മനാമ: രാജ്യത്തെ പബ്ലിക് ഫാർമസികളുടെ ഉടമാവകാശം ബഹ്റൈൻ പൗരന്മാർക്ക് മാത്രമായി പരിമിതപ്പെടുത്തണമെന്നും ഈ മേഖലയിൽ സ്വദേശിവത്കരണം ശക്തമാക്കണമെന്നും ആവശ്യപ്പെട്ട് എം.പിമാർ അടിയന്തര പ്രമേയം സമർപ്പിച്ചു.
ഫാർമസി മേഖലയിലെ പ്രഫഷനൽ പരിശോധനകൾ കർശനമാക്കണമെന്നും പ്രമേയം ആവശ്യപ്പെടുന്നുണ്ട്. 1997ലെ ഡിക്രി നിയമം (ആർട്ടിക്കിൾ 27) അനുസരിച്ച് ഫാർമസി ലൈസൻസുകൾ ബഹ്റൈൻ പൗരന്മാർക്കും ബഹ്റൈനി കമ്പനികൾക്കും മാത്രമായി പരിമിതപ്പെടുത്തുക, ഓരോ ഫാർമസിയും ലൈസൻസുള്ള ഒരു ഫാർമസിസ്റ്റ് നേരിട്ട് നടത്തുക, ഒരു ഫാർമസിസ്റ്റിന് ഒരേസമയം ഒന്നിലധികം ഫാർമസികൾ നടത്താൻ അനുമതി നൽകരുത്, ഫാർമസികൾ തുറന്നിരിക്കുന്ന സമയമത്രയും ലൈസൻസുള്ള ഫാർമസിസ്റ്റിന്റെ സേവനം ഉറപ്പാക്കണം, ഫാർമസികളിൽ ജോലി ചെയ്യുന്നവർ നിയമപരവും പ്രഫഷനലുമായ യോഗ്യതകൾ ഉള്ളവരാണോ എന്ന് ഉറപ്പുവരുത്താൻ കൃത്യമായ ഇടവേളകളിൽ പരിശോധന നടത്തണം തുടങ്ങിയവയാണ് മുന്നോട്ടുവെച്ച നിർദേശങ്ങൾ.
ആരോഗ്യമേഖലയിൽ, പ്രത്യേകിച്ച് ഫാർമസി രംഗത്ത് ബഹ്റൈനികൾക്ക് കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുക എന്നതാണ് ഈ നീക്കത്തിന്റെ പ്രധാന ലക്ഷ്യമെന്ന് ഖാലിദ് ബൂഅനഖ് പറഞ്ഞു.
സ്വദേശി നിക്ഷേപകരെ സംരക്ഷിക്കുന്നതിലൂടെ ദേശീയ സമ്പദ്വ്യവസ്ഥയെ ശക്തിപ്പെടുത്താനും പൊതുജനാരോഗ്യ സേവനങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കാനും സാധിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. പൊതുജനങ്ങളുമായി നേരിട്ട് ബന്ധപ്പെടുന്ന അടിസ്ഥാന ആരോഗ്യ സൗകര്യങ്ങളാണ് ഫാർമസികൾ.
അതിനാൽ, മരുന്നുകളുടെ സുരക്ഷിതമായ കൈകാര്യം ഉറപ്പാക്കാൻ വ്യക്തമായ നിയമനിർമാണം അത്യാവശ്യമാണെന്നും പ്രമേയത്തിൽ ചൂണ്ടിക്കാട്ടുന്നു. നിയമം നേരിട്ടോ അല്ലാതെയോ ലംഘിക്കാനുള്ള നീക്കങ്ങൾക്കെതിരെ കർശന നടപടി വേണമെന്നും എം.പിമാർ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.