സുദീർഘമായ കാൽ നൂറ്റാണ്ടിലധികമായ പ്രവാസ ജീവിതത്തിന് വിരാമമിട്ടു അയാൾ സ്വദേശത്തേക്കു മടങ്ങിയിട്ടു അധിക നാളുകളായിട്ടില്ല. ഊഷര ഭൂമികയിലേക്ക് ചേക്കേറുന്നതിനു മുമ്പുള്ള പൂർവകാലം അതേ ഊറ്റത്തിലും തീവ്രതയിലും തിരിച്ചു പിടിക്കുക അസാധ്യമാണെങ്കിലും അത് ഇത്തിരിയെങ്കിലും ശിഷ്ട സ്വദേശ ജീവിതത്തിൽ പുനരാവിഷ്കരിക്കാൻ കഴിയണമെന്നൊരാഗ്രഹവും പദ്ധതിയും അയാൾക്കുണ്ടായിരുന്നു. അതിനുവേണ്ടി ആദ്യഘട്ടമെന്ന നിലയിൽ അയാൾ ചെയ്തത് ടാക്സി ഓടുവാൻ ഒരു ജീപ്പ് സംഘടിപ്പിക്കുക എന്നുള്ളതായിരുന്നു .
അന്നും ജീപ്പ് തന്നെയായിരുന്നല്ലോ അയാൾ ഓടിച്ചുകൊണ്ടിരുന്നത് .പട്ടണത്തിൽനിന്ന് മലയോരമേഖലയിലെ ഗ്രാമത്തിലേക്ക് ജീപ്പ് ട്രിപ്പടിക്കുന്ന സമ്പ്രദായം വർഷങ്ങളോളമായി നിലവിലുണ്ടെങ്കിലും മിക്കവരും ഇരുചക്രവാഹനയുടമകളായതോടെ അതിന്റെ സജീവത കുറഞ്ഞിരുന്നെങ്കിലും തുടർന്നുപോന്നിരുന്നു.
അയാളെ സംബന്ധിച്ച് ആ തൊഴിലിൽനിന്ന് ലഭിക്കുന്ന വരുമാനം മാത്രമായിരുന്നില്ല ലക്ഷ്യം, മറിച്ചു പണ്ട് ഓളപ്പരപ്പിനും മീതെ പറക്കുന്നതിനും മുമ്പേ അതിരാവിലെ മുതൽ അർദ്ധരാത്രിവരെ നീളുന്ന ടാക്സി സ്റ്റാൻഡ് ജീവിതത്തിന്റെ പുനരാവിഷ്കാരവും അതിന്റെ ആനന്ദവും ആഹ്ലാദവും തന്നെയായിരുന്നു.
മുമ്പ് ഒരു രാഷ്ട്രീയ പാർട്ടിയുടെ സജീവ പ്രവർത്തകനായിരുന്നു അയാൾ. അതിന്റെ ഭാഗമായി സംഭവിച്ച വലിയൊരു സംഘട്ടനത്തിന്റെ ഫലമായി ജീവൻതന്നെ നഷ്ടപ്പെടാൻ സാധ്യതയുണ്ടെന്ന ഘട്ടമെത്തിയപ്പോഴാണ് രാഷ്ട്രീയ ജീവിതത്തിൽനിന്നയാൾ പ്രവാസവനവാസം തിരഞ്ഞെടുത്തത്. നാടുമായി യാതൊരു ബന്ധവുമില്ലാത്ത വർഷങ്ങൾ..
നാട്ടിലെത്തിയാൽ വെട്ടിക്കൊല്ലാൻ തക്കം പാർത്തുനടക്കുന്ന രാഷ്ട്രീയ ശത്രുക്കൾ ആ രാഷ്ട്രീയ വൈരത്തിന്റെ ഇരകളും വേട്ടക്കാരുമെല്ലാം കാലക്രമേണ എങ്ങനെയൊക്കെയോ എങ്ങോട്ടൊക്കെയോ ചിതറിത്തെറിച്ചിരുന്നു . ചിലരൊക്കെ ജീവിതത്തിൽനിന്ന് തന്നെ പിൻവാങ്ങിയിരുന്നു. അതുകൊണ്ടു ഈ പുതുജീവിതം അയാൾക്കേറെ ആസ്വാദ്യകരമായിരുന്നു.
