മറുനാടുകളിൽ എവിടെയെങ്കിലും ഒരു സംഘർഷത്തിന്റെ സൂചനകൾ കാണുമ്പോഴേക്കും സുരക്ഷിതമായ സ്റ്റുഡിയോയിലിരുന്ന് അലറിവിളിച്ച് വാർത്തകൾ നൽകുന്ന ചാനലുകൾ ഒന്ന് ഓർക്കണം. നിങ്ങളുടെ ഈ റേറ്റിങ് കളി കണ്ട് നെഞ്ചുരുകുന്നത് ലക്ഷക്കണക്കിന് പ്രവാസികളും നാട്ടിലെ അവരുടെ കുടുംബങ്ങളുമാണ്. ഗൾഫ് ഭരണാധികാരികൾ സ്വദേശിയെന്നോ വിദേശിയെന്നോ നോക്കാതെ എല്ലാവരെയും സംരക്ഷിക്കാൻ അത്രമേൽ പക്വതയോടെ കാര്യങ്ങൾ കൈകാര്യം ചെയ്യുമ്പോഴാണ്, ഇവിടെയിരുന്ന് വെറും ഭീതി ഉണ്ടാക്കി നിങ്ങൾ സാധാരണക്കാരുടെ ഉറക്കം കെടുത്തുന്നത്.
വാർത്തകൾ അറിയാൻ മാധ്യമങ്ങൾ വേണം എന്നതിൽ സംശയമില്ല. എന്നാൽ അന്താരാഷ്ട്ര മാധ്യമങ്ങൾ വസ്തുതകൾ നിരത്തി വാർത്തകൾ നൽകുമ്പോൾ, നമ്മുടെ നാട്ടിലെ ചില മാധ്യമങ്ങൾ സ്ക്രീനിൽ ബഹളങ്ങൾ നിറച്ച് വലിയൊരു വിഷയമാണ് നടന്നു കൊണ്ടിരിക്കുന്നത്. നിങ്ങളുടെ ഈ വാർത്തകൾ കണ്ട് ഭയന്ന് നാട്ടിൽ നിന്ന് വീട്ടുകാരുടെ വിളികളും മെസ്സേജുകളും വരികയാണ്. അവരെ സമാധാനിപ്പിക്കാൻ കൂടെ നിൽക്കേണ്ട അവസ്ഥ കൂടെയാണ് ഇപ്പോൾ ഞങ്ങൾക്ക് ഉള്ളത്. വാർത്തകൾക്കിടയിൽ ഭീതി നിറയ്ക്കുന്ന ഇത്തരം അനാവശ്യ ചർച്ചകൾ വെറും റേറ്റിംഗ് തന്ത്രമായി മാറരുത്.
പൊട്ടിത്തെറിച്ചു??", ആണവായുദം ചോർന്നു??" എന്നൊക്കെ ചോദ്യചിഹ്നങ്ങൾ ഇട്ട് ആളുകളെ കൺഫ്യൂഷനിലാക്കുന്ന ശൈലി ഇനിയെങ്കിലും നിർത്തണം. പ്രിയപ്പെട്ടവരെ ഓർത്ത് വിഷമിക്കുന്ന പ്രവാസി കുടുംബങ്ങളെ ഭയപ്പെടുത്താനാണോ ഈ നാടകങ്ങൾ? വാർത്തകളെ സിനിമ ട്രെയിലർ പോലെയാക്കാതെ, മനുഷ്യത്വത്തോടെയും അവതരിപ്പിക്കാൻ മാധ്യമങ്ങൾ ഇനിയെങ്കിലും പഠിക്കണം.
മാധ്യമപ്രവർത്തനം എന്നത് ഭീതിയുണ്ടാക്കലല്ല, മറിച്ച് സത്യസന്ധമായ വിവരങ്ങൾ കൈമാറലാണെന്ന് ഇനിയെങ്കിലും തിരിച്ചറിയുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.