പരിക്കേറ്റ വിദ്യാർത്ഥികളെ സന്ദർശിക്കാനെത്തിയ മന്ത്രി
മനാമ: ഇറാൻ നടത്തിയ ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന വിദ്യാർത്ഥികളെ സന്ദർശിക്കാൻ സൽമാനിയ മെഡിക്കൽ കോംപ്ലക്സിലെത്തി വിദ്യാഭ്യാസ മന്ത്രി ഡോ. മുഹമ്മദ് ബിൻ മുബാറക് ജുമുഅ. പരിക്കേറ്റ വിദ്യാർത്ഥികളുടെ ആരോഗ്യനിലയെക്കുറിച്ച് മന്ത്രി ചോദിച്ചറിഞ്ഞു. കുട്ടികളുടെ മാതാപിതാക്കളുമായും കുടുംബാംഗങ്ങളുമായും അദ്ദേഹം സംസാരിക്കുകയും കുട്ടികൾ എത്രയും വേഗം സുഖം പ്രാപിക്കട്ടെ എന്ന് ആശംസിക്കുകയും ചെയ്തു.
രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫയുടെ കാഴ്ചപ്പാടും, കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയുടെ നിർദ്ദേശങ്ങളും വിദ്യാർത്ഥികളുടെ സുരക്ഷക്കും വിദ്യാഭ്യാസത്തിന്‍റെ തുടർച്ചക്കും ആണ് മുൻഗണന നൽകുന്നതെന്ന് മന്ത്രി ഊന്നിപ്പറഞ്ഞു.
പരിക്കേറ്റ വിദ്യാർത്ഥികൾക്ക് ആവശ്യമായ അക്കാദമിക് പിന്തുണ ഉറപ്പാക്കാൻ മന്ത്രി നിർദേശം നൽകി. കുട്ടികളുടെ പഠനത്തെ ബാധിക്കാത്ത രീതിയിൽ ടൈം ടേബിളുകൾ പുനഃക്രമീകരിക്കാനും അവർക്ക് മാനസികവും പഠനപരവുമായ പിന്തുണ നൽകാനും സ്കൂൾ അധികൃതർ നടപടി സ്വീകരിക്കും.
പരിക്കേറ്റവർക്ക് മികച്ച ചികിത്സ നൽകുന്ന സൽമാനിയ മെഡിക്കൽ കോംപ്ലക്സിലെ ഡോക്ടർമാർക്കും നഴ്‌സുമാർക്കും മന്ത്രി നന്ദി അറിയിച്ചു. കൂടാതെ, പ്രതിസന്ധി ഘട്ടത്തിൽ വിദ്യാർത്ഥികളുമായും രക്ഷിതാക്കളുമായും നിരന്തരം സമ്പർക്കം പുