നോമ്പ് എന്നത് പ്രഭാതം മുതൽ പ്രദോഷം വരെ അന്നപാനീയങ്ങളും ലൈംഗികഭോഗവും ഉപേക്ഷിക്കുന്നതിന്റെ പേരാണ്. ഇതാണ് നോമ്പിന്റെ നിർവചനവും അതിന്റെ ശരീരവും. നിർവചനത്തിൽ അത് ഒരു ഉപവാസം മാത്രമായിരിക്കാം.. എന്നാൽ ഫലത്തിൽ അത് മനുഷ്യനെ തന്റെ ആസക്തികളോടു നേരിടാൻ പഠിപ്പിക്കുന്ന പരിശീലനമാണ്.
തനിക്കേറ്റവും ആസക്തിയുള്ള രുചിയെ (ഉദാ: മധുരം) നിയന്ത്രിക്കാൻ ഒരാൾക്ക് സാധിച്ചാൽ മറ്റേത് ഭക്ഷണവും നിയന്ത്രിക്കാനും സന്തുലിതമായി ക്രമീകരിക്കാനും അയാൾക്ക് കഴിയുന്നു. എന്നത് പോലെ, മനുഷ്യന്റെ ജീവിതത്തിലെ വലിയ ആസ്കതികളായ ലൈംഗികതയേയും ആഹാര പാനീയങ്ങളെയും പരിധികൾക്കുള്ളിൽ നിയന്ത്രിച്ച് നിർത്താൻ സാധിച്ചാൽ അവൻ ഏറ്റവും അച്ചടക്കമുള്ള ജീവിയായി മാറും. അത് വ്യക്തിയിലും സമൂഹത്തിലും വലിയ സൽഫലങ്ങൾ ഉണ്ടാക്കുന്നു. ജീവിത ശൈലിയിലും ധാർമിക-നൈതിക രംഗങ്ങളിലും അത് അതുല്യമായ നന്മ സൃഷ്ടിക്കുന്നു. ആഗ്രഹത്തെ നിയന്ത്രിക്കാനുള്ള ശക്തിയാണ് ആരോഗ്യത്തിന്റെ അടിസ്ഥാനം. നോമ്പ് ആ ശക്തിയെ പരിശീലിപ്പിക്കുന്നു.
ഭക്ഷണവും ലൈംഗികതയും മനുഷ്യജീവിതത്തിലെ സ്വാഭാവിക ആവശ്യങ്ങളാണ്. എന്നാൽ നിയന്ത്രണം നഷ്ടപ്പെട്ടാൽ ഏറ്റവും കൂടുതൽ ചൂഷണങ്ങളും സാമൂഹിക വിരുദ്ധതകളും ഉണ്ടാകുന്നത് ഇതേ രണ്ടു മേഖലകളിലാണ്. അമിതഭോഗവും അധാർമികതയും സമൂഹത്തിന്റെ സമതുലിതാവസ്ഥ തകർക്കുന്നു.
അതുകൊണ്ട് റമദാൻ വിശപ്പിന്റെ കഥയല്ല; അത് നിയന്ത്രണത്തിന്റെ പഠനമാണ്. ഉള്ളിലെ ആഗ്രഹങ്ങളെ നിയന്ത്രിക്കാൻ കഴിയുന്ന മനുഷ്യനാണ് സമൂഹത്തെയും സ്വയംതന്നെയും നയിക്കാൻ കഴിയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.