മനാമ: മതിയായ ലൈസൻസില്ലാതെ നഴ്സറി പ്രവർത്തിപ്പിച്ചതിന് ബഹ്റൈനിലെ ഒരു യുവതിക്ക് നാലാം മൈനർ ക്രിമിനൽ കോടതി മൂന്ന് മാസം തടവ് ശിക്ഷ വിധിച്ചു. സ്ഥാപനത്തിൽനിന്ന് പിടിച്ചെടുത്ത എല്ലാ വസ്തുക്കളും കണ്ടുകെട്ടാനും കോടതി ഉത്തരവിട്ടു.
ലൈസൻസില്ലാതെ നഴ്സറി പ്രവർത്തിപ്പിക്കുന്നുവെന്ന് കാണിച്ച് വിദ്യാഭ്യാസ മന്ത്രാലയം നൽകിയ റിപ്പോർട്ടിനെ തുടർന്നാണ് കേസ് ആരംഭിച്ചത്.
ഇൻസ്പെക്ടർമാർ സ്ഥലത്തെത്തി പരിശോധിച്ചപ്പോൾ, ഏകദേശം 30 കുട്ടികളുള്ള സ്ഥാപനം അനധികൃതമായി പ്രവർത്തിക്കുന്നതായി കണ്ടെത്തി. നേരത്തേ രണ്ടു തവണ ഈ നഴ്സറിക്ക് ലൈസൻസില്ലാത്തതിന് പിഴയടക്കേണ്ടി വന്നിരുന്നു. പിഴയടച്ചുവെങ്കിലും വീണ്ടും ലൈസൻസ് നേടാതെ പ്രവർത്തിപ്പിക്കുകയായിരുന്നു. നഴ്സറിയിൽ അടിസ്ഥാന ആരോഗ്യ-സുരക്ഷ മാനദണ്ഡങ്ങൾ പാലിക്കാതിരിക്കുക ഉൾപ്പെടെ നിരവധി സുരക്ഷാ ലംഘനങ്ങൾ ഇൻസ്പെക്ടർമാർ ശ്രദ്ധയിൽപ്പെടുത്തി. ശിശു സംരക്ഷണ സ്ഥാപനങ്ങൾക്ക് ആവശ്യമായ സുരക്ഷ നിലവാരവും ഈ സ്ഥാപനത്തിനുണ്ടായിരുന്നില്ല. ചോദ്യംചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചിട്ടുണ്ട്. തുടര്ന്ന് പബ്ലിക് പ്രോസിക്യൂഷൻ യുവതിയെ വിചാരണക്ക് മുമ്പ് തടങ്കലിൽ വെക്കാനും ലൈസൻസില്ലാത്ത സ്ഥാപനം അടച്ചുപൂട്ടാനും ഉത്തരവിട്ടു.
കേസ് കോടതിക്ക് കൈമാറിയതിനെ തുടർന്നാണ് ശിക്ഷാവിധി പ്രഖ്യാപിച്ചത്. ലൈസൻസില്ലാതെ കുട്ടികളെ പരിചരിക്കുന്ന സ്ഥാപനങ്ങൾ പ്രവർത്തിപ്പിക്കുന്നത് നിയമലംഘനമാണെന്ന് ഹെഡ് ഓഫ് ദ ഫാമിലി ആൻഡ് ചൈൽഡ് പ്രോസിക്യൂഷൻ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.