മനാമ: ബഹ്റൈനിലെ ബുസൈതീൻ പ്രവേശന കവാടത്തിന് സമീപമുള്ള റിയ സ്ട്രീറ്റിലുണ്ടായ ദാരുണമായ വാഹനാപകടത്തിൽ 20 വയസ്സുകാരനായ യുവാവ് കൊല്ലപ്പെട്ടു. ശനിയാഴ്ച ഉച്ചയോടെയാണ് അപകടമുണ്ടായത്.
യുവാവ് സഞ്ചരിച്ചിരുന്ന കാർ നിയന്ത്രണം വിട്ട് തലകീഴായി മറിഞ്ഞാണ് അപകടമുണ്ടായതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. മറ്റൊരു വാഹനത്തെ മറികടക്കാനുള്ള ശ്രമത്തിനിടെയാണ് അപകടം ഉണ്ടായതെന്നാണ് പ്രാഥമിക കണ്ടെത്തൽ.
ഓവർടേക്കിങ്ങിനിടെ എതിർദിശയിൽ നിന്ന് മറ്റൊരു വാഹനം വരുന്നതുകണ്ട് പെട്ടെന്ന് വാഹനം വെട്ടിച്ചുമാറ്റാൻ ശ്രമിച്ചപ്പോൾ കാറിന്റെ നിയന്ത്രണം നഷ്ടമാവുകയായിരുന്നു. നിയന്ത്രണം വിട്ട കാർ റോഡിൽ നിന്നും തെന്നിമാറുകയും തലകീഴായി മറിയുകയുമായിരുന്നു. അപകടം നടന്ന ഉടനെ തന്നെ ട്രാഫിക് പട്രോൾ, സിവിൽ ഡിഫൻസ്, നാഷനൽ ആംബുലൻസ് വിഭാഗങ്ങൾ സ്ഥലത്തെത്തി ആവശ്യമായ നടപടികൾ സ്വീകരിച്ചു.
എന്നാൽ, പരിക്കുകൾ ഗുരുതരമായതിനാൽ യുവാവ് സംഭവസ്ഥലത്തുതന്നെ മരണപ്പെട്ടതായി ആഭ്യന്തര മന്ത്രാലയം സ്ഥിരീകരിച്ചു.
തുടർനടപടികൾക്കായി കേസ് ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറിയിട്ടുണ്ട്. ബഹ്റൈനിലെ റോഡുകളിൽ ഡ്രൈവർമാർ കൂടുതൽ ജാഗ്രത പാലിക്കണമെന്നും അമിതവേഗതയും അശ്രദ്ധമായ ഓവർടേക്കിങ്ങും ഒഴിവാക്കണമെന്നും ട്രാഫിക് അധികൃതർ വീണ്ടും ഓർമിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.