പലിശ മാഫിയ: നിയമ നടപടികളുമായി മുന്നോട്ടു പോകുമെന്ന് പലിശ വിരുദ്ധ സമിതി

മനാമ: ഇടവേളക്കുശേഷം പ്രവാസ ലോകത്ത് സജീവമായ പലിശ മാഫിയയുടെ ചൂഷണത്തിനെതിരെ നിയമ നടപടികളുമായി മുന്നോട്ട് പോകാൻ കഴിഞ്ഞ ദിവസം ചേർന്ന പലിശ വിരുദ്ധ സമിതി പ്രവർത്തകസമിതി യോഗം തീരുമാനിച്ചു. ബഹ്റൈനിൽ നിയമവിരുദ്ധമായി പണമിടപാട് നടത്തുന്ന മലയാളികൾ ഉൾപ്പെടെയുള്ള കൊള്ളപ്പലിശക്കാർ വീണ്ടും സജീവമായിരിക്കുകയാണ്. സാധാരണക്കാരായ സ്ത്രീ ഗാർഹിക തൊഴിലാളികൾ ഉൾപ്പെടെയുള്ള പ്രവാസികളെയാണ് കൊള്ളപ്പലിശക്കാർ ഉന്നം വെക്കുന്നത്.

നാട്ടിലെ ബാങ്കിന്‍റെ തുകയെഴുതാത്ത ചെക്കിലും ബഹ്റൈനിലെയും നാട്ടിലേയും ബ്ലാങ്ക് മുദ്രപത്രങ്ങളിലും വെള്ള പേപ്പറുകളിലും ഒപ്പിട്ട് വാങ്ങിയാണ് പണം നൽകുന്നത്. കൂടാതെ, പാസ്പോർട്ടും വാങ്ങിവെക്കും. പലിശയുടെ അടവ് തെറ്റിയാൽ നേരത്തെ വാങ്ങിച്ചുവച്ച പേപ്പറുകളിൽ പലിശക്കാരന് തോന്നുന്ന ഭീമമായ സംഖ്യ എഴുതിച്ചേർത്ത് യാത്രാ വിലക്ക് ഉൾപ്പെടെയുള്ള നിയമ നടപടികൾക്ക് ഇവരെ വിധേയരാക്കുകയും ചെയ്യുന്നു.

കഴിഞ്ഞ ദിവസങ്ങളിൽ പലിശവിരുദ്ധ സമിതിയുടെ മുന്നിൽ വന്ന ചില പരാതികൾ ഞെട്ടിക്കുന്നതാണ്. 800 ദിനാർ പലിശക്കാരുടെ കയ്യിൽ നിന്നും വായ്പ വാങ്ങിയതിന് പകരമായി 3600 ദിനാർ തിരിച്ചടച്ചെങ്കിലും മുതലും ഭീമമായ പലിശയും വേണമെന്ന് ആവശ്യപ്പെട്ട് വേണമെന്നു ഭീഷണിപ്പെടുത്തുകയാണ്. വീട്ടുജോലിക്കാരായ സ്ത്രീകൾ ഉൾപ്പെടെയുള്ള ഇരകളെ മോശമായ ഭാഷയിൽ അധിക്ഷേപിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നത് പതിവാണ്. നാട്ടിലുള്ള ബന്ധുക്കളെ പലിശക്കാരുടെ ഗുണ്ടാസംഘം ഭീഷണിപ്പെടുത്തുകയും അപമാനിക്കുകയും ചെയ്യുന്നുണ്ട്.

കഴിഞ്ഞ ആഴ്ച ആത്മഹത്യ ചെയ്ത പ്രവാസിയുടെ മൃതദേഹം വിട്ടുകിട്ടുന്നതിനു ബന്ധുക്കളിൽ നിന്നും മുദ്രപ്പ​ത്രത്തിൽ ഒപ്പിട്ട് വാങ്ങിയ സംഭവവുമുണ്ടായി. ഈ സാഹചര്യത്തിലാണ് പലിശവിരുദ്ധ സമിതി ഇത്തരം മാഫിയകൾക്കെതിരെ നിയമ നടപടികളുമായി മുന്നോട്ടു പോകാൻ തീരുമാനിച്ചത്. ഇതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം ഇന്ത്യൻ എംബസിയിൽ നടന്ന ഓപ്പൺ ഹൗസിൽ സമിതി ഉന്നയിച്ച കേസുകളിൽ ശക്തമായ നടപടികളുമായി മുന്നോട്ട് പോകുമെന്ന് ഇന്ത്യൻ അംബാസഡർ അറിയിച്ചു. പലിശക്കാരുടെ നീരാളി പിടുത്തത്തിനെതിരെ പ്രവാസി സമൂഹത്തിൽ ബോധവത്കരണം ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾ സജീവമാക്കണമെന്നും അദ്ദേഹം സംഘാടകരോട് ആവശ്യപ്പെട്ടു.

പലിശയുമായി ബന്ധപ്പെട്ട പരാതികൾക്കും ഇതുമായി സഹകരിക്കാൻ താല്പര്യമുള്ളവർക്കും 33882835, 35050689 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണെന്ന് പലിശവിരുദ്ധ സമിതി അറിയിച്ചു. ഇന്ത്യൻ എംബസിയിൽ നടന്ന ഓപ്പൺ ഹൗസിൽ ഇരകളോടൊപ്പം പലിശവിരുദ്ധ സമിതി കൺവീനർ യോഗാനനന്ദ്, ജനറൽ സെക്രട്ടറി ദിജീഷ്, എക്സിക്യൂട്ടീവ് അംഗവും ഐ.സി.ആർ.എഫ് അംഗവുമായ നാസർ മഞ്ചേരി, ഉപദേശക സമിതി അംഗം സുബൈർ കണ്ണൂർ, എക്സിക്യൂട്ടീവ് അംഗം മനോജ് വടകര എന്നിവർ അംബാസഡറുടെ മുന്നിൽ വിഷയം അവതരിപ്പിച്ചു.

പലിശവിരുദ്ധ സമിതി യോഗത്തിൽ ചെയർമാൻ ജമാൽ ഇരിങ്ങൽ അധ്യക്ഷത വഹിച്ചു. അഷ്‌കർ പൂഴിത്തല, ബദറുദ്ദീൻ പൂവാർ എന്നിവർ സംസാരിച്ചു.

Tags:    
News Summary - Usury mafia: Anti-usury committee to proceed with legal action

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.