ഹനീഫയോടൊപ്പം (ഇടത്) ദീപക്  

സ്‌നേഹത്തിന്റെ വിരുന്നൊരുക്കി ഹനീഫയുടെ 'നോമ്പ് തുറ'

മനാമ: വിശുദ്ധ റമദാൻ മാസത്തിൽ സ്നേഹത്തിന്‍റെയും പങ്കുവെക്കലിന്‍റെയും ഉദാത്തമായ മാതൃകയാവുകയാണ് ഈസ്റ്റ്‌ റിഫ ടേസ്റ്റി കോക്കനട്ട് ഹോട്ടൽ ഉടമ ഹനീഫ കണ്ണൂർ. കഴിഞ്ഞ മൂന്ന് വർഷമായി മുടങ്ങാതെ തന്‍റെ ഹോട്ടലിൽ എത്തുന്നവർക്കെല്ലാം സൗജന്യമായി നോമ്പ് തുറക്കാനുള്ള വിപുലമായ സൗകര്യമാണ് അദ്ദേഹം ഒരുക്കി വരുന്നത്.

നോമ്പെടുത്തവർക്കും അല്ലാത്തവർക്കും ഒരുപോലെ ഈ സ്നേഹവിരുന്നിൽ പങ്കുചേരാം. ഹോട്ടലിലെത്തുന്ന ഓരോ വ്യക്തിയുടെയും വയറും മനസ്സും ഒരുപോലെ നിറച്ചാണ് ഹനീഫ ഈ പുണ്യപ്രവൃത്തി നടപ്പിലാക്കുന്നത്. ലാഭേച്ഛയില്ലാതെ, തികച്ചും സൗജന്യമായി അദ്ദേഹം നൽകുന്ന ഈ സേവനം നാട്ടുകാർക്കിടയിൽ വലിയ പ്രശംസയാണ് നേടിയിട്ടുള്ളത്. ഓരോ വർഷവും കൂടുതൽ കരുണയോടെയും ആവേശത്തോടെയുമാണ് ഹനീഫ ഈ സേവനം തുടരുന്നത്.

ബഹ്‌റൈനിലെ കലാ-സാംസ്കാരിക-സാമൂഹിക മേഖലകളിൽ സജീവ സാന്നിധ്യമായ ദീപക് തണൽ വഴിയാണ് ഹനീഫക്കയുടെ ഈ വലിയ കാരുണ്യപ്രവൃത്തി പുറംലോകം അറിയുന്നത്. എല്ലാ വർഷവും നോമ്പ് അനുഷ്ഠിക്കാറുള്ള ദീപക്, ഈ വർഷവും ആ പുണ്യം തുടരുകയാണ്. തന്‍റെ നോമ്പ് തുറ വേളയിലാണ് ഹനീഫക്കയുടെ ഹോട്ടലിലെ ഈ വേറിട്ട കാഴ്ച അദ്ദേഹം ശ്രദ്ധിച്ചത്. മനുഷ്യത്വം കൈമോശം വന്നിട്ടില്ലാത്ത ഈ കാലത്ത്, ഹനീഫ കണ്ണൂരിനെപ്പോലെയുള്ള വ്യക്തികൾ സമൂഹത്തിന് വലിയൊരു വെളിച്ചവും മാതൃകയുമാണ്. വരും വർഷങ്ങളിലും ഈ കാരുണ്യപ്രവർത്തനവുമായി മുന്നോട്ട് പോകാൻ അദ്ദേഹത്തിന് സാധിക്കട്ടെ.

Tags:    
News Summary - ramadan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.