മനാമ: ഏഴ് വർഷമായി ഒാർമ നഷ്ടപ്പെട്ട് ബഹ്റൈനിൽ ആശുപത്രിയിൽ കിടക്കുന്ന എറണാകുളം സ്വദേശി പൊന്നെൻറ നാട്ടിലെ ബന്ധുക്കളെ കുറിച്ചുള്ള വിവരങ്ങൾ അന്വേഷിച്ച് കണ്ടെത്തുന്നതിനും ഇദ്ദേഹത്തെ നാട്ടിലേക്ക് കൊണ്ടുവരുന്നതിനുമായി അന്വേഷിച്ച് നടപടിയെടുക്കാൻ കേരള മുഖ്യമന്ത്രിയുടെ ഒാഫീസിൽ നിന്ന് നിർദേശം നൽകിയതായി മുഖ്യമന്ത്രിയുടെ ഒാഫീസിലെ കംപ്യൂട്ടർ സെൽ അണ്ടർ സെക്രട്ടറി അറിയിച്ചു. ‘ഗൾഫ് മാധ്യമം’ ഇന്നലെ പ്രസിദ്ധീകരിച്ച വാർത്ത സഹിതം ‘പ്രതിഭ ബഹ്റൈൻ’ നേതാവ് പി.ടി നാരായണൻ നൽകിയ അപേക്ഷ കണക്കിലെടുത്താണ് നിർദേശം നൽകിയത്. ഇത് സംബന്ധിച്ച് പി.ടി നാരായണന് മുഖ്യമന്ത്രിയുടെ ഒാഫീസിലെ കംപ്യൂട്ടർ സെൽ അണ്ടർ സെക്രട്ടറി അറിയിപ്പ് നൽകിയിട്ടുണ്ട്.
ഏഴ് വർഷമായി സ്വയം മറന്ന നിലയിൽ ആശുപത്രി കിടക്കയിൽ കഴിയുന്ന എറണാകുളം സ്വദേശിയായ 52 കാരനെ കുറിച്ചുള്ള വാർത്ത ‘ഗൾഫ് മാധ്യമ’മാണ് പുറത്തുകൊണ്ടുവന്നത്. തുടർന്ന് ഇയ്യാളെ കുറിച്ചുള്ള ചില സൂചനകൾ ഒരാൾ ‘ഗൾഫ് മാധ്യമം’ ഒാഫീസിലേക്ക് വിളിച്ചറിയിച്ചിരുന്നു. അതുപ്രകാരമാണ് പൊന്നൻ എന്ന വിളിപ്പേരും എറണാകുളം ജില്ലക്കാരനാണെന്നും പെയിൻറിങ് ജോലിക്കിടെ കെട്ടിടത്തിൽ നിന്ന് വീണ് പരിക്കേറ്റതായും വെളിപ്പെട്ടത്. ആശുപത്രിയിൽ കഴിയുന്ന പൊന്നൻ തെൻറ പേര് പൊന്നപ്പൻ എന്ന് ചിലപ്പോൾ പറയുന്നുണ്ടെങ്കിലും ചിലപ്പോൾ മറ്റ് പേരാണ് പറയുക.
ബന്ധുക്കളെ കുറിച്ചോ നാടിനെ കുറിച്ചോ ഇദ്ദേഹത്തിന് കൃത്യമായ ധാരണയില്ല. ആശുപത്രി രേഖകളിൽ ‘പുരു’ എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാൽ പാസ്പോർട്ട് നമ്പരോ മറ്റ് രേഖകളോ ആശുപത്രിയിലും ഇല്ല. ആദ്യം സൽമാനിയ ആശുപത്രിയിൽ കഴിഞ്ഞ പൊന്നനെ തുടർന്ന് മുഹറഖ് ജെറിയാട്രിക് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഉറ്റവരും ഉടയവരും ഇല്ലാത്ത രോഗികളെ പരിചരിക്കുന്ന ഇവിടെ ഇദ്ദേഹം എളുപ്പം സുഖം പ്രാപിച്ചുവെങ്കിലും ഒാർമ തിരികെ കിട്ടാത്ത നിലയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.