മനാമ: രാജ്യത്തെ അടിയന്തര സാഹചര്യങ്ങളിൽ പൊതുജനങ്ങൾക്ക് വേഗത്തിൽ മുന്നറിയിപ്പ് നൽകുന്നതിനായി ആഭ്യന്തര മന്ത്രാലയം വികസിപ്പിച്ച പുതിയ സംവിധാനത്തിന്റെ രാജ്യവ്യാപക പരീക്ഷണം വിജയകരമായി പൂർത്തിയാക്കി. ശനിയാഴ്ച രാത്രി 9.30 ഓടെയാണ് രാജ്യത്തെ എല്ലാ മൊബൈൽ ഫോണുകളിലേക്കും സ്മാർട്ട് ഉപകരണങ്ങളിലേക്കും പരീക്ഷണാടിസ്ഥാനത്തിൽ സന്ദേശങ്ങൾ അയച്ചത്.
ഏതെങ്കിലും തരത്തിലുള്ള അപകടങ്ങളോ അടിയന്തര സാഹചര്യങ്ങളോ ഉണ്ടായാൽ കൃത്യസമയത്ത് ജനങ്ങളെ വിവരമറിയിക്കാനുള്ള സംവിധാനത്തിന്റെ സജ്ജീകരണം ഉറപ്പുവരുത്തുന്നതിനാണ് ഈ ട്രയൽ നടത്തിയത്.
ഐഫോൺ ഉപയോക്താക്കൾ iOS 26.2ലേക്ക് മാറണം
ഐഫോൺ ഉപയോഗിക്കുന്നവർ ഈ മുന്നറിയിപ്പുകൾ കൃത്യമായും പൂർണമായും ലഭിക്കുന്നതിനായി തങ്ങളുടെ ഫോണുകൾ iOS 26.2 വേർഷനിലേക്കെങ്കിലും അപ്ഡേറ്റ് ചെയ്യണമെന്ന് മന്ത്രാലയം നിർദേശിച്ചു. കൃത്യസമയത്ത് അലർട്ടുകൾ ഫോണിൽ എത്തുന്നതിന് ഈ സോഫ്റ്റ്വെയർ അപ്ഡേഷൻ അത്യാവശ്യമാണെന്ന് മന്ത്രാലയം വ്യക്തമാക്കി.
എന്നാൽ ആൻഡ്രോയിഡ്, ഹുവായ് ഫോണുകൾ ഉപയോഗിക്കുന്നവർക്ക് നിലവിൽ പ്രത്യേക മാറ്റങ്ങളൊന്നും വരുത്തേണ്ടതില്ല. ഈ ഫോണുകളിലെ സിസ്റ്റം നിലവിൽതന്നെ പുതിയ അടിയന്തര മുന്നറിയിപ്പ് സംവിധാനവുമായി പൊരുത്തപ്പെടുന്നതാണെന്ന് അധികൃതർ അറിയിച്ചു. മുന്നറിയിപ്പ് സന്ദേശം ലഭിക്കുമ്പോൾ ഫോണിൽ പ്രത്യേക ശബ്ദവും വൈബ്രേഷനും ഉണ്ടാകുന്നത് സ്വാഭാവികമാണെന്നും ഇതിൽ പരിഭ്രാന്തരാകേണ്ടതില്ലെന്നും നേരത്തെ തന്നെ സിവിൽ ഡിഫൻസ് അറിയിച്ചിരുന്നു.
പൊതുജനങ്ങൾക്ക് അഭിപ്രായങ്ങൾ അറിയിക്കാം
മനാമ: രാജ്യത്ത് പുതുതായി നടപ്പിലാക്കുന്ന വയർലെസ് അടിയന്തര മുന്നറിയിപ്പ് സംവിധാനത്തിന്റെ പരീക്ഷണ പ്രവർത്തനത്തെക്കുറിച്ച് പൊതുജനങ്ങളിൽ നിന്ന് അഭിപ്രായങ്ങളും നിർദേശങ്ങളും തേടി ആഭ്യന്തര മന്ത്രാലയം.
സിവിൽ ഡിഫൻസ് ജനറൽ ഡയറക്ടറേറ്റിനാണ് നിർദേശങ്ങൾ സമർപ്പിക്കേണ്ടത്. പൊതുജനങ്ങളുടെ ഫീഡ്ബാക്ക് മുൻനിർത്തി സംവിധാനത്തിന്റെ കാര്യക്ഷമത വർധിപ്പിക്കാനും പോരായ്മകൾ പരിഹരിക്കാനും സാധിക്കുമെന്ന് മന്ത്രാലയം വ്യക്തമാക്കി. ഇ-ഗവൺമെന്റ് ആപ് സ്റ്റോറിൽ ലഭ്യമായ ദേശീയ നിർദേശ-പരാതി പരിഹാര സംവിധാനമായ ‘തവാസുൽ’ വഴിയാണ് അഭിപ്രായങ്ങൾ അറിയിക്കേണ്ടത്.
അടിയന്തര സാഹചര്യങ്ങളിൽ കൃത്യസമയത്ത് ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകാൻ ഈ സംവിധാനം സഹായിക്കും.
പരീക്ഷണ സന്ദേശം ലഭിച്ചവർക്കും അല്ലാത്തവർക്കും തങ്ങളുടെ അനുഭവം അധികൃതരെ അറിയിക്കാവുന്നതാണ്. ഇത് സിസ്റ്റത്തിന്റെ സാങ്കേതിക നിലവാരം വിലയിരുത്താൻ അധികൃതരെ സഹായിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.