പ്രശസ്ത കനേഡിയൻ സർക്കസ് ഗ്രൂപ് സിർക് ഡ്യൂ സോലെയുടെ പരിപാടി (ഫയൽചിത്രം)
മനാമ: ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകളെ ആവേശത്തിലാഴ്ത്തിയ പ്രശസ്ത കനേഡിയൻ സർക്കസ് ഗ്രൂപ്പായ സിർക് ഡ്യൂ സോലെ ആദ്യമായി ബഹ്റൈനിലെത്തുന്നു. കമ്പനിയുടെ ഏറ്റവും ജനപ്രിയമായ ഷോകളിൽ ഒന്നായ ‘കോർട്ടിയോ’ ആണ് ബഹ്റൈനിലെ കാണികൾക്കായി ഒരുങ്ങുന്നത്.
ഈദ് അൽ ഫിത്ർ ആഘോഷങ്ങൾക്ക് മിഴിവേകാൻ എത്തുന്ന ഈ പരിപാടി 2026 മാർച്ചിലാണ് അരങ്ങേറുന്നത്.
സാഖിറിലെ എക്സിബിഷൻ വേൾഡ് ബഹ്റൈനിൽ 2026 മാർച്ച് 22 മുതൽ 28 വരെയാണ് പരിപാടി.
ബഹ്റൈൻ ടൂറിസം ആൻഡ് എക്സിബിഷൻ അതോറിറ്റിയും ബിയോൺ അൽ ദാന ആംഫി തിയറ്ററും സംയുക്തമായാണ് സംഘാടനം നടത്തുന്നത്.
എന്താണ് ‘കോർട്ടിയോ’?
ഇറ്റാലിയൻ ഭാഷയിൽ ‘വിലാപയാത്ര’ എന്നാണ് ‘കോർട്ടിയോ’ എന്ന വാക്കിന്റെ അർഥം. എന്നാൽ പേരുപോലെ ഇത് ദുഃഖകരമായ ഒന്നല്ല. ഒരു ക്ലൗൺ തന്റെ ശവസംസ്കാരം ഒരു ഉത്സവമായി സങ്കൽപിക്കുന്നതാണ് ഇതിന്റെ പ്രമേയം. സാഹസികമായ അക്രോബാറ്റിക്സ്, കണ്ണഞ്ചിപ്പിക്കുന്ന ദൃശ്യവിസ്മയങ്ങൾ, ഹൃദ്യമായ സംഗീതം എന്നിവ കോർട്ടിയോയെ വിസ്മയകരമാക്കുന്നു. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ആസ്വദിക്കാവുന്ന ഈ ഷോ, സ്വപ്നവും യാഥാർഥ്യവും തമ്മിലുള്ള അതിർവരമ്പുകൾ മായ്ക്കുന്ന ഒരു അനുഭവമായിരിക്കും.
1984ൽ കാനഡയിൽ തുടക്കം കുറിച്ച ഈ കലാസംഘം ഇന്ന് ലോകത്തിലെ ഏറ്റവും വലിയ ലൈവ് എന്റർടൈൻമെന്റ് ഗ്രൂപ്പാണ്. ഇതുവരെ 86 രാജ്യങ്ങളിലായി 40 കോടിയിലധികം ആളുകൾ ഇവരുടെ പ്രകടനങ്ങൾ കണ്ടിട്ടുണ്ട്. 80ഓളം രാജ്യങ്ങളിൽ നിന്നുള്ള 1,200ഓളം വിദഗ്ധ കലാകാരന്മാരാണ് ഈ സംഘത്തിന്റെ കരുത്ത്. ടിക്കറ്റുകളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കായി @calendar.bh എന്ന സോഷ്യൽ മീഡിയ പേജ് സന്ദർശിക്കാവുന്നതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.