ഒരുനാൾ രാവിലെ തന്റെ ജീപ്പുമായിയാത്രക്കാരെയും കാത്തുകൊണ്ടയാൾ ഒരു ബീഡികത്തിച്ചു ആസ്വദിച്ച് പുക ഉള്ളിലേക്കെടുത്തു പുറത്തേക്കു വിട്ടു ഇളം നീല നിറത്തിലൊരു ധൂമവലയത്തിനു ശ്രമിക്കുകയായിരുന്നു. അപ്പോഴാണ് ഫോണിൽ ഒരു വിളി വരുന്നത്. അപരിചിത നമ്പറിൽനിന്നാണ്. അയാൾ ഫോണെടുത്തു.
ഹലോ എടവലത്ത് സന്തോഷാണോ ?
ഇത്തിരി ഗൗരവമുള്ളൊരു പെൺ ശബ്ദമാണ് മറുപുറത്തു
അതെ, ആരാ മനസ്സിലായില്ലല്ലോ?
എന്റെ പേര് പറഞ്ഞാലും മനസ്സിലാവില്ല അതുകൊണ്ടു പറയുന്നില്ല.
നമുക്കൊന്ന് നേരിൽ കാണണമല്ലോ
അവൾ പറഞ്ഞു
അതിപ്പോ ഒരുപരിചയവുമില്ലാത്ത പേരുപോലും വെളിപ്പെടുത്താൻ ആഗ്രഹിക്കത്തൊരു സ്ത്രീ നേരം വെളുത്തപാടെ ഫോണിൽ വിളിച്ചിട്ട് നമുക്കൊന്ന് കാണണമല്ലോ എന്നൊക്കെ പറഞ്ഞാൽ ഞാനെന്താണ് മറുപടി പറയുക .ആദ്യമായി സ്വന്തമായൊരു പേരും മുഖവും മേൽവിലാസവുമുണ്ടാക്കിക്കൊണ്ടു വാ..
അയാൾക്ക് ദേഷ്യം വരുന്നുണ്ടായിരുന്നു
ചൂടാകാതെ മാഷേ ചൂടാകാതെ ഞാനിനിയും വിളിക്കും..
കോൾ കട്ടായ ഫോണിലേക്കയാൾ അമ്പരപ്പോടെ നോക്കി .
ആരായിരിക്കും അത് പേരും വീട്ടുപേരും മനസ്സിലാക്കിയൊരാൾ !! പണ്ട് ടാക്സി സ്റ്റാൻഡിൽ ഡ്രൈവറായിരുന്ന കാലത്തു താൽക്കാലിക പ്രണയപ്പനിയിൽ അകപ്പെട്ട പലരും നിമിഷങ്ങൾകൊണ്ട് അയാളുടെ ഓർമകളിലൂടെ കയറിയിറങ്ങിപ്പോയി. പക്ഷേ, അവരാരും ഇത്രയും സുദീർഘമായൊരു കാലത്തിനുശേഷം.
രണ്ടുനാൾ കടന്നുപോയി ഇത്തവണ യാത്രക്കാരെ ഇറക്കി അവരിൽനിന്ന് രാത്രാക്കൂലി ശേഖരിക്കുമ്പോഴാണ് അജ്ഞാതയുടെ രണ്ടാമത്തെ വിളിയെത്തുന്നത് . തിരക്കിലായിരുന്നതുകൊണ്ടായാൾ ആ കോൾ ശ്രദ്ധിച്ചതേയില്ല . കുറച്ചു കഴിഞ്ഞു പണമെല്ലാം തിട്ടപ്പെടുത്തി കഴിഞ്ഞപ്പോഴാണ് അടുത്ത കോൾ
ഹലോ കലക്ഷനൊക്കെ റെഡിയല്ലേ ആരും പറ്റിച്ചുപോയില്ലല്ലോ .അതിരിക്കട്ടെ നമ്മളെന്നാണ് കാണുന്നത് ?
