ബഹ്റൈനിലെത്തിയ മുഖ്യമന്ത്രിയെ ഇന്ത്യൻ അംബാസഡർ വിനോദ് കെ. ജേക്കബിന്റെ നേതൃത്വത്തിൽ സ്വീകരിക്കുന്നു
മനാമ: ഗൾഫ് സന്ദർശനത്തിന്റെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയൻ ഹൃദയദ്വീപായ ബഹ്റൈനിലെത്തി. പുലർച്ച 12:30 ഓടെ ബഹ്റൈൻ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ മുഖ്യമന്ത്രിയെ എംബസി പ്രതിനിധികളും സംഘാടക സമിതി അംഗങ്ങളും മറ്റ് പ്രമുഖരും സ്വീകരിച്ചു. നാളെ വൈകീട്ട് ബഹ്റൈൻ കേരളീയ സമാജത്തിൽ മലയാളി പ്രവാസികൾ ഒത്തൊരുമിക്കുന്ന മലയാളം മിഷന്റെയും ലോകകേരള സഭാംഗങ്ങളുടെയും നേതൃത്വത്തിൽ നടക്കുന്ന പ്രവാസി മലയാളി സംഗമത്തിൽ ഉദ്ഘാടകനായി മുഖ്യമന്ത്രി പങ്കെടുക്കും.
ചടങ്ങിൽ ഇന്ത്യൻ അംബാസഡർ വിനോദ് കെ. ജേക്കബ്, ഫിഷറീസ്- സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ, കേരള ചീഫ് സെക്രട്ടറി ഡോ. ജയതിലക്, പത്മശ്രീ എം.എ. യൂസുഫ് അലി എന്നിവരുടെ സാന്നിധ്യവുമുണ്ടാകും. നാളത്തെ സംഗമത്തിനുശേഷം മുഖ്യമന്ത്രി നാട്ടിലേക്കുതന്നെ തിരിക്കും. മുഖ്യമന്ത്രി പദവിക്കുശേഷം ഇത് രണ്ടാം തവണയാണ് അദ്ദേഹം ബഹ്റൈനിലെത്തുന്നത്. നേരത്തെ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയുടെ അതിഥിയായാണ് വന്നിരുന്നത്. 2017ലെ സന്ദർശനത്തിൽവെച്ചാണ് മുഖ്യമന്ത്രി ലോകകേരള സഭ പ്രഖ്യാപിച്ചത്.
ഈ സന്ദർശനവും ഏറെ പ്രതീക്ഷയോടെയാണ് മലയാളികൾ നോക്കിക്കാണുന്നത്. നോർക്ക, ലോക കേരളസഭ, മലയാളം മിഷൻ, പ്രവാസി ഇൻഷുറൻസ്, പ്രവാസി ക്ഷേമനിധി തുടങ്ങിയ പ്രവാസികളുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളെപറ്റി മുഖ്യമന്ത്രി പ്രവാസികളുമായി സംവദിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. വ്യക്തികൾക്കും പ്രവാസി സംഘടനകൾക്കും മുഖ്യമന്ത്രിക്ക് നൽകാനുള്ള നിവേദനം ബഹ്റൈനിലെ അംഗീകൃത നോർക്ക കേന്ദ്രങ്ങളായ കേരളീയ സമാജത്തിലെയും, സൽമാനിയയിലുള്ള ബഹ്റൈൻ പ്രതിഭയുടെയും ഓഫിസുകളിൽ ഇന്ന് വൈകീട്ടുവരെ സ്വീകരിക്കും.
അത് ബന്ധപ്പെട്ടവർ മുഖേന മുഖ്യമന്ത്രിക്ക് കൈമാറും. സംഗമം വിജയിപ്പിക്കാനാവശ്യമായ വിവിധ തയാറെടുപ്പുകൾ സ്വാഗതസംഘത്തിന്റെ നേതൃത്വത്തിൽ നടന്നുവരുകയാണ്. കേരളീയ സമാജത്തിലെ ഹാളും പരിസരവും സംഗമത്തിനായി സജ്ജമാക്കിയിട്ടുണ്ട്. പുറത്ത് എൽ.ഇ.ഡി സ്ക്രീൻ സ്ഥാപിക്കുമെന്ന് സംഘാടകർ അറിയിച്ചിട്ടുണ്ട്. ഏകദേശം 5000ത്തോളം പേരെ പ്രതീക്ഷിക്കുന്ന പരിപാടിയായതിനാൽ ജനങ്ങൾ നേരത്തെതന്നെ എത്തണമെന്നാണ് അറിയിച്ചത്.
കൃത്യം 6.30ന് ഔദ്യോഗിക പരിപാടികൾക്ക് തുടക്കമാകും. സന്ദർശനത്തിന്റെ കേന്ദ്ര അനുമതിയുമായി ബന്ധപ്പെട്ട് നേരത്തെ ചില ആശങ്കകൾ നിലനിന്നിരുന്നു. എന്നാൽ, സൗദി ഒഴികെ മറ്റെല്ലാം ഗൾഫ് രാജ്യങ്ങളും സന്ദർശിക്കാനുള്ള അനുമതിയാണ് പിന്നീട് ലഭിച്ചത്. ബഹ്റൈൻ സന്ദർശനത്തിനുശേഷം ഒക്ടോബർ 24ന് മുഖ്യമന്ത്രി ഒമാൻ സന്ദർശിക്കും. 30ന് ഖത്തറിലും നവംബർ ഏഴിന് കുവൈത്തിലും നവംബർ എട്ടിന് യു.എ.ഇയിലും മുഖ്യമന്ത്രി എത്തിച്ചേരും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.