മനാമ: സേവനങ്ങൾ നവീകരിക്കുന്നതിന്റെയും ഡിജിറ്റലൈസ് ചെയ്യുന്നതിന്റെയും ഭാഗമായി, ബഹ്റൈൻ നീതിന്യായ, ഇസ്ലാമിക കാര്യ, ഔഖാഫ് മന്ത്രാലയം പുതിയ ‘ഇൻസ്റ്റന്റ് ലെറ്റർ സർവിസ്‘ ആരംഭിച്ചു. മൈനർ അഫയേഴ്സ് അഡ്മിനിസ്ട്രേഷന് കീഴിലാണ് ഈ സൗകര്യം ഏർപ്പെടുത്തിയിരിക്കുന്നത്.
ഈ സംവിധാനം വന്നതോടെ, ഗുണഭോക്താക്കൾക്ക് ആവശ്യമായ അംഗീകൃത ഔദ്യോഗിക കത്തുകൾ മന്ത്രാലയത്തിന്റെ സർവിസ് സെന്റർ വഴിയോ ‘ബഹ്റൈൻ.ബിഎച്ച്’ (bahrain.bh) എന്ന നാഷനൽ ഇ-ഗവൺമെന്റ് പോർട്ടൽ വഴിയോ മിനിറ്റുകൾക്കുള്ളിൽ കൈപ്പറ്റാം.
സാമ്പത്തിക രേഖകൾ, യൂട്ടിലിറ്റി സേവനങ്ങൾക്കുള്ള രേഖകൾ, വാഹനങ്ങളുടെ കൈമാറ്റ നിയന്ത്രണം നീക്കം ചെയ്യൽ, കിങ് ഫഹദ് കോസ്വേ കടക്കാനുള്ള അനുമതി, കമേഴ്സ്യൽ രജിസ്ട്രേഷൻ പുതുക്കൽ, ജീവനക്കാരുടെ വിസ പുതുക്കൽ തുടങ്ങിയ വാണിജ്യ സേവനങ്ങൾ, നിയമപരമായ രേഖകൾ എല്ലാം ഈ സേവനത്തിലൂടെ ഉടനടി പൗരന്മാർക്ക് ഇനി ലഭ്യമാക്കാം.
നീതിന്യായ മന്ത്രാലയ അണ്ടർസെക്രട്ടറി ജഡ്ജി ഈസ സാമി അൽ മന്നായി ആണ് ഈ സേവനം പരിചയപ്പെടുത്തിയത്.നടപടിക്രമങ്ങൾ ലഘൂകരിക്കുന്നതിലൂടെ ഓഫിസുകൾ കയറിയിറങ്ങുന്നതും കാത്തുനിൽക്കുന്നതും ഒഴിവാക്കാനാകുമെന്നത് പുതിയ സംവിധാനത്തിന്റെ സവിശേഷതയാണ്.ഡിജിറ്റൽ സംവിധാനത്തിലൂടെ സേവനങ്ങളുടെ സുതാര്യതയും ഗുണനിലവാരവും വർധിപ്പിക്കുകയാണ് പ്രധാന ലക്ഷ്യമായി കരുതുന്നത്. ‘തവാസുൽ‘ പോർട്ടൽ വഴി ലഭിച്ച പൊതുജനങ്ങളുടെ നിർദേശങ്ങൾ കൂടി കണക്കിലെടുത്താണ് ഇത്തരം മാറ്റങ്ങൾ നടപ്പാക്കുന്നത്. സർക്കാറിന്റെ ഡിജിറ്റൽ പരിവർത്തനത്തിന്റെ ഭാഗമായി ഇതിനകം 1300 സർക്കാർ സേവനങ്ങൾ ഡോക്യുമെന്റ് ചെയ്യപ്പെടുകയും 800ഓളം സേവനങ്ങൾ പുനഃക്രമീകരിക്കുകയും ചെയ്തിട്ടുണ്ടെന്ന് മന്ത്രാലയം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.