ഒരുനിമിഷം അയാൾ ജാഗരൂകനായി അവൾ അടുത്തെവിടെയോ ഉണ്ട് തന്റെ ചലനങ്ങൾ അനുനിമിഷം സൂക്ഷ്മതയോടെ വീക്ഷിക്കുകയാണവൾ.
ആരാടീ നീ എവിടെയാണുള്ളത് ഫോണിൽ ചെലക്കാതെ മുമ്പിൽ വാടീ..
അയാളൊരു നിമിഷം മറുവശത്തൊരു സ്ത്രീയാണെന്നതൊക്കെ വിസ്മരിച്ചു തനി കൂതറയായി ...
അവൾ പെട്ടെന്ന് കോൾ കട്ടുചെയ്തു .
ഇതങ്ങനെ വിട്ടാൽ പറ്റില്ലല്ലോ പക്ഷേ, ആരാണെന്നറിയാനുള്ള ഒരു വിദൂര സൂചനപോലുമില്ലാതെ എവിടെ തപ്പും. സൈബർ പൊലീസിലറിയിച്ചാലോ
അയാളൊരു നിമിഷം ആലോചിച്ചു .
അതുവേണ്ട പഴയകാലകേസുകൾ ഏതെങ്കിലുമുണ്ടെങ്കിൽ അവന്മാർക്കതു കുത്തിപ്പൊക്കാനും എളുപ്പമാകും .
അയാൾ ആ ചിന്ത വെടിഞ്ഞു .
രണ്ടുമൂന്നു നാളുകൾക്കുശേഷം മൂന്നാം തവണയും അജ്ഞാതയുടെ ഫോൺകോൾ വന്നപ്പോഴാണ് വിഷയം ഇത്തിരി ഗൗരവമേറിയതാണെന്നയാൾക്കു തോന്നിയത്. അതുകൊണ്ടു കരുതലോടെയാണ് അയാൾ ഫോണെടുത്തത് .
ഹലോ എന്നെ കണ്ടുപിടിക്കാൻ കഴിഞ്ഞോ ? അയാൾ മറുപടിയൊന്നും പറഞ്ഞില്ല
നമുക്കൊന്ന് നേരിൽ കാണണ്ടേ?
അവൾ വീണ്ടും ചോദിച്ചു .
വേണോ?
എന്നൊരു മറുചോദ്യമാണയാൾ ചോദിച്ചത് ..
വേണം ആവശ്യം എന്റേതാണല്ലോ..അവൾ പറഞ്ഞു ..
ശരി കണ്ടുകളയാം എപ്പോൾ എവിടെവെച്ച്? അറിയിച്ചാൽ മതി
അയാളുടെ ശബ്ദം ദുർബലമയിരുന്നു ..
ശരി നാളെ വൈകീട്ട് നാലരയ്ക്ക് ഗാന്ധിപാർക്കിൽ വരാൻ കഴിയുമോ?
ശരി വരാം
അപ്പോൾ ജീപ്പ് ആരെ ഏൽപിക്കും ?
അതിനൊക്കെ എനിക്കാളുണ്ട് .
ശരി എങ്കിൽ നാളെ വൈകീട്ട് ഗാന്ധിപാർക്കിൽ കാണാം..അവൾ ഫോൺ കട്ടുചെയ്തു .
അപ്പോൾമുതൽ അയാൾ ആദ്യമായി പ്രണയത്തിലകപ്പെട്ടൊരു പതിനെട്ടുകാരന്റെ മനസികാവസ്ഥയിലേക്കെത്താൻ തുടങ്ങിയിരുന്നു .
ജീപ്പിൽ കയറാൻ വരുന്ന യുവതികളെ അയാൾ അവരറിയാതെ വീക്ഷിക്കാൻ തുടങ്ങി . അസ്വാഭാവികമായൊരു നോട്ടം എവിടെ നിന്നെങ്കിലും തനിക്കുനേരെ പാളിവരുന്നുണ്ടോ? അന്നയാൾക്ക് നിദ്രാവിഹീന രാത്രിയായിരുന്നു..
നിങ്ങൾക്കിതെന്തുപറ്റി ?
