കുവൈത്ത് സിറ്റി: വിവിധ നിയമലംഘനങ്ങൾ നടത്തി രാജ്യത്ത് തുടരുന്നവരെ പിടികൂടാന്‍ പരിശോധന കര്‍ശനമാക്കി ആഭ്യന്തര മന്ത്രാലയം. ഈ വർഷം ഇതുവരെയുള്ള കാലയളവിൽ വിവിധ നിയമലംഘനങ്ങൾ നടത്തിയ 11,000 പ്രവാസികളെ നാടുകടത്തിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. പുരുഷന്മാരും സ്ത്രീകളും നാടുകടത്തിയവരിൽ ഉൾപ്പെടും.
കടുത്ത നിയമലംഘനങ്ങൾക്ക് അറസ്റ്റിലായവരെയാണ് നാടുകടത്തിയത്. വിവിധ കുറ്റകൃത്യങ്ങൾ, നിയമലംഘനങ്ങൾ, വിസ കാലാവധി കഴിഞ്ഞും കുവൈത്തിൽ തുടരുന്നവർ എന്നിങ്ങനെ നാടുകടത്തപ്പെട്ടവരിൽ ഉൾപ്പെടുന്നു. മയക്കുമരുന്ന് ദുരുപയോഗം, വഴക്കുകൾ, മോഷണങ്ങൾ, മദ്യം ഉൽപാദിപ്പിക്കൽ തുടങ്ങിയ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടവരെയും നാടുകടത്തി. റെസിഡൻസി നിയമലംഘകരാണ് നാടുകടത്തിയവരിൽ ഭൂരിഭാഗവും. ഇതില്‍ ഭൂരിപക്ഷവും ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ളവരാണ്. അനധികൃത താമസക്കാരെ കണ്ടെത്താൻ പരിശോധന വ്യാപകമാക്കിയിട്ടുണ്ട്. കഴിഞ്ഞ വർഷം 30,000 പ്രവാസികളെ കുവൈത്തിൽനിന്ന് നാടുകടത്തിയിരുന്നു. ഇതിൽ 17,000 പുരുഷന്മാരും 13,000 സ്ത്രീകളും ഉൾപ്പെടുന്നു. പുരുഷന്മാരിൽ ഭൂരിഭാഗവും ഇന്ത്യക്കാരാണ്. 6,400 ഇന്ത്യൻ പുരുഷന്മാരെ കഴിഞ്ഞ വർഷം രാജ്യത്തിന് പുറത്താക്കി. ബംഗ്ലാദേശികൾ (3,500), ഈജിപ്തുകാർ (3,000) എന്നിങ്ങനെയാണ് മറ്റുള്ളവർ. നാടുകടത്തപ്പെട്ട സ്ത്രീകളിൽ ഭൂരിഭാഗവും ഫിലിപ്പീനോകളാണ്. ഈ രാജ്യത്തുനിന്നുള്ള 3,000 പേർ പുറത്തായി. ശ്രീലങ്ക (2,600) ഇന്ത്യ (1,700), ഇത്യോപ്യ (1,400) എന്നിങ്ങനെയാണ് മറ്റു കണക്കുകൾ.
അതേസമയം, പരിശോധന കാമ്പയിനുകള്‍ തുടരുമ്പോഴും രാജ്യത്തെ താമസ ലംഘകരുടെ എണ്ണം വർധിക്കുന്നതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. സ്വദേശി വീടുകളുമായി ബന്ധപ്പെട്ട് ജോലി ചെയ്യുന്ന ഖാദിം വിസക്കാരാണ് ഇതില്‍ കൂടുതല്‍. രാജ്യത്തെ ജനസംഖ്യ അസന്തുലിതത്വം പരിഹരിക്കൽ, തൊഴിൽ വിപണി ശുദ്ധീകരണം എന്നിവയുടെ ഭാഗമായാണ് നാടുകടത്തൽ ശക്തമാക്കിയത്.
ഉപ പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് തലാൽ അൽ ഖാലിദ് അസ്സബാഹ് ഇക്കാര്യത്തിൽ കർശന നിർദേശം നൽകിയതായി ആഭ്യന്തര മന്ത്രാലയം അണ്ടർ സെക്രട്ടറി ലെഫ്റ്റനന്റ് ജനറൽ അൻവർ അൽ ബർജസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.