മനാമ: സേവനങ്ങളുടെ ഗുണനിലവാരം ഉയർത്തുന്നതിനും നടപടിക്രമങ്ങൾ ലളിതമാക്കുന്നതിനുമുള്ള ഗവൺമെന്റ് നീക്കങ്ങളുടെ ഭാഗമായി, ബഹ്റൈൻ ഗതാഗത-വാർത്താവിനിമയ മന്ത്രാലയം കര ഗതാഗത മേഖലയിൽ റിമോട്ട് ഇൻസ്പെക്ഷൻ സേവനം ആരംഭിച്ചു. ഡിജിറ്റൽ സാങ്കേതികവിദ്യ ഉപയോഗിച്ച് നിയമലംഘനങ്ങൾ വേഗത്തിൽ പരിഹരിക്കാനും നിരീക്ഷണ സംവിധാനങ്ങൾ കാര്യക്ഷമമാക്കാനും ലക്ഷ്യമിട്ടുള്ളതാണ് ഈ പദ്ധതി.
എന്താണ് റിമോട്ട് ഇൻസ്പെക്ഷൻ?
റോഡ് ട്രാൻസ്പോർട്ട് മേഖലയിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ ഫീൽഡ് പരിശോധനയിൽ നിയമലംഘനങ്ങൾ കണ്ടെത്തിയാൽ, അവ തിരുത്തിയെന്ന് ഉറപ്പുവരുത്താൻ ഇനി ഉദ്യോഗസ്ഥർ നേരിട്ട് വരണമെന്നില്ല. വിഡിയോ കാൾ വഴിയാണ് പരിശോധന നടത്തുക. സ്ഥാപനങ്ങൾക്ക് ഓൺലൈനായി അപ്പോയിന്റ്മെന്റ് എടുത്ത് വിഡിയോ കാൾ വഴി ഉദ്യോഗസ്ഥരുമായി ബന്ധപ്പെടാം. വേഗത്തിലുള്ള പരിഹാരം ഈ സംവിധാനത്തിന്റെ മറ്റൊരു പ്രത്യേകതയാണ്. വരുത്തിയ മാറ്റങ്ങൾ വിഡിയോയിലൂടെ കാണിച്ചു ബോധ്യപ്പെടുത്തിയാൽ ഉദ്യോഗസ്ഥർക്ക് ഓൺലൈനായിത്തന്നെ ലംഘനങ്ങൾ നീക്കം ചെയ്യാനും ക്ലിയറൻസ് നൽകാനും സാധിക്കും. നേരിട്ടുള്ള പരിശോധനക്കായി കാത്തുനിൽക്കാതെത്തന്നെ സ്ഥാപനങ്ങൾക്ക് പ്രവർത്തനം പുനരാരംഭിക്കുകയും ചെയ്യാം.
ഗതാഗത മന്ത്രാലയത്തിലെ ലാൻഡ് ട്രാൻസ്പോർട്ട് ആൻഡ് പോസ്റ്റ് അഫയേഴ്സ് അണ്ടർസെക്രട്ടറി ഫാത്തിമ അബ്ദുല്ല അൽ ദൈൻ ആണ് പുതിയ സേവനം ഉദ്ഘാടനം ചെയ്തത്. ‘‘ആധുനിക ഡിജിറ്റൽ സംവിധാനങ്ങൾ ഉപയോഗിക്കുന്നത് പരിശോധനകളുടെ കാര്യക്ഷമത വർധിപ്പിക്കും. ഇത് സ്ഥാപനങ്ങൾക്ക് സമയം ലാഭിക്കാൻ സഹായിക്കുന്നതിനൊപ്പം ഗവൺമെന്റ് സേവനങ്ങളിൽ കൂടുതൽ സംതൃപ്തി നൽകുകയും ചെയ്യും’’ -ഫാത്തിമ അബ്ദുല്ല അൽ ദൈൻ പറഞ്ഞു.
ദേശീയ പരാതി-നിർദേശ പോർട്ടലായ ‘തവാസുൽ’ വഴി ലഭിച്ച നിർദേശങ്ങളും നിക്ഷേപകരുടെ അഭിപ്രായങ്ങളും പരിഗണിച്ചാണ് ഈ പുതിയ സംവിധാനം ഒരുക്കിയിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.