സ്വതന്ത്ര വ്യാപാര കരാറിനായുള്ള നിബന്ധനകളിൽ ഇന്ത്യയും ജി.സി.സി പ്രതിനിധികളും
ന്യൂഡൽഹിയിൽ ഒപ്പുവെക്കുന്നു
മനാമ: ഗൾഫ് സഹകരണ കൗൺസിലും (ജി.സി.സി) ഇന്ത്യയും സ്വതന്ത്ര വ്യാപാര കരാറിനായുള്ള ചർച്ചകൾ ആരംഭിക്കുന്നു. സ്വതന്ത്ര വ്യാപാര കരാറിനായുള്ള നിബന്ധനകളിൽ ഇന്ത്യയും ജി.സി.സിയും ന്യൂഡൽഹിയിൽ ഒപ്പുവെച്ചു. ഇന്ത്യൻ വാണിജ്യ വകുപ്പിലെ അഡീഷനൽ സെക്രട്ടറിയും ചീഫ് നെഗോഷ്യേറ്ററുമായ അജയ് ഭാദൂവും ജി.സി.സി സെക്രട്ടേറിയറ്റ് ജനറൽ ചീഫ് നെഗോഷ്യേറ്റർ രാജാ അൽ മർസൂഖിയുമാണ് നിബന്ധനകളിൽ ഒപ്പുവെച്ചത്.
ഇന്ത്യൻ വാണിജ്യ വ്യവസായ മന്ത്രി പിയൂഷ് ഗോയൽ, വാണിജ്യ വ്യവസായ സഹമന്ത്രി ജിതിൻ പ്രസാദ, വാണിജ്യ സെക്രട്ടറി രാജേഷ് അഗർവാൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ജി.സി.സി-ഇന്ത്യ സ്വതന്ത്ര വ്യാപാരത്തിന്റെ വ്യാപ്തിയും രീതികളും നിർവചിക്കുന്നതാണ് നിബന്ധനകൾ. ഇതിനെ ആശ്രയിച്ചായിരിക്കും തുടർ ചർച്ചകൾ. ഇന്ത്യയും ജി.സി.സിയും തമ്മിലുള്ള ബന്ധത്തെ സ്വതന്ത്ര വ്യാപാര കരാർ കൂടുതൽ ഉയരങ്ങളിലേക്ക് കൊണ്ടുപോകുമെന്നും പിയൂഷ് ഗോയൽ പറഞ്ഞു. ചരക്കുകളുടെയും സേവനങ്ങളുടെയും സുഗമമായ ഒഴുക്ക് സാധ്യമാക്കാനും നിക്ഷേപങ്ങൾ ആകർഷിക്കാനും സ്വതന്ത്ര വ്യാപാര കരാർ സഹായിക്കും. തൊഴിലവസരങ്ങൾ വികസിപ്പിക്കുകയും മേഖലയിൽ ഭക്ഷ്യ-ഊർജ സുരക്ഷ വളർത്തുകയും ചെയ്യും. ഇന്ത്യയും ജി.സി.സിയും തമ്മിൽ ആഴത്തിലുള്ള സാമ്പത്തിക ബന്ധത്തിനും ഇടയാക്കുമെന്നും അദ്ദേഹം വിശ്വാസം പ്രകടിപ്പിച്ചു.
ജി.സി.സിയും ഇന്ത്യയും ചരിത്രപരമായ വ്യാപാര ബന്ധങ്ങൾ ഉണ്ടായിരുന്നതായും പരസ്പരം പ്രയോജനകരമായ ഒരു സ്വതന്ത്ര വ്യാപാര കരാറിലേക്കുള്ള ചർച്ചകളുടെ തുടക്കമാണ് നിബന്ധനകളിൽ ഒപ്പുവെക്കലെന്നും അൽ മർസൂഖി പറഞ്ഞു. ഇന്ത്യയും ജി.സി.സിയും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തിപ്പെടുത്താൻ കരാർ സഹായിക്കുമെന്നും സൂചിപ്പിച്ചു. 2024-25 സാമ്പത്തിക വർഷത്തിൽ ജി.സി.സിയുമായുള്ള ഇന്ത്യയുടെ വ്യാപാരം 178.56 ബില്യൺ യു.എസ് ഡോളറായിരുന്നു. ഇത് ഇന്ത്യയുടെ ആഗോള വ്യാപാരത്തിന്റെ 15.42 ശതമാനമാണ്. ജി.സി.സിയിലേക്കുള്ള ഇന്ത്യൻ കയറ്റുമതിയിൽ എൻജിനീയറിങ് ഉൽപന്നങ്ങൾ, അരി, തുണിത്തരങ്ങൾ, യന്ത്രങ്ങൾ, രത്നങ്ങൾ, ആഭരണങ്ങൾ എന്നിവ ഉൾപ്പെടുന്നു. അസംസ്കൃത എണ്ണ, എൽ.എൻ.ജി, പെട്രോകെമിക്കൽസ്, സ്വർണം പോലുള്ള വിലയേറിയ ലോഹങ്ങൾ എന്നിവയാണ് ജി.സി.സിയിൽ നിന്നുള്ള പ്രധാന ഇറക്കുമതി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.