മനാമ: വിദേശ തൊഴിലാളികളുടെ കാലാവധി കഴിഞ്ഞ വർക്ക് പെർമിറ്റുകൾ പുതുക്കുന്നതിന് പിഴ ഈടാക്കുന്നതിന് മുമ്പ് തൊഴിലുടമകൾക്ക് 30 ദിവസത്തെ അധിക ഗ്രേസ് പീരിയഡ് അനുവദിക്കാനുള്ള നിയമനിർമാണ നിർദേശം ശൂറ കൗൺസിൽ തള്ളി. ഈ നടപടി അനാവശ്യമാണെന്നും നിലവിലെ ലേബർ മാർക്കറ്റ് നിയന്ത്രണങ്ങളെ ദുർബലപ്പെടുത്തുമെന്നും കൗൺസിലിന്റെ സർവിസ് കമ്മിറ്റി അഭിപ്രായപ്പെട്ടു.
ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി 2006ലെ ആർട്ടിക്കിൾ (26)ൽ ഭേദഗതി വരുത്തി പാർലമെന്റ് സമർപ്പിച്ച ഈ നിർദേശം, വർക്ക് പെർമിറ്റ് കാലാവധി കഴിഞ്ഞ ഉടൻ ചുമത്തുന്ന പിഴകൾ ലഘൂകരിക്കുന്നതിനും ബിസിനസ് പ്രവർത്തനങ്ങളിലെ തടസ്സങ്ങൾ ഒഴിവാക്കുന്നതിനും ലക്ഷ്യമിട്ടിരുന്നു.
നിയമനിർമാണ നിദേശം തള്ളിയതിനുള്ള പ്രധാന കാരണങ്ങൾ ശൂറ കൗൺസിൽ അംഗങ്ങൾ വിശദീകരിച്ചു. ഈ ഭേദഗതിയുടെ ലക്ഷ്യങ്ങൾ നിലവിൽതന്നെ പരിഹരിക്കപ്പെടുന്നുണ്ടെന്നാണ് കമ്മിറ്റി റിപ്പോർട്ടർ ഡോ. ഇബ്തിസാം അൽ ദല്ലാൽ വിശദീകരിച്ചത്. സർക്കാർ നിരന്തരം തൊഴിൽ നിയമങ്ങൾ അവലോകനം ചെയ്യുന്നുണ്ടെന്നും കഴിഞ്ഞവർഷം ഘട്ടംഘട്ടമായുള്ള ഒത്തുതീർപ്പുകൾ അവതരിപ്പിച്ചെന്നും നിയമകാര്യ മന്ത്രിയും ആക്ടിങ് തൊഴിൽ മന്ത്രിയുമായ യൂസുഫ് ഖലഫ് പറഞ്ഞു.
30 ദിവസത്തെ ഇളവ് നൽകുന്നത് ദുരുപയോഗത്തിന് വഴിതുറക്കുകയും പരിശോധന ടീമുകൾക്ക് അധിക സമ്മർദമുണ്ടാക്കുകയും ചെയ്യുമെന്ന് ശൂറ കൗൺസിൽ രണ്ടാം വൈസ് ചെയർപേഴ്സൺ ഡോ. ജിഹാദ് അൽ ഫാദിലും കൂട്ടിച്ചേർത്തു. നിയമലംഘനം വർധിപ്പിക്കാനും നിയമപാലനം കൂടുതൽ സങ്കീർണമാക്കാനും സാധ്യതയുള്ള കൂടുതൽ ഭേദഗതികൾ ബഹ്റൈന്റെ തൊഴിൽ വിപണിയുടെ സ്ഥിരതയെയും മത്സരശേഷിയെയും പിന്തുണക്കുന്നതിന് പകരം ദുർബലപ്പെടുത്തും എന്ന നിയമനിർമാണപരമായ സമവായമാണ് ഈ തീരുമാനം പ്രതിഫലിപ്പിക്കുന്നതെന്നും എതിർത്ത അംഗങ്ങൾ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.