മനാമ: ബഹ്റൈനിലെ റോഡുകളിൽ ഗതാഗത നിയമങ്ങൾ കർശനമാക്കുന്നതിന്റെ ഭാഗമായി സ്ഥാപിക്കുന്ന 500 അത്യാധുനിക സ്മാർട്ട് ട്രാഫിക് കാമറകളുടെ പരീക്ഷണാടിസ്ഥാനത്തിലുള്ള പ്രവർത്തനം ഡിസംബറിൽ ആരംഭിക്കും. ആഭ്യന്തര മന്ത്രാലയത്തിലെ നിയമകാര്യ അണ്ടർസെക്രട്ടറി റാഷിദ് മുഹമ്മദ് ബുനജ്മയാണ് പാർലമെന്റ് സെഷനിൽ ഇക്കാര്യം അറിയിച്ചത്. പുതിയ സാങ്കേതികവിദ്യയുടെ സഹായത്തോടെ പ്രവർത്തിക്കുന്ന ഈ നിരീക്ഷണ സംവിധാനം രാജ്യത്തുടനീളമുള്ള റോഡുകളിലെ നിയമലംഘനങ്ങൾ തത്സമയം കണ്ടെത്താനും ട്രാഫിക് സുരക്ഷ വർധിപ്പിക്കാനും ലക്ഷ്യമിട്ടുള്ളതാണ്.
2026ന്റെ ആദ്യ പാദത്തോടെ 200 മുതൽ 300 വരെ കാമറകൾ പ്രവർത്തനക്ഷമമാകും.റോഡ് സുരക്ഷയും ഗതാഗത ചിട്ടയും വർധിപ്പിക്കുക എന്നതാണ് ലക്ഷ്യം. കൂടാതെ നിയമലംഘനങ്ങൾക്കുള്ള ട്രാഫിക് പോയന്റ് സമ്പ്രദായം പുതിയ നിരീക്ഷണ സംവിധാനം പൂർണമായി സംയോജിച്ച ശേഷം നടപ്പാക്കും.
ഗതാഗത നിയമ ഭേദഗതികൾക്ക് പാർലമെന്റ് അംഗീകാരം നൽകിയതിന് പുറമെ, വാഹനങ്ങളിൽ നിർബന്ധമല്ലാത്ത രീതിയിൽ ഡാഷ് കാമറകൾ സ്ഥാപിക്കുന്നതിനെ പ്രോത്സാഹിപ്പിക്കാനുള്ള നിർദേശത്തിനും അംഗീകാരം നൽകി. സ്ട്രാറ്റജിക് തിങ്കിങ് ബ്ലോക്ക് അംഗം ഡോ. മറിയം അൽ ധഈൻ അവതരിപ്പിച്ച ഈ നിർദേശം കാബിനറ്റിന്റെ അവലോകനത്തിനായി കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.