മനാമ: രാജ്യത്തെ നിലവിലെ സാഹചര്യത്തെതുടർന്ന് വിമാന സർവീസുകൾ റദ്ദാക്കിയത് മൂലം രാജ്യത്ത് അകപ്പെട്ട വിസിറ്റ് വിസക്കാർക്ക് പ്രത്യേക ഇളവുകൾ പ്രഖ്യാപിച്ച് ബഹ്റൈൻ ആഭ്യന്തര മന്ത്രാലയത്തിലെ നാഷണാലിറ്റി, പാസ്‌പോർട്ട്, റെസിഡൻസ് അഫയേഴ്‌സ് (എൻ.പി.ആർ.എ). 2026 ഫെബ്രുവരി 28നോ അതിനുശേഷമോ വിസ കാലാവധി അവസാനിച്ചവർക്ക് പിഴ ഈടാക്കില്ല. വ്യോമപാത വീണ്ടും തുറന്നതിന് ശേഷം ഒരു മാസത്തേക്ക് കൂടി ഈ ആനുകൂല്യം ലഭിക്കുമെന്ന് ആഭ്യന്തര മന്ത്രാലയ അണ്ടർസെക്രട്ടറി ശൈഖ് ഹിശാം ബിൻ അബ്ദുറഹ്മാൻ അൽ ഖലീഫ വ്യക്തമാക്കി.
ബഹ്റൈന് പുറത്തുള്ളവർക്കും ഇളവുകൾ ബാധകമാണ്. 2026 ഫെബ്രുവരി 28 വരെ കാലാവധിയുള്ള വിസ കൈവശം വച്ചിട്ടും നിലവിലെ സാഹചര്യം കാരണം യാത്ര ചെയ്യാൻ സാധിക്കാത്തവർക്ക് വിസ കാലാവധി മൂന്ന് മാസത്തേക്ക് കൂടി നീട്ടി നൽകും. വിമാന സർവീസുകൾ നിർത്തിവെച്ചതും യാത്രക്കാരുടെ ബുദ്ധിമുട്ടുകളും കണക്കിലെടുത്താണ് മാനുഷിക പരിഗണനയോടെയുള്ള ഈ തീരുമാനം.
വിദേശികൾക്കും യാത്രക്കാർക്കും എന്തെങ്കിലും സംശയങ്ങളുണ്ടെങ്കിൽ താഴെ പറയുന്ന മാർഗങ്ങളിലൂടെ അധികൃതരെ ബന്ധപ്പെടാവുന്നതാണ്. കാൾ സെന്‍റർ 17077077. എൻ.പി.ആർ.എ വാട്സാപ്പ് ചാനൽ, വെബ്സൈറ്റിലെ വിർച്വൽ അസിസ്റ്റന്റ്, അല്ലെങ്കിൽ ഔദ്യോഗിക ഇമെയിൽ വഴി ബന്ധപ്പെടാം. പുതുക്കിയ വിവരങ്ങൾ അറിയുന്നതിനായി ഔദ്യോഗിക ചാനലുകൾ മാത്രം പിന്തുടരണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.