മനാമ: സ്വകാര്യമേഖലയിലെ ജീവനക്കാർക്ക് യാത്രാബത്ത നിർബന്ധമാക്കുന്ന നിയമഭേദഗതിക്ക് നിർദേശം മുന്നോട്ടുവെച്ച് ജലാൽ കാദം അൽ മഹ്ഫൂദ് എം.പി. നിയമത്തിന് അംഗീകാരം ലഭിച്ചാൽ, കമ്പനികൾ എല്ലാ ജീവനക്കാർക്കും യാത്രാബത്ത നൽകേണ്ടിവരും. ഉയർന്ന ജീവിതച്ചെലവ് ലഘൂകരിക്കാൻ ലക്ഷ്യമിട്ടാണ് ഈ നിർദേശം സമർപ്പിച്ചത്.
സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് കുറഞ്ഞത് 15 ദിനാർ യാത്രാബത്ത നിർബന്ധമാക്കുന്നതിനുള്ള കരട് ഭേദഗതിയാണ് അദ്ദേഹം 2012-ലെ ‘എംപ്ലോയ്മെന്റ് ഇൻ ദ പ്രൈവറ്റ് സെക്ടർ ലോ’യ്ക്ക് സമർപ്പിച്ചത്. കമ്പനി യാത്രാസൗകര്യം നൽകുന്നുണ്ടെങ്കിൽ ഈ തുക നൽകേണ്ടതില്ല. വർഷങ്ങളായി സ്വകാര്യമേഖലയിലെ തൊഴിലാളികളുടെ വേതനം വർധിക്കാത്തതും ജീവിതച്ചെലവ് കൂടിയതും കണക്കിലെടുത്താണ് ഈ നീക്കമെന്ന് അൽ മഹ്ഫൂദ് എം.പി പറഞ്ഞു.
സ്വകാര്യ മേഖലയിലെ ശമ്പളം ഏറെക്കാലമായി വർധിച്ചിട്ടില്ല എന്ന യാഥാർഥ്യം നാം അംഗീകരിക്കണം, അതേസമയം ഗതാഗതമുൾപ്പെടെയുള്ള ജീവിതച്ചെലവുകൾ കുതിച്ചുയരുകയാണ്. ഇത് കുടുംബങ്ങളെ വലിയ സാമ്പത്തിക പ്രതിസന്ധിയിലാക്കുന്നു. യാത്രാബത്ത ഏർപ്പെടുത്തുന്നതിലൂടെ അവർക്ക് ഒരു ആശ്വാസം നൽകാൻ കഴിയുമെന്നും ജലാൽ കാദം എം.പി പറഞ്ഞു.
സർക്കാർ ജീവനക്കാർക്ക് കുറഞ്ഞത് 20 ദിനാർ പ്രതിമാസ യാത്രാബത്ത ലഭിക്കുമ്പോൾ, സ്വകാര്യമേഖലയിലെ ജീവനക്കാർക്ക് ഇത്തരം ആനുകൂല്യങ്ങൾ ലഭിക്കുന്നില്ല. ഈ അസമത്വം തൊഴിൽ മേഖലയിൽ വലിയ വേർതിരിവ് സൃഷ്ടിക്കുന്നുണ്ടെന്ന് അൽ മഹ്ഫൂദ് ചൂണ്ടിക്കാട്ടി. സ്വകാര്യമേഖലയിലെ 15 ദിനാർ യാത്രാബത്ത നിർബന്ധമാക്കുന്നതിലൂടെ രണ്ട് മേഖലകളിലെയും വിടവ് നികത്താനും സാമൂഹ്യനീതി ഉറപ്പാക്കാൻ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നിലവിലെ നിയമത്തിലെ പരിമിതികൾ
നിലവിലെ തൊഴിൽ നിയമത്തിലെ ആർട്ടിക്കിൾ 10 അനുസരിച്ച്, ലേബർ മന്ത്രാലയം നിർദേശിക്കുന്ന പ്രത്യേക സ്ഥലങ്ങളിൽ മാത്രം തൊഴിലാളികൾക്ക് യാത്രാസൗകര്യം ഒരുക്കിയാൽ മതിയായിരുന്നു.
എന്നാൽ, ഈ നിയമം മൂലം ഭൂരിഭാഗം സ്വകാര്യമേഖലാ ജീവനക്കാർക്കും യാത്രാച്ചെലവ് സ്വയം വഹിക്കേണ്ടിയിരുന്നു. അൽ മഹ്ഫൂദിന്റെ നിർദേശമനുസരിച്ച്, ആർട്ടിക്കിൾ 10 ഭേദഗതി ചെയ്ത്, തൊഴിലുടമ ജീവനക്കാർക്ക് പ്രതിമാസം കുറഞ്ഞത് 15 ദിനാർ യാത്രാബത്ത നൽകണം. കൂടാതെ, നിലവിലെ നിയമം അനുസരിച്ച് നിശ്ചിത സ്ഥലങ്ങളിലേക്ക് യാത്രാസൗകര്യം നൽകുന്നത് തുടരുകയും വേണം.
യാത്രാസൗകര്യം ഒരു ആഡംബരമല്ല, അത് ഒരു ആവശ്യകതയാണെന്നും അദ്ദേഹം പറഞ്ഞു. പല ജീവനക്കാരും അവരുടെ ശമ്പളത്തിന്റെ വലിയൊരു ഭാഗം യാത്രക്കായി മാത്രം ചെലവഴിക്കുന്നു. ഈ തുക അവർക്ക് ഭക്ഷണം, താമസം, ആരോഗ്യം, കുട്ടികളുടെ വിദ്യാഭ്യാസം എന്നിവക്കായി ഉപയോഗിക്കാൻ കഴിയും. ഈ നിയമം പ്രാബല്യത്തിൽ വന്നാൽ തൊഴിലാളികൾക്ക് പണം സംരക്ഷിക്കാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
ഈ നിർദേശം പാർലമെന്റ് സ്പീക്കർ അഹമ്മദ് അൽ മുസല്ലം സേവനസമിതിയുടെ അവലോകനത്തിനായി കൈമാറി. ഈ നിയമം സ്വകാര്യമേഖലയെ കൂടുതൽ ആകർഷകവും നീതിയുക്തവുമാക്കുമെന്നാണ് അൽ മഹ്ഫൂദിന്റെ പ്രതീക്ഷ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.