മുഹറഖ് നൈറ്റ്സ് ഉദ്ഘാടനത്തിനെത്തിയ ശൈഖ് മുഹമ്മദ് ബിൻ സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ, മുഹറഖ് നൈറ്റ്സിൽ നിന്ന്
മനാമ: ബഹ്റൈന്റെ സമ്പന്നമായ സാംസ്കാരിക പൈതൃകവും കലാരവങ്ങളും ആഘോഷിക്കുന്ന രാവുകൾക്ക് പൈതൃക നഗരമായ മുഹറഖിൽ തുടക്കമായി. ‘സെലിബ്രേറ്റ് ബഹ്റൈൻ’ സീസണിന്റെ ഭാഗമായാണ് ‘മുഹറഖ് നൈറ്റ്സ്’ ഫെസ്റ്റിവലിന്റെ നാലാമത് എഡിഷൻ നടക്കുന്നത്.
ഉദ്ഘാടന ചടങ്ങിൽ ശൈഖ് മുഹമ്മദ് ബിൻ സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ പങ്കെടുത്തു. ഖലഅത്ത് ബു മാഹിർ മുതൽ പേൾ മ്യൂസിയമായ സിയാദി മജ്ലിസ് വരെ നീളുന്ന ‘പേളിങ് പാത്തി’ലാണ് ആഘോഷ പരിപാടികൾ അരങ്ങേറുന്നത്. മുഹറഖ് നഗരത്തിന്റെ സമ്പന്നമായ ചരിത്രവും ഊർജസ്വലമായ സംസ്കാരവുമാണ് ഈ ഉത്സവത്തിലൂടെ ആഘോഷിക്കപ്പെടുന്നത്.
ഡിസംബർ ഒന്നു മുതൽ 30 വരെ ഒരു മാസക്കാലം നീണ്ടുനിൽക്കുന്ന ആഘോഷ രാത്രി നയനമനോഹര കാഴ്ചകളാലും ആനന്ദത്തിന്റെ ഈരടികളാലും പൈതൃക സംസ്കാരത്തിന്റെ അതിപ്രസരത്താലും സമ്പന്നമാണ്.
വൈകീട്ട് അഞ്ച് മുതൽ ആരംഭിക്കുന്ന ആഘോഷത്തിലേക്ക് രാജ്യത്തിനകത്തും പുറത്തുമുള്ള നിരവധി ആസ്വാദകരെയാണ് പ്രതീക്ഷിക്കുന്നത്. ഉദ്ഘാടന ദിവസമായ ഇന്നലെ മാത്രം വിദേശികളും സ്വദേശികളുമായി ആയിരക്കണക്കിന് സന്ദർശകരാണ് പേളിങ് പാത്ത് സന്ദർശിക്കാനും നൈറ്റ്സ് ആഘോഷിക്കാനുമെത്തിയത്.
ഞായർ മുതൽ ബുധൻ വരെ വൈകീട്ട് 5 മണി മുതൽ രാത്രി 10 മണി വരെയും വ്യാഴം മുതൽ ശനി വരെ വൈകുന്നേരം 5 മണി മുതൽ അർധരാത്രി വരെയുമാണ് ഫെസ്റ്റ്.
രാജ്യത്ത് നടക്കുന്ന ഇത്തരം ദേശീയ ഉത്സവങ്ങളും പരിപാടികളും ടൂറിസത്തിനും സമ്പദ്വ്യവസ്ഥക്കും വലിയ ഉത്തേജനം നൽകുമെന്ന് ശൈഖ് മുഹമ്മദ് ബിൻ സൽമാൻ അഭിപ്രായപ്പെട്ടു.
രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫയുടെ നേതൃത്വത്തിനും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയുടെ നിർദേശങ്ങൾക്കും നന്ദി അറിയിച്ച അദ്ദേഹം, ഈ പരിപാടികൾ രാജ്യത്തിന്റെ പൈതൃകവും വിജയങ്ങളും പ്രതിഫലിപ്പിക്കുന്നു എന്നും കൂട്ടിച്ചേർത്തു.
