മനാമ: 34 വർഷമായി നാട്ടിൽ പോകാതെ കഴിഞ്ഞ് ഒട്ടക ജീവിതം ഉൾപ്പെടെയുള്ള ദുരനുഭവങ്ങളിലൂടെ കടന്നുപോയ പത്തനംതിട്ട അടൂർ സ്വദേശി സുന്ദരേശൻ (56) കോടതിയിൽ പഴയ കേസുമായി ബന്ധപ്പെട്ട പിഴ അടച്ചു. ഇതിനായുള്ള തുക നൽകിയത് പ്രവാസലോകത്തെ മലയാളികളായിരുന്നു. കോടതിയുടെ പിഴയും അഭിഭാഷകെൻറ പ്രതിഫലവും ഉൾപ്പെടെ 442 ദിനാറാണ് കഴിഞ്ഞ ദിവസം നൽകിയത്. സുന്ദരേശന് എതിരെ സ്വദേശി വർഷങ്ങൾക്ക് മുമ്പ് നൽകിയ കേസ് അടുത്തിടെ കോടതി തള്ളിയിരുന്നു. എങ്കിലും യഥാസമയം കോടതികളിൽ എത്താത്തതിെൻറ പേരിലാണ് പിഴ അടക്കേണ്ടി വന്നത്.
ദിവസങ്ങൾക്ക് മുമ്പ് ‘ഗൾഫ് മാധ്യമ’ത്തിൽ കൂടിയാണ് സുന്ദേരശെൻറ കരളലിയിപ്പിക്കുന്ന ജീവിതകഥ പുറംലോകം അറിഞ്ഞത്. ഒരുകാലത്ത് നാട്ടിൽ എല്ലാവർക്കും വേണ്ടപ്പെട്ട സാമൂഹിക പ്രവർത്തകനും മികച്ച തുന്നൽക്കാരനുമായിരുന്നു സുന്ദരേശൻ. 20 ാം വയസിലാണ് ബഹ്റൈനിൽ എത്തിയത്. വന്നശേഷം ഏജൻറിെൻറ കൈയിൽ വിസയും മറ്റ് രേഖകളും നൽകി ആറുമാസം ജോലിക്കായി കാത്തിരുന്നു. ലഭിക്കാതെ വന്നപ്പോൾ മറ്റൊരു മലയാളിയുടെ തുന്നൽക്കടയിൽ ജോലിക്ക് പോയി. അയ്യാളുടെ വാക്ക് വിശ്വാസിച്ച് തുന്നൽക്കട ഏറ്റെടുത്തതാണ് ജീവിതം ഇരുളിലാകാൻ കാരണമായത്. കെട്ടിടം ഉടമ ഇൗ ഇടപാടിനെ കുറിച്ച് അറിയുന്നത് മാസങ്ങൾ കഴിഞ്ഞപ്പോഴായിരുന്നു. തുടർന്ന് ഉടമ മാസവാടക കാര്യമായി കൂട്ടിച്ചോദിച്ചപ്പോൾ, അതിന് തയ്യാറാകാതെ താൻ പണം കൊടുത്ത് വാങ്ങിയ സാധനങ്ങളുമായി കടയൊഴിഞ്ഞുവെന്നാണ് സുന്ദരേശൻ പറയുന്നത്. എന്നാൽ ഇതിനുശേഷം കെട്ടിട ഉടമ തെൻറ കടയിലെ സാധനങ്ങൾ മോഷ്ടിച്ചതായി കാട്ടി പരാതി നൽകുകയും തുടർന്ന് സുന്ദരേശന് യാത്രാവിലക്ക് വരികയും ചെയ്തു.
അതേസമയം തെൻറ പാസ്പോർട്ടും വിസയും ബഹ്റൈനിൽ കൊണ്ടുവന്ന ഏജൻറിെൻറ കൈവശമായിരുന്നതിനാൽ അയ്യാളെ അന്വേഷിച്ചായിരുന്നു സുന്ദരേശെൻറ യാത്ര. ഇതിനിടയിൽ പല ജോലികളും ചെയ്തു. എന്നാൽ വിസയും രേഖകളും ഇല്ലാതെ ജോലി ചെയ്യുന്നതിനാൽ പലപ്പോഴും പ്രതിഫലം നാമമാത്രമായിരുന്നു ലഭിച്ചത്. നാട്ടിൽ നിന്നെത്തി രണ്ട് വർഷം കഴിഞ്ഞപ്പോൾ അച്ഛൻ മരിച്ചു. 22 വർഷം കഴിഞ്ഞ് അമ്മ മരിച്ചു. അമ്മ മരിച്ചപ്പോൾ നാട്ടിൽ പോകാൻ ശ്രമിച്ചപ്പോഴാണ് യാത്രാവിലക്ക് ഉണ്ടെന്നും മുമ്പ് കെട്ടിട ഉടമ നൽകിയ പരാതിയാണ് അതിന് കാരണമെന്നും മനസിലായത്. 22850 ദിനാർ നഷ്ടപരിഹാരം നൽകിയാലെ യാത്രവിലക്ക് നീങ്ങൂവെന്ന് മനസിലായപ്പോൾ മാനസികമായ തളർച്ചയിലായി.
ഇതിനെ തുടർന്നാണ് ഉൾഗ്രാമങ്ങളിലേക്കും മരുഭൂമിയിലേക്കും പലായനം ചെയ്തത്. കുപ്പത്തൊട്ടിയിൽ നിന്ന് കൈയിട്ട് വാരിതിന്നും പൈപ്പ് വെള്ളം കുടിച്ചും ഖജുർ മരങ്ങളുടെ ചുവടെ കിടന്നുറങ്ങിയും കഴിഞ്ഞുകൂടി. അങ്ങനെ വർഷങ്ങളോളം ഒട്ടകത്തീറ്റ തിന്നും മണ്ണിലുറങ്ങിയും പ്രാകൃതനായി ജീവിച്ച ഇയ്യാളെ സലാംമമ്പാട്ടുമൂല എന്ന സാമൂഹിക പ്രവർത്തകനാണ് മരുഭൂമിയിൽ നിന്ന് രക്ഷപ്പെടുത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.