ഭാര്യയുടെ ചോദ്യത്തിനയാൾക്ക് വ്യക്തമായ ഉത്തരമില്ലായിരുന്നു
പിറ്റേന്ന് പ്രിയസുഹൃത്ത് കരിങ്കണ്ണിയെന്ന ഇരട്ടപ്പേരുള്ള സുനിയെ ട്രിപ്പെടുക്കാൻ ഏർപ്പാടാക്കി . അജ്ഞാതയുടെ കാര്യം കരിങ്കണ്ണിയിൽനിന്ന് മറച്ചുവെക്കാനാണ് അയാൾക്ക് തോന്നിയത്. അത് അവന്റെ നാവ് ആ രഹസ്യത്തിന്റ നൂറു കോപ്പിയടിക്കും എന്ന ബോധ്യം കൊണ്ടായിരുന്നു ..
മൂന്നു മണിയായപ്പോൾ അയാൾ പട്ടണത്തിലേക്കു പുറപ്പെട്ടു. ഒരു ഓട്ടോ വിളിച്ച് ഗാന്ധിപാർക്കിൽ ഇറങ്ങുമ്പോൾ നാലരക്ക് അഞ്ചുമിനിറ്റ് ബാക്കി . ഓട്ടോ പറഞ്ഞുവിട്ടു വിജനമായൊരു വാകമരച്ചോട്ടിൽ അയാൾ ഇരുന്നു. അടുത്തുവന്ന കപ്പലണ്ടിക്കച്ചവടക്കാരനിൽനിന്ന് രണ്ടുകൂടു കപ്പലണ്ടി വാങ്ങിക്കരുതാനും അയാൾ മറന്നില്ല. ഇതിനിടെ ഒന്നുരണ്ടുതവണ ഫോണിലേക്കു വിളിവന്നിട്ടുണ്ടോ എന്നുമയാൾ നോക്കി .ഇല്ല അവൾ വിളിച്ചിട്ടേയില്ല
അയാൾ ചുറ്റും നോക്കിക്കൊണ്ടിരുന്നു. മുപ്പത് പിന്നിട്ടൊരു മെലിഞ്ഞ സ്ത്രീ കണ്ണുകൾ ചുറ്റും പതറിപ്പതറി പായിച്ചു പരിഭ്രമത്തിൽ സാരിത്തലപ്പുകൊണ്ട് മുഖം തുടച്ചു കടന്നുവരുന്നുണ്ടോ ...
ആ ചിത്രം മൂന്നാലു നാളുകൊണ്ടു അയാൾ സങ്കൽപിച്ചു വെച്ചതായിരുന്നു..
സമയം കടന്നുപോയ്ക്കൊണ്ടിരുന്നു..
അയാളവിടെ ഇരിക്കാൻ തുടങ്ങിയിട്ടിപ്പോൾ അരമണിക്കൂർ പിന്നിടുന്നു. അതേതാണ്ട് മുക്കാൽ മണിക്കൂറോളമായപ്പോഴാണ് താൻ ഒരു സ്ത്രീയിൽനിന്ന് സമർഥമായി കബളിപ്പിക്കപ്പെട്ടതായി അയാൾ മനസ്സിലാക്കുന്നത്. ഇതിനോടകം അനേകം തവണ ആ നമ്പറിലേക്ക് അയാൾ വിളിച്ചുനോക്കിയപ്പോഴെല്ലാം സ്വിച്ചിട് ഓഫ് എന്ന ഒരേ പല്ലവി..ഒടുവിൽ നിരാശയോടെയും കബളിപ്പിക്കപ്പെട്ടതിലുള്ള ആത്മരോഷത്തിലും ആ ഗുൽമോഹറിന്റെ വേരിൽനിന്നയാൾ എഴുന്നേറ്റ് നടക്കാൻതുടങ്ങുമ്പോഴാണ് പെട്ടെന്നവളുടെ ഫോൺകോൾ വരുന്നത് ..അയാൾ പെട്ടെന്ന് ഫോണെടുത്തു ..
ഇരിക്കവിടെ എങ്ങോട്ടാണ് എഴുന്നേറ്റ് ഓടുന്നത് ? അയാൾ പകച്ചു ചുറ്റും നോക്കി..
എന്നെ കാണുന്നുണ്ടോ ?