കലയെയും സംസ്കാരത്തെയും ആഘോഷിക്കുന്ന രാവുകൾ
സയാദി പേൾ മ്യൂസിയത്തിൽ പ്രദർശിപ്പിച്ച പേൾ ആഭരണങ്ങൾ
ബഹ്റൈന്റെ സമ്പന്നമായ മുത്തുവാരൽ വ്യവസായത്തെ ഓർമിപ്പിക്കുന്ന ചരിത്രങ്ങൾ പറയുന്ന വീടുകളെ ബന്ധിപ്പിച്ചുകൊണ്ടാണ് 3.5 കിലോമീറ്റർ നീളത്തിൽ പേളിങ് പാത്ത് ഒരുക്കിയിരിക്കുന്നത്. പഴമയുടെ പൈതൃകത്തെ തനതായി നിലനിർത്തിയും ആധുനികതയുടെ തനിമ സമന്വയിപ്പിച്ചുമാണ് ഈ ഉത്സവം അരങ്ങേറുന്നത്. രാത്രിയെ വർണവിളക്കുകളിൽ തെളിയുന്ന പഴയ കെട്ടിടങ്ങളും ആദ്യകാലത്തെ മുത്തുവാരൽ വ്യാപാരികളുടെയും മുങ്ങൽ വിദഗ്ധരുടെയും വീടുകളും സമുച്ചയങ്ങളും സന്ദർശകർക്ക് നവ്യാനുഭവമാണ് നൽകുന്നത്. സയാദി മജ്ലിസിൽ പ്രദർശിപ്പിച്ച മുത്തുകളുടെയും പവിഴങ്ങളുടെയും ശേഖരങ്ങളും ആഭരണങ്ങളും മറ്റൊരു കൗതുകക്കാഴ്ച ഉണർത്തുന്നുണ്ട്.
കഴിഞ്ഞ കാലങ്ങളേക്കാൾ കൂടുതലായി ഇത്തവണ സാംസ്കാരിക കലാ പരിപാടികളും വേദികളും അധികമുണ്ട്. ബെയ്ത് അൽ നഖ്ദ, സൂഖ് അൽ ഖൈസരിയ്യ എന്നിവിടങ്ങളിൽ പരമ്പരാഗത കരകൗശല വസ്തുക്കളുടെ പ്രദർശനം, പുസ്തകശാലകൾ, ഫുഡ് സ്റ്റാളുകൾ എന്നിവയും സജ്ജീകരിച്ചിട്ടുണ്ട്. ഖലഅത്ത് ബു മാഹിർ പോർട്ടിൽ ഒരുക്കിയ വേദിയിൽ വരും ദിവസങ്ങളിൽ വിവിധ സംഗീത പരിപാടികൾ അരങ്ങേറും. കുട്ടികൾക്കായും വിവിധ പരിപാടികൾ ഒരുക്കിയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്കും മുഴുവൻ പരിപാടികൾക്കുമായി www.pearlingpath.bh സന്ദർശിക്കുക.
ജലഗതാഗതവും ഷട്ടിൽ ബസുകളും വിപുലമായ യാത്രാ സൗകര്യങ്ങൾ
മനാമ: മുഹറഖ് നൈറ്റ്സിനെത്തുന്ന സന്ദർശകരെ ഏറെ അലട്ടുന്ന ഒരു പ്രശ്നമാണ് പാർക്കിങ് എന്നത്. എന്നാൽ അതിന് മികച്ച സംവിധാനങ്ങളും മാർഗങ്ങളുമാണ് ഇത്തവണ ഒരുക്കിയിരിക്കുന്നത്.
ഫെസ്റ്റിവലിൽ എത്താനുള്ള ഏറ്റവും സൗകര്യപ്രദമായ മാർഗമായി ഇത്തവണ സജ്ജമാക്കിയത് ഷട്ടിൽ ബസ് സർവിസ് ആണ്. കൂടാതെ വിപുലീകരിച്ച പാർക്കിങ് സൗകര്യങ്ങൾ, ജലഗതാഗത സേവനങ്ങൾ എന്നിവയിൽ ഇത്തവണ അധിക സൗകര്യങ്ങൾ സജ്ജമാക്കിയിട്ടുണ്ട്.
