മനാമ: കടുത്ത സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ പ്രായപൂർത്തിയാകാത്ത രണ്ടാനമ്മയുടെ മകളെ വേശ്യാവൃത്തിക്ക് പ്രേരിപ്പിക്കുകയും നിർബന്ധിക്കുകയും ചെയ്ത കേസിൽ 38കാരിയായ പാകിസ്താൻ സ്വദേശിനിക്ക് ബഹ്റൈൻ ഹൈ ക്രിമിനൽ കോടതി മൂന്ന് വർഷം തടവുശിക്ഷ വിധിച്ചു. ശിക്ഷ കാലാവധിക്കുശേഷം ഇവരെ നാടുകടത്താനും കോടതി ഉത്തരവിട്ടു. തടവിന് പുറമെ 2,000 ബഹ്റൈൻ ദിനാർ പിഴയൊടുക്കാനും പെൺകുട്ടിയെ സ്വന്തം നാട്ടിലേക്ക് തിരിച്ചയക്കാനുള്ള ചെലവ് വഹിക്കാനും കോടതി ഉത്തരവിട്ടു. വേശ്യാവൃത്തി എന്ന ലക്ഷ്യത്തോടെ തന്നെയാണ് രണ്ടാനമ്മ 17 വയസ്സുകാരിയുമായി പാകിസ്താനിൽനിന്ന് ബഹ്റൈനിലെത്തിയത്. പെൺകുട്ടിയെ രണ്ട് വ്യത്യസ്ത ഫ്ലാറ്റുകളിലായി താമസിപ്പിക്കുകയും അവിടെ കസ്റ്റമർമാരെ എത്തിച്ച് പെൺകുട്ടിയെ ചൂഷണം ചെയ്യുകയുമായിരുന്നു ഇവർ ചെയ്തിരുന്നത്. സോഷ്യൽ മീഡിയ വഴിയാണ് ഇവർ ഇടപാടുകാരെ കണ്ടെത്തിയിരുന്നത്.
ദിവസേന ഏഴ് ഇടപാടുകാരെവരെ പെൺകുട്ടിയുടെ അടുത്തേക്ക് എത്തിച്ചിരുന്നതായി പ്രതി പബ്ലിക് പ്രോസിക്യൂഷനോട് സമ്മതിച്ചു. ഓരോരുത്തരിൽനിന്നും 10 മുതൽ 20 ദിനാർ വരെയാണ് വാങ്ങിയിരുന്നത്. ഈ തുക മുഴുവൻ പ്രതി തന്നെയാണ് കൈവശപ്പെടുത്തിയിരുന്നത്. പെൺകുട്ടിയുടെ പിതാവിനെ സ്വാധീനിച്ച്, കുടുംബത്തിലെ ദാരിദ്ര്യം മാറ്റാൻ ഈ വഴി തിരഞ്ഞെടുക്കാമെന്ന് രണ്ടാനമ്മ സമ്മതിപ്പിക്കുകയായിരുന്നു എന്ന് കോടതി രേഖകൾ വ്യക്തമാക്കുന്നു. സമൂഹത്തിന് ഭീഷണിയായ ഇത്തരം അധാർമിക പ്രവർത്തനങ്ങളെ ഇല്ലാതാക്കണമെന്ന് പ്രോസിക്യൂട്ടർ കോടതിയിൽ ആവശ്യപ്പെട്ടു. മാനുഷികമായ എല്ലാ മൂല്യങ്ങളും ലംഘിച്ച ക്രൂരമായ കുറ്റകൃത്യമാണിതെന്നും പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.