രിയായി തുടരും. അമീര്‍ ശൈഖ് സബാഹ് അല്‍ അഹ്മദ് അല്‍ ജാബിര്‍ അസ്സബാഹ് ബുധനാഴ്ച അദ്ദേഹത്തോട് പ്രധാനമന്ത്രിയായി തുടരാന്‍ ആവശ്യപ്പെട്ടു. ഇനി പ്രധാനമന്ത്രി മന്ത്രിസഭ രൂപവത്കരിച്ച് മന്ത്രിമാരുടെ പേരുകള്‍ അമീറിന്‍െറ അനുമതിക്കായി സമര്‍പ്പിക്കും. ബുധനാഴ്ച അമീര്‍ പിരിച്ചുവിട്ട പാര്‍ലമെന്‍റിലെ സ്പീക്കര്‍ മര്‍സൂഖ് അല്‍ ഗാനിം, മുന്‍ പ്രധാനമന്ത്രി ശൈഖ് നാസര്‍ അല്‍ മുഹമ്മദ് അല്‍ ഹമദ് അസ്സബാഹ്, ശൈഖ് ജാബിര്‍ അല്‍ മുബാറക് അല്‍ ഹമദ് അസ്സബാഹ് എന്നിവരെ ബയാന്‍ പാലസില്‍ സ്വീകരിച്ചു. മന്ത്രിസഭാ രൂപവത്കരണത്തിന് മുന്നോടിയായി കൂടിയാലോചനക്ക് എത്തിയതാണിവര്‍.

കുവൈത്ത് ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 57 പ്രകാരം പുതിയ പാര്‍ലമെന്‍റ് വരുമ്പോള്‍ മന്ത്രിസഭ രാജിവെച്ച് പുനര്‍രൂപവത്കരിക്കേണ്ടതുണ്ട്. ഇതനുസരിച്ച് തിങ്കളാഴ്ച പ്രധാനമന്ത്രി അമീറിന് രാജി സമര്‍പ്പിച്ചിരുന്നു. ഡിസംബര്‍ 11നാണ് പുതിയ പാര്‍ലമെന്‍റിന്‍െറ ആദ്യയോഗം. ഇതിന് മുമ്പ് മന്ത്രിസഭ രൂപവത്കരിക്കണം. രാജിവെച്ചെങ്കിലും ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 103 പ്രകാരം പുതിയ മന്ത്രിസഭ രൂപവത്കരിക്കുന്നത് വരെ നിലവിലെ മന്ത്രിമാര്‍ തല്‍സ്ഥാനത്ത് തുടരും.

Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.