മനാമ: വേൾഡ് പോപുലേഷൻ റിവ്യൂ പുറത്തിറക്കിയ 2025 അറബ് ഭക്ഷ്യസുരക്ഷ സൂചികയിൽ ബഹ്റൈൻ ഗൾഫ് രാജ്യങ്ങളിൽ നാലാം സ്ഥാനവും അറബ് ലോകത്ത് ആറാം സ്ഥാനവും നേടി. ദേശീയ ഭക്ഷ്യസുരക്ഷ ശക്തിപ്പെടുത്തുന്നതിൽ രാജ്യം കൈവരിക്കുന്ന തുടർച്ചയായ പുരോഗതിയുടെ പ്രതിഫലനമാണിത്. ഭക്ഷണം ലഭ്യമാക്കാനുള്ള കഴിവ്, കരുതൽ ശേഖരങ്ങളുടെ സുസ്ഥിരത, വിതരണ ശൃംഖലകളുടെ കാര്യക്ഷമത എന്നിവയുടെ അടിസ്ഥാനത്തിൽ 12 അറബ് രാജ്യങ്ങളെയാണ് സൂചിക വിലയിരുത്തിയത്. 70.3 പോയന്റ് നേടിയാണ് ബഹ്റൈൻ മേഖലയിലെ മറ്റു പല രാജ്യങ്ങളെയും പിന്നിലാക്കിയത്. പ്രാദേശിക ഉൽപാദനത്തെ പിന്തുണക്കുന്നതിനും വിതരണ ശൃംഖലകൾ വികസിപ്പിക്കുന്നതിനും കാർഷിക-ഭക്ഷ്യ പങ്കാളിത്തം വിപുലീകരിക്കുന്നതിനും ഇൻവെന്ററി, സ്റ്റോക്ക് മാനേജ്മെന്റ് സംവിധാനങ്ങൾ മെച്ചപ്പെടുത്തുന്നതിനുമുള്ള തന്ത്രപരമായ സംരംഭങ്ങളിലൂടെ ഭക്ഷ്യസുരക്ഷ വർധിപ്പിക്കുന്നതിൽ ബഹ്റൈൻ നേടിയ വിജയമാണ് ഈ റാങ്കിങ് എടുത്തുകാണിക്കുന്നത്.
യു.എ.ഇ 75.2, ഖത്തർ 72.4, ഒമാൻ 71.2, ബഹ്റൈൻ 70.3, സൗദി അറേബ്യ 69.9, ജോർഡൻ 66.28 എന്നിങ്ങനെയാണ് പോയന്റ് നില. യമനും സുഡാനുമാണ് ഏറ്റവും കുറഞ്ഞ സ്കോർ രേഖപ്പെടുത്തിയത്. സ്വയംപര്യാപ്തത വർധിപ്പിക്കുന്നതിനും ലോജിസ്റ്റിക്സ് അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും ഭക്ഷ്യ-കാർഷിക മേഖലകളിൽ നിക്ഷേപം ആകർഷിക്കുന്നതിനും വേണ്ടി സമീപ വർഷങ്ങളിൽ സർക്കാർ നടത്തുന്ന ശ്രമങ്ങളുടെ ഫലമാണ് ബഹ്റൈന്റെ ഈ മികച്ച പ്രകടനം.
ഇത് കൂടുതൽ പ്രതിരോധശേഷിയുള്ളതും സുസ്ഥിരവുമായ ഭക്ഷ്യ ആവാസവ്യവസ്ഥക്ക് സംഭാവന നൽകുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.