മനാമ: ഇറാൻ റവല്യുഷണറി ഗാർഡിന് വേണ്ടി ബഹ്‌റൈനിൽ ചാരപ്രവൃത്തി നടത്തുകയും സുപ്രധാന വിവരങ്ങൾ ചോർത്തുകയും ചെയ്ത നാല് ബഹ്‌റൈൻ പൗരന്മാരെ ജനറൽ ഡയറക്ടറേറ്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ആൻഡ് ഫോറൻസിക് സയൻസ് അറസ്റ്റ് ചെയ്തു. കേസിൽ ഉൾപ്പെട്ട അഞ്ചാമൻ വിദേശത്തേക്ക് കടന്നതായും ഇയാൾക്കായി തിരച്ചിൽ ഊർജിതമാക്കിയതായും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
മുർതദ ഹുസൈൻ അവാൽ (25), അഹമ്മദ് ഈസ അൽ ഹൈക്കി (34), സാറ അബ്ദുൽനബി മർഹൂൺ (36), ഇല്യാസ് സൽമാൻ മിർസ (22) എന്നിവരാണ് അറസ്റ്റിലായത്. അഞ്ചാം പ്രതിയായ അലി മുഹമ്മദ് ഹസൻ അൽ ശൈഖ് (25) എന്നയാൾ വിദേശത്തേക്ക് കടന്നതായാണ് വിവരം. അറസ്റ്റിലായ ഒന്നാം പ്രതി മുർതദ ഹുസൈൻ, ഇറാനിലുള്ള ഭീകരവാദ ഘടകങ്ങളിൽ നിന്ന് ലഭിച്ച കൃത്യമായ നിർദ്ദേശപ്രകാരമാണ് പ്രവർത്തിച്ചിരുന്നത്.
ഉയർന്ന നിലവാരമുള്ള ക്യാമറകളും അത്യാധുനിക ഉപകരണങ്ങളും ഉപയോഗിച്ച് ബഹ്‌റൈനിലെ തന്ത്രപ്രധാനമായ സ്ഥലങ്ങളുടെയും സുപ്രധാന സ്ഥാപനങ്ങളുടെയും ചിത്രങ്ങളും ജി.പി.എസ് കോർഡിനേറ്റുകളും ഇവർ ശേഖരിച്ചു. എൻക്രിപ്റ്റ് ചെയ്ത സോഫ്റ്റ്‌വെയറുകൾ വഴി ഈ വിവരങ്ങൾ ഇറാൻ ഗാർഡിന് അയച്ചുകൊടുത്തതായി അന്വേഷണത്തിൽ കണ്ടെത്തി.
പ്രതികൾക്കെതിരെ ആവശ്യമായ നിയമനടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായും മന്ത്രാലയം വ്യക്തമാക്കി. രാജ്യസുരക്ഷയെ ബാധിക്കുന്ന ഇത്തരം പ്രവർത്തനങ്ങൾക്കെതിരെ ശക്തമായ നടപടി തുടരുമെന്നും അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.