ഇല്ല അയാൾ ഒരുവിധം പറഞ്ഞൊപ്പിച്ചു ..
ഗെയിറ്റിന്റെ അരികിലേക്ക് നോക്ക് മനുഷ്യാ അയാൾ നോക്കിയപ്പോൾ ഒരു ബ്ലാക് എൻഫീൽഡ് ബുള്ളറ്റിന്റെ സീറ്റിൽ കറുത്ത ജീൻസും കറുത്ത ടീഷർട്ടും കൂളിങ് ഗ്ലാസും ധരിച്ച തരക്കേടില്ലാത്ത ഉയരമുള്ള വെളുത്തു സുന്ദരിയായൊരു യുവതി അയാളെ നോക്കിയിരിക്കുന്നുണ്ടായിരുന്നു. അവൾ ബുള്ളറ്റ് സെൻട്രൽ സ്റ്റാൻഡിൽ ഈസിയായി കയറ്റിവെച്ച് ചാവിയെടുത്തു കൈവിരലിലിട്ട് കറക്കി ആത്മവിശ്വാസത്തോടെ തല ഉയർത്തിപ്പിടിച്ചു അയാൾക്കരികിലേക്കെത്തി .
അയാളാകെ അമ്പരന്നു നിൽക്കുകയായിരുന്നു .
എനിക്ക് മനസ്സിലായില്ല
അതുപറയാം കപ്പലണ്ടി എനിക്കും കൂടിയില്ലേ?
ഉവ്വ്
അയാൾ കപ്പലണ്ടിപ്പൊതി നീട്ടിയപ്പോൾ അവളതു വാങ്ങി അയാൾക്ക് നേരെ കൈ നീട്ടിക്കൊണ്ടു പറഞ്ഞു
ഞാൻ നന്ദന പത്മിനി ..
പത്മിനി അമ്മയുടെ പേരാണ് ..
എനിക്ക് ലണ്ടനിലാണ് ജോലി ലീവിന് വന്നതാണ് ..
ഇങ്ങനെയൊരാളെ എനിക്കറിയില്ലല്ലോ .. അയാൾ പറഞ്ഞു
അറിയില്ല എന്റെയമ്മ പത്മിനിയെയും നിങ്ങൾക്കറിയില്ല ..അതിലേക്കെത്താൻ ഞാൻ പത്തുമുപ്പതു കൊല്ലം മുമ്പത്തെയൊരു കഥ പറയാം...
അന്നൊരു കർക്കടക പെരുമഴരാവിൽ തലശ്ശേരി വിലങ്ങാട് റൂട്ടിലോടുന്ന ലക്ഷ്മി ട്രാവൽസ് ബസ് അന്നത്തെ ഓട്ടം കഴിഞ്ഞു വിലങ്ങാട്ടുനിന്നും കുറേക്കൂടി ഉൾപ്രദേശത്തുള്ള സ്ഥിരം താവളത്തിൽ നിർത്തിയിട്ടിരിക്കുന്നു...സമയം അർധരാത്രി പിന്നിട്ടിരിക്കുന്നു. അന്ന് കണ്ടക്ടർ വഴിയിൽ ഇറങ്ങി വീടണഞ്ഞതുകൊണ്ടു മറ്റുമൂന്നുപേരും ബസ് വൃത്തിയാക്കി സ്വൽപം പറങ്കിമാവിന്റെ വീര്യ ദ്രാവകം ആസ്വദിച്ചുകൊണ്ടിരിക്കുകയായിരുന്നു. ശരീരം ക്ഷീണിച്ചിരുന്നതുകൊണ്ടു വീര്യം സിരകളെ പെട്ടെന്ന് കീഴ്പ്പെടുത്തുന്നു . മഴപെതുകൊണ്ടേയിരിക്കുന്നു .ഇടക്കിടെ ഓരോ മിന്നലും ഇടിയും
അപ്പോഴാണ് കുറച്ചകലെ കുന്നിൻ മുകളിലെ ചിമ്മിനി വിളക്ക് കത്തിനിൽക്കുന്ന കുടിലിൽ നിന്നൊരു കൂട്ടനിലവിളി ഉയരുന്നത്..മൂവരും നിലവിളി ഉയർന്ന വീട്ടിലേക്കു നോക്കിക്കൊണ്ടു പുറത്തിറങ്ങി .ആ ചുറ്റുവട്ടത്തൊന്നും മറ്റൊരു വീടുണ്ടായിരുന്നില്ല . അയ്യോ അമ്മേ കുഞ്ഞുങ്ങളുടെ ശബ്ദമാണ് ഉയർന്നു കേൾക്കുന്നത്. മഴയ്ക്കൊപ്പം പിശറൻ കാറ്റും ആ ശബ്ദത്തെ അപഹരിക്കുന്നു .