ഏറ്റവും കൂടുതൽ സന്ദർശകരെ ഉൾക്കൊള്ളാൻ കഴിയുന്ന രണ്ട് പ്രധാന സ്ഥലങ്ങളിൽ നിന്നാണ് ഷട്ടിൽ ബസുകൾ പുറപ്പെടുന്നത്. മനാമയിലെ ഡിപ്ലോമാറ്റ് റാഡിസൺ ബ്ലൂ ഹോട്ടലിന് എതിർവശത്തായി, ശൈഖ് ഹമദ് പാലത്തിനും ശൈഖ് ഈസ സൽമാൻ പാലത്തിനും ഇടയിലാണ് ഈ പ്രധാന പാർക്കിങ് കേന്ദ്രം. എല്ലാ ഗവർണറേറ്റുകളിൽ നിന്നുമുള്ള സന്ദർശകരെ ലക്ഷ്യമിട്ടാണ് ഇത് സ്ഥാപിച്ചിരിക്കുന്നത്.
ഇവിടെനിന്നാണ് മുഹറഖിലേക്ക് ബസ് ഷട്ടിൽ സർവിസ് നടത്തുന്നത്. ഭിന്നശേഷിക്കാർക്കുള്ള സൗകര്യങ്ങളുള്ള ബസും ഇവിടെ ലഭ്യമാണ്.
രണ്ടാമത്തെ പാർക്കിങ് മറാസ്സി ഗാലറിയ സ്റ്റേഷൻ ആണ്. സമീപ പ്രദേശങ്ങളിൽ നിന്നും ചുറ്റുവട്ടങ്ങളിൽ നിന്നുമുള്ള സന്ദർശകരെ ലക്ഷ്യമിട്ടാണ് ഈ രണ്ടാമത്തെ പിക്കപ്പ് പോയന്റ്. സന്ദർശകർക്ക് അവരുടെ വാഹനങ്ങൾ ഈ രണ്ട് സ്ഥലങ്ങളിൽ പാർക്ക് ചെയ്ത് ഷട്ടിൽ ബസുകളിൽ ഫെസ്റ്റിവൽ സ്ഥലത്തേക്ക് യാത്ര ചെയ്യാം.
30 ബസുകളാണ് ഇതിനായി ഒരുക്കിയിരിക്കുന്നത്. ഗതാഗതക്കുരുക്കിനനുസരിച്ച് 16 മുതൽ 20 മിനിറ്റ് വരെയാണ് യാത്രസമയം കണക്കാക്കുന്നത്. പ്രവൃത്തി ദിവസങ്ങളിൽ വൈകുന്നേരം 4 മണി മുതൽ രാത്രി 10 മണി വരെയും വാരാന്ത്യങ്ങളിൽ വൈകുന്നേരം 4 മണി മുതൽ അർധരാത്രി വരെയും ബസുകൾ സർവിസ് നടത്തും.
ബഹ്റൈൻ നാഷനൽ മ്യൂസിയം, ദി അവന്യൂസ്, സആദ, ഫോർ സീസൺസ് ഹോട്ടൽ ബഹ്റൈൻ ബേ എന്നീ നാല് പോയന്റുകളിൽ നിന്ന് ബോട്ട് യാത്രകളും മുഹറഖിലേക്ക് ലഭ്യമാണ്. പ്രവൃത്തി ദിവസങ്ങളിൽ വൈകീട്ട് 4.30 മുതൽ രാത്രി 10.30 വരെയും വാരാന്ത്യങ്ങളിൽ വൈകുന്നേരം 4.30 മുതൽ രാത്രി 12.30 വരെയുമാണ് ബോട്ടുകളുണ്ടാവുക.
കൂടാതെ, സന്ദർശകർക്ക് സൗജന്യവും പണം നൽകേണ്ടതുമായ പാർക്കിങ് ഓപ്ഷനുകളും ഫെസ്റ്റിവൽ ഗ്രൗണ്ടിനുള്ളിൽ ചെറിയ ഫീസ് നൽകി ഉപയോഗിക്കാവുന്ന ഗോൾഫ് ബഗ്ഗികളും ലഭ്യമാണ്. നിർദേശങ്ങൾ യഥാക്രമം പാലിച്ച് അനുവദിച്ച പാർക്കിങ് ഏരിയകളിൽ മാത്രം വാഹനം നിർത്തണമെന്നും ഷട്ടിൽ ബസ് സർവിസ് പരമാവധി പ്രയോജനപ്പെടുത്തണമെന്നുമാണ് സന്ദർശകരോട് ബഹ്റൈൻ അതോറിറ്റി ഫോർ കൾച്ചർ ആൻഡ് ആന്റിക്വിറ്റീസ് അധികൃതർ അറിയിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.