മനാമ: ഓൺലൈൻ സ്റ്റോറുകൾ എന്ന വ്യാജേന പ്രവർത്തിക്കുന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ടുകൾ വ്യാപകമാവുന്നതിനെതിരെ ആഭ്യന്തര മന്ത്രാലയത്തിന്റെ അഴിമതി വിരുദ്ധ, സാമ്പത്തിക, ഇലക്ട്രോണിക് സുരക്ഷവിഭാഗം മുന്നറിയിപ്പ് നൽകി. പുതിയ ഐഫോൺ മോഡലുകളുടെ വരവ് മുതലെടുത്ത് ആകർഷകമായ ഓഫറുകൾ നൽകി ആളുകളെ കബളിപ്പിച്ച് വ്യക്തിഗത വിവരങ്ങളും സാമ്പത്തികവിവരങ്ങളും തട്ടിയെടുക്കാനാണ് തട്ടിപ്പുകാർ ശ്രമിക്കുന്നതെന്ന് അധികൃതർ വ്യക്തമാക്കി.
വ്യാജ ചിത്രങ്ങളും ഉപഭോക്തൃ സാക്ഷ്യപത്രങ്ങളും ഉപയോഗിച്ചും വലിയ വിലക്കിഴിവുകൾ വാഗ്ദാനം ചെയ്തുമാണ് ഇവർ ആളുകളെ വലയിലാക്കുന്നത്. പണവും പ്രധാന വിവരങ്ങളും നിയമവിരുദ്ധമായി ശേഖരിക്കുകയാണ് തട്ടിപ്പുകാരുടെ പ്രധാന ലക്ഷ്യം.
ഇത്തരം പരസ്യങ്ങളിൽ വഞ്ചിതരാകാതെ ജാഗ്രത പാലിക്കണമെന്ന് ഡയറക്ടറേറ്റ് പൊതുജനങ്ങളോട് അഭ്യർഥിച്ചു. ഒരു കാരണവശാലും വ്യക്തിഗത വിവരങ്ങളോ ബാങ്കിങ് വിവരങ്ങളോ ഇത്തരം അക്കൗണ്ടുകളുമായി പങ്കിടരുതെന്നും അവർ നിർദേശിച്ചു.
സംശയാസ്പദമായ ഓൺലൈൻ പ്രവർത്തനങ്ങൾ നിരീക്ഷിക്കുകയും ഉപയോക്താക്കളെ സംരക്ഷിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുകയും ചെയ്യുന്നത് തുടരുമെന്നും ഡയറക്ടറേറ്റ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.