മനാമ: രാജ്യത്തെ കള്ളപ്പണം വെളുപ്പിക്കൽ വിരുദ്ധ നിയമങ്ങൾ കൂടുതൽ കർശനമാക്കുന്നതിന്, സംശയാസ്പദമായ പണമിടപാടുകൾ 72 മണിക്കൂർവരെ താൽക്കാലികമായി തടഞ്ഞുവെക്കാൻ അന്വേഷണ ഏജൻസികൾക്ക് അധികാരം നൽകുന്ന പുതിയ നിയമഭേദഗതിക്ക് ബഹ്റൈൻ പാർലമെന്റ് അംഗീകാരം നൽകി.2001ലെ നാലാം നമ്പർ നിയമത്തിലാണ് പുതിയ ഭേദഗതികൾ വരുത്തിയിരിക്കുന്നത്. ഇതനുസരിച്ച് പണമിടപാട് സംബന്ധിച്ച് പ്രവർത്തനങ്ങൾ കൈകാര്യം ചെയ്യുന്ന ഫിനാൻഷ്യൽ ഇന്റലിജൻസ് നാഷനൽ സെന്ററിന് കൂടുതൽ അധികാരങ്ങൾ ലഭിച്ചു.
സംശയാസ്പദമായ ഒരു ഇടപാട് ശ്രദ്ധയിൽപെട്ടാൽ, അത് പരിശോധിക്കുന്നതിനായി 72 മണിക്കൂർവരെ ആ ട്രാൻസ്ഫർ നിർത്തിവെക്കാൻ ഈ ഏജൻസിക്ക് സാധിക്കും. വിദേശരാജ്യങ്ങളിലെ സമാന ഏജൻസികൾ ആവശ്യപ്പെട്ടാലും ഇത്തരത്തിൽ 72 മണിക്കൂർവരെ പണമിടപാടുകൾ മരവിപ്പിക്കാനുള്ള അധികാരവും ഉണ്ടാകും. ആയുധവ്യാപനത്തിനായുള്ള സാമ്പത്തിക സഹായവും ഇനിമുതൽ ഈ നിയമത്തിന്റെ പരിധിയിൽ വരുമെന്ന് പാർലമെന്റ് അറിയിച്ചു. ഫിനാൻഷ്യൽ ആക്ഷൻ ടാസ്ക് ഫോഴ്സ് നിശ്ചയിച്ചിട്ടുള്ള അന്താരാഷ്ട്ര മാനദണ്ഡങ്ങൾ പാലിക്കാൻ ഈ നിയമം സഹായിക്കും.
നിലവിൽ ബഹ്റൈൻ സാമ്പത്തിക കുറ്റകൃത്യങ്ങളുടെ കാര്യത്തിൽ ‘ബ്ലാക്ക് ലിസ്റ്റിലോ’ ’ഗ്രേ ലിസ്റ്റിലോ’ ഉൾപ്പെട്ടിട്ടില്ല. ഈ പദവി നിലനിർത്തുന്നത് വഴി വിദേശ നിക്ഷേപങ്ങൾ വർധിപ്പിക്കാനും പണമിടപാടുകളുടെ ചെലവ് കുറക്കാനും സാധിക്കുമെന്ന് പാർലമെന്റിൽ നടന്ന ചർച്ചയിൽ എം.പി. ഹസൻ ഇബ്രാഹിം പ്രാധാന്യം ഊന്നിപ്പറഞ്ഞു.
കുറ്റകൃത്യങ്ങളിലൂടെ സമ്പാദിച്ച ആസ്തികൾ പിടിച്ചെടുക്കാനുള്ള അധികാരം ഏജൻസികൾക്ക് വിപുലപ്പെടുത്തി നൽകിയിട്ടുണ്ട്. അന്വേഷണത്തിന്റെ ഭാഗമായി ലഭിക്കുന്ന രഹസ്യവിവരങ്ങൾ മറ്റ് സുരക്ഷാ ഏജൻസികൾക്ക് കൈമാറുന്നതിനുള്ള നടപടിക്രമങ്ങളും നിയമത്തിൽ ലഘൂകരിച്ചിട്ടുണ്ട്.
ഫിനാൻഷ്യൽ ഇന്റലിജൻസ് നാഷനൽ സെന്ററിന് (FINC) ലഭിക്കുന്ന അധികാരങ്ങൾ
*കള്ളപ്പണം വെളുപ്പിക്കൽ സംബന്ധിച്ച റിപ്പോർട്ടുകൾ സ്വീകരിക്കുന്ന പ്രധാന വിഭാഗമായി സെന്റർ പ്രവർത്തിക്കും.
*സംശയാസ്പദമായ പണത്തിന്റെ ഉറവിടം കണ്ടെത്തുകയും ധനകാര്യ വിശകലനങ്ങൾ നടത്തുകയും ചെയ്യാം
*അതിർത്തി കടന്നുള്ള കുറ്റകൃത്യങ്ങൾ തടയാൻ മറ്റു രാജ്യങ്ങളുമായി വിവരങ്ങൾ പങ്കുവെക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.