മുഹറഖ് സൂഖ്
മനാമ: പഴയ മുഹറഖ് സൂഖിൽ അടുത്തിടെ നടത്തിയ പുനർവികസന പ്രവർത്തനങ്ങൾ കച്ചവടസ്ഥാപനങ്ങളെ പ്രതികൂലമായി ബാധിച്ചതിനെ തുടർന്ന് മുപ്പതോളം കടകൾ അടച്ചുപൂട്ടിയതായി റിപ്പോർട്ട്. റോഡ് അടച്ചുപൂട്ടൽ, നടപ്പാതകൾ വീതി കൂട്ടിയത്, വലിയ ചെടിച്ചട്ടികൾ സ്ഥാപിച്ചത് എന്നിവയാണ് കച്ചവടം കുറയാനുള്ള പ്രധാന കാരണങ്ങളായി വ്യാപാരികൾ ചൂണ്ടിക്കാട്ടുന്നത്. പാർക്കിങ് സൗകര്യങ്ങളുടെ കുറവ് കാരണം ഏറെക്കാലമായി നിലനിന്നിരുന്ന സ്ഥാപനങ്ങൾ പോലും നിലനിൽപ്പിനായി പാടുപെടുകയാണ്. വീതികൂട്ടിയ നടപ്പാതകൾ കാരണം ഉപഭോക്താക്കൾക്ക് കടകളിലേക്ക് എത്താൻ കഴിയാതെ വരുന്നുവെന്നും ചെടിച്ചട്ടികൾ പാർക്കിങ് സ്ഥലങ്ങൾ കൈയടക്കിയെന്നും വ്യാപാരികൾ പറയുന്നു. സന്ദർശകർക്ക് വാഹനം നിർത്താൻ ഇടം കിട്ടാത്തതിനാൽ അവർ മറ്റ് സ്ഥലങ്ങളെ ആശ്രയിക്കുകയാണെന്നും വ്യാപാരികൾ ചൂണ്ടിക്കാട്ടി.
ഈ പുനർവികസനം ചരിത്രപരമായ ഈ മാർക്കറ്റിന്റെ ആത്മാവിനെ നശിപ്പിച്ചു എന്നാണ് പ്രദേശത്തെ കച്ചവടക്കാരനായ ഫൗദ് ശുവൈത്തർ സ്ഥിതിഗതികൾ വിലയിരുത്തി പറഞ്ഞത്. ചൊവ്വാഴ്ച നടന്ന പാർലമെന്റ് സമ്മേളനത്തിൽ, സൂഖിലെ ഇപ്പോഴത്തെ രൂപകൽപന മാറ്റണമെന്ന് ആവശ്യപ്പെട്ട് എം.പിമാർ ഐകകണ്ഠ്യേന വോട്ട് ചെയ്തിരുന്നു. ഈ മാറ്റങ്ങൾ കാരണം സന്ദർശകരുടെ എണ്ണത്തിൽ ഏകദേശം 80 ശതമാനം കുറവുണ്ടായതായും എം.പിമാർ വാദിച്ചു.
യഥാർഥ പാർക്കിങ് സംവിധാനം പുനഃസ്ഥാപിക്കുക, വീതികൂട്ടിയ നടപ്പാതകൾക്ക് വീതി കുറക്കുക, പുതിയതായി സ്ഥാപിച്ച ചെടിച്ചട്ടികൾ നീക്കം ചെയ്യുക, അധിക പാർക്കിങ്ങിനായി അടുത്തുള്ള സ്ഥലം ഏറ്റെടുക്കുന്നത് പരിഗണിക്കുക എന്നീ മാറ്റങ്ങൾക്കാണ് എം.പിമാർ പാർലമെന്റിൽ നിർദേശം വെച്ചത്.
പുനർവികസനം സൂഖിന്റെ സാംസ്കാരിക സ്വഭാവം വർധിപ്പിക്കാൻ ലക്ഷ്യമിട്ടുള്ളതായിരുന്നെങ്കിലും, അത് അബദ്ധവശാൽ വാണിജ്യ ജീവിതത്തെ ദോഷകരമായി ബാധിക്കുകയും ഗതാഗതക്കുരുക്ക് ഉണ്ടാക്കുകയും സന്ദർശകരെ ബുദ്ധിമുട്ടിക്കുകയും ചെയ്തെന്ന് നിയമനിർമാതാക്കൾ അഭിപ്രായപ്പെട്ടു. ഈ അടിയന്തരപ്രമേയം തുടർനടപടികൾക്കായി കാബിനറ്റിന് കൈമാറിയിരിക്കുകയാണ്.
അടുത്തയാഴ്ച ആരംഭിക്കാനിരിക്കുന്ന മുഹറഖ് നൈറ്റ്സ് പരിപാടിക്ക് സൂഖ് ആതിഥേയത്വം വഹിക്കാനിരിക്കെ നിലവിലെ അവസ്ഥ ഏറെ ആശങ്കയുണ്ടാക്കുന്നുണ്ടെന്ന് മുഹറഖ് മുനിസിപ്പൽ കൗൺസിൽ ചെയർമാൻ അബ്ദുൽ അസീസ് അൽ നാറും കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.