മനാമ: ബഹ്റൈനിൽ ഇനിമുതൽ ഒരു ടാക്സിക്ക് മൂന്ന് അംഗീകൃത ഡ്രൈവർമാർ വരെ ഉണ്ടാകാമെന്ന് ഗതാഗത, ടെലികമ്യൂണിക്കേഷൻസ് മന്ത്രാലയം അറിയിച്ചു. ടാക്സി മേഖലയിൽ പുതിയ നിയമം പ്രഖ്യാപിച്ചിരിക്കുകയാണ് ഗതാഗത മന്ത്രാലയം. ബഹ്റൈനി ടാക്സി ഡ്രൈവർമാർക്ക് അവരുടെ അടുത്ത ബന്ധുക്കളെ (ഫസ്റ്റ്-ഡിഗ്രി റിലേറ്റീവ്സ്) അസിസ്റ്റന്റ് ഡ്രൈവർമാരായി ഒരേ വാഹനത്തിൽ ജോലി ചെയ്യാൻ അനുവദിക്കും.
തുടർച്ചയായ ടാക്സി സേവനം ഉറപ്പാക്കുക, പൗരന്മാർക്ക് കൂടുതൽ സൗകര്യങ്ങൾ ഒരുക്കുക, കൂടാതെ ഈ മേഖലയിൽ കുടുംബാംഗങ്ങളുടെ പങ്കാളിത്തം വർധിപ്പിക്കുക എന്നിവയാണ് പുതിയ നിയമത്തിന്റെ ലക്ഷ്യമെന്ന് ലാൻഡ് ട്രാൻസ്പോർട്ട് ആൻഡ് പോസ്റ്റൽ അഫയേഴ്സ് അണ്ടർ സെക്രട്ടറി ഫാത്തിമ അൽ ദായിൻ വ്യക്തമാക്കി.
വർധിച്ചുവരുന്ന ആവശ്യകത നിറവേറ്റുന്നതിനും താമസക്കാർക്കും സന്ദർശകർക്കും മെച്ചപ്പെട്ട യാത്രാനുഭവം നൽകുന്നതിനും ഈ തീരുമാനം സഹായിക്കുമെന്നും മന്ത്രാലയം അറിയിച്ചു.സേവനത്തിന്റെ ഗുണനിലവാരവും ചിട്ടയായ പ്രവർത്തനങ്ങളും ഉറപ്പാക്കുന്നതിനുള്ള എല്ലാ മാനദണ്ഡങ്ങളും പാലിക്കുമെന്ന് മന്ത്രാലയം ഊന്നിപ്പറഞ്ഞു.ലൈസൻസുള്ള ഡ്രൈവർമാർക്ക് ആവശ്യമായ വിവരങ്ങൾ മന്ത്രാലയത്തിന്റെ വെബ്സൈറ്റായ www.mtt.gov.bhൽ ലഭ്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.