ങാ അത് ആ കയറ്റക്കാരൻ കുമാരന്റെ പോരേന്നാണ്. ഓൻ കുടിച്ചുവന്നിറ്റ് ഓളെ എടുത്തിട്ടലക്കുന്നതാണ് ..നോക്കാൻ പോയാൽ ഓന്റെ വായിലുള്ളത് കേക്കേണ്ടിവരും ..
ക്ലീനർ കരുണനാണത് പറഞ്ഞത് .ചെക്കർ ബാബുവിനും അതേ അഭിപ്രായമായിരുന്നു . എല്ലാരും തിരിച്ചു ബസിലേക്ക് കയറിയപ്പോഴാണ് ചെവിട് തുളക്കുന്നൊരു ആർത്തനാദം കേൾക്കുന്നത്. ഇത്തവണ ആ കരളു പിളർക്കുന്ന ആർത്തനാദം അവഗണിക്കാൻ ആ ഡ്രൈവർക്ക് കഴിയുമായിരുന്നില്ല . അയാൾ ഉടുത്ത ലുങ്കിയിൽ മറ്റുള്ളവരെ അമ്പരപ്പിച്ചുകൊണ്ട് ഡോർതുറന്നു കുടിൽ ലക്ഷ്യമാക്കി കുതിച്ചുപാഞ്ഞു ..കാൽ കല്ലിൽ തട്ടി ചോരപൊടിയുന്നതൊന്നും അയാൾക്കൊരു വിഷയമേ ആയിരുന്നില്ല . അയാൾ ഓടിക്കിതച്ചു ഈ മങ്ങിയ ചിമ്മിനി വെട്ടത്തിനു താഴെയെത്തിയപ്പോൾ കണ്ട കാഴ്ച ഭയാനകമായിരുന്നു ..
മദ്യപിച്ച് അബോധാവസ്ഥയിലായിപ്പോയൊരു മധ്യവയസ്കൻ കോലായിക്കോണിൽ കിടപ്പുണ്ട്. ചാണകം മെഴുകി പലയിടത്തും അടർന്നുപോയ കോലായിൽ ഒരു സ്ത്രീ ചോരപ്പുഴയിൽ ബോധമറ്റു കിടക്കുന്നു. അഞ്ചുവയസ്സിൽ താഴെയുള്ള രണ്ടു പെൺകുഞ്ഞുങ്ങൾ വലിയ വായിൽ ഏങ്ങലടിച്ചു കൊണ്ട് സ്ത്രീക്കരികെയിരിക്കുന്നു. കരഞ്ഞുതളർന്നു ശ്വാസമെടുക്കാൻപോലും ആ കുഞ്ഞുങ്ങൾ പാടുപെടുന്നു .സ്ത്രീയുടെ വീർത്ത ഉദരവും കാലുകൾക്കിടയിലെ ചുവന്ന ഉറവയും കണ്ടപ്പോൾതന്നെ അയാളുടെ ലഹരി മുഴുവൻ ആവിയായിപ്പോയിരുന്നു .
ഒരൊറ്റ നിമിഷം കൊണ്ടയാൾ ആ സ്ത്രീയെ അതേ അവസ്ഥയിൽ കോരിയെടുത്തു തോളിലിട്ട് കുന്നിറങ്ങി . ആറാളുടെ കരുത്തൊള്ളോരു പ്രേതം ആവാഹിച്ചതുപോലെയായിരുന്നു അയാളുടെ അപ്പോഴത്തെ ചേഷ്ടകൾ . ഇടയ്ക്കിടെ പാളുന്ന മിന്നൽ ചാലുകൾ അയാൾക്ക് വഴിച്ചൂട്ടായി .വല്ല വിധേനയും താഴെയെത്തി പ്രരിഭ്രമിച്ചു നോക്കുന്ന സഹപ്രവർത്തകരെ നോക്കി അയാൾ അലറി ..
നോക്കി നിൽക്കാതെ പിടിക്കെടാ നായിന്റെ മക്കളെ ..
സ്ത്രീയെ ബസിൽ കിടത്തി അത്താഴപ്പൊതിയെടുത്തു സഹപ്രവർത്തകർക്ക് നീട്ടി അയാൾ അലറി ..
ആ കുടിലിൽ കുഞ്ഞുങ്ങളുണ്ട് കൊണ്ടുപോയി കൊടുക്ക് നായ്ക്കളെ അയാൾ ഡ്രൈവിങ് സീറ്റിലേക്ക് ചാടിക്കയറി.
ഗവൺമെന്റ് ഹോസ്പിറ്റലിന്റെ പ്രവേശനകവാടത്തിൽ പതിവിനു വിപരീതമായൊരു ട്രിപ്പ് ബസ് മുരണ്ടു നിൽക്കുന്നത് കേട്ടാണ് മേശമേൽ തലചായ്ച്ചു മയങ്ങുകയായിരുന്ന ഡ്യൂട്ടി നഴ്സ് ഞെട്ടിയെഴുന്നേറ്റതു. അവർ ഒരു കരുതലെന്ന നിലയ്ക്ക് സ്ട്രെച്ചർ ഉന്തി വാതിൽക്കലെത്തിയപ്പോൾ തുറന്നുവെച്ച ബസിന്റെ വാതിലിലൂടെ അവൾ കണ്ട കാഴ്ച ഞെട്ടിക്കുന്നതായിരുന്നു. ചോരയിൽ കുളിച്ചു കിടക്കുന്നൊരു സ്ത്രീയുടെ കാലുകൾക്കിടയിൽ നിന്നും ഒരു കുഞ്ഞിനെ വലിച്ചെടുത്തു തിരിയുന്ന ഷർട്ടിടാത്തൊരു മനുഷ്യൻ ..ഒപ്പം ഒരു ചോരപ്പൈതലിന്റെ കരച്ചിലും
എന്തുപറയുന്നു മിസ്റ്റർ സന്തോഷ് എടവലത്ത് ?
എന്റെ പതിനഞ്ചാമത്തെ വയസ്സിലാണ് 'അമ്മ മരിക്കുന്നതു . മരണക്കിടക്കയിൽവെച്ചാണ് അമ്മയിത് പറയുന്നത് .
എങ്ങനെയെങ്കിലും നീയദ്ദേഹത്തെ കണ്ടെത്തണം അദ്ദേഹമില്ലായിരുന്നെങ്കിൽ നീയില്ല മോളെ... എന്നൊക്കെ . അദ്ദേഹത്തിന് ജനിക്കാതെ പോയ മോളാണ് നീയെന്നു ..
അവളുടെ ശബ്ദമിടറി.
എന്റെ വിവാഹമാണ് അടുത്തമാസം. വരണം അനുഗ്രഹിക്കണം ..
ഒരക്ഷരം മിണ്ടാൻ കഴിയാതെ അയാൾ കേട്ടുകൊണ്ടിരിക്കുകയായിരുന്നു കണ്ടുകൊണ്ടിരിക്കുകയായിരുന്നു അവളെ ....
എനിക്കൊരാഗ്രഹമുണ്ട് പറഞ്ഞോട്ടെ? അയാൾ തലയാട്ടി.
ഞാൻ അച്ഛാന്ന് വിളിച്ചോട്ടെ ?
അവൾ അയാളുടെ കൈകൾ കൂട്ടിപ്പിടിച്ചുകൊണ്ട് ചോദിച്ചു
മോളേ.....കുഞ്ഞേ ...
അത്യന്തം സ്നേഹവായ്പിൽ നിറഞ്ഞ കണ്ണുകൾ തുടയ്ക്കാൻ അയാൾ ശ്രമിച്ചതേയില്ല .
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.