പി.സി.ഡബ്ല്യൂ.എഫ് ബഹ്റൈൻ പൊൻഫെസ്റ്റ് 2026 ഡോ. ശ്രീദേവി രാജൻ ഉദ്ഘാടനം
നിർവഹിക്കുന്നു
മനാമ: പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്റൈൻ ചാപ്റ്ററിന്റെ അഞ്ചാം വാർഷികാഘോഷവും ക്രിസ്മസ്-ന്യൂ ഇയർ ആഘോഷവും ‘പൊൻഫെസ്റ്റ് 2026’ എന്ന പേരിൽ സൽമാനിയ കെ. സിറ്റി ഹാളിൽ വിപുലമായി ആഘോഷിച്ചു.
പ്രമുഖ ഓർത്തോപീഡിക് ആൻഡ് സ്പോർട്സ് റീഹാബിലിറ്റേഷൻ സ്പെഷലിസ്റ്റും സാമൂഹിക പ്രവർത്തകയുമായ ഡോ. ശ്രീദേവി രാജൻ പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു. സ്ത്രീകളുടെ സാമൂഹിക പദവി ഉയർത്താൻ സ്ത്രീധനരഹിത വിവാഹങ്ങളും സ്ത്രീ ശാക്തീകരണ പ്രവർത്തനങ്ങളും അനിവാര്യമാണെന്ന് ഡോ. ശ്രീദേവി രാജൻ ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.
പി.സി.ഡബ്ല്യൂ.എഫ് വനിതാ വിങ് ഗ്ലോബൽ കമ്മിറ്റി പതിനൊന്നാം വാർഷിക സമ്മേളനം നടക്കുന്ന ഈ വേളയിൽ സ്ത്രീകൾക്ക് സ്വയംപര്യാപ്തത കൈവരിക്കാൻ കഴിയുന്ന ബോധവത്കരണ പരിപാടികൾ പ്രവാസി സംഘടനകളുടെ ഭാഗത്തുനിന്നുണ്ടാകുന്നത് സ്വാഗതാർഹമാണെന്ന് ലൈറ്റ്സ് ഓഫ് കൈൻഡ്നെസ് ഫൗണ്ടർ സെയ്ത് ഹനീഫ അഭിപ്രായപ്പെട്ടു. ഹസൻ വി.എം മുഹമ്മദ് രചനയും സംവിധാനവും നിർവഹിച്ച് പി.സി.ഡബ്ല്യു.എഫ് അംഗങ്ങൾ അഭിനയിച്ച ‘അടിച്ചു മോളേ കോടി’ എന്ന ഷോർട്ട് ഫിലിം ചടങ്ങിൽ പ്രദർശിപ്പിച്ചു. പി.സി.ഡബ്ല്യു.എഫ് കലാവേദി അംഗങ്ങളും കുടുംബാംഗങ്ങളും അവതരിപ്പിച്ച വൈവിധ്യമാർന്ന കലാപരിപാടികൾക്കൊപ്പം സഹൃദയ നാടൻ പാട്ടും പൊൻബീറ്റ്സ് മുട്ടിപ്പാട്ടും ആഘോഷത്തിന് മാറ്റുകൂട്ടി. പ്രവാസി സമൂഹത്തിനിടയിൽ ഐക്യവും സൗഹൃദവും വളർത്തുന്നതിനൊപ്പം ജീവകാരുണ്യ പ്രവർത്തനങ്ങളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് അധ്യക്ഷത വഹിച്ച പി.സി.ഡബ്ല്യൂ.എഫ് പ്രസിഡന്റ് മുസ്തഫ കൊലക്കാട്ട് അറിയിച്ചു.
മീഡിയവൺ-മാധ്യമം എക്സ്കോം ചെയർമാൻ സെയ്ത് റംസാൻ, മുഹറഖ് മലയാളി സമാജം പ്രസിഡന്റ് അനസ് റഹീം എന്നിവർ ചടങ്ങിൽ ആശംസകൾ നേർന്നു. അബ്ദുറഹ്മാൻ പി.ടി, റംഷാദ് റഹ്മാൻ, അലി കാഞ്ഞിരമുക്ക്, അൻവർ പുഴമ്പ്രം, ബാബു എം.കെ, നസീർ പൊന്നാനി, ഫിറോസ് വെളിയങ്കോട്, എം.എഫ്. റഹ്മാൻ, സിതാര നബീൽ, ജസ്നി സെയ്ത്, ലൈല റഹ്മാൻ, സമീറ സിദ്ധിഖ് എന്നിവർ കലാപരിപാടികൾക്ക് നേതൃത്വം നൽകി. പൊൻഫെസ്റ്റ് പ്രോഗ്രാം ചെയർമാൻ നബീൽ എം.വി സ്വാഗതവും പി.സി.ഡബ്ല്യു.എഫ് ജനറൽ സെക്രട്ടറി ശറഫുദ്ദീൻ വി.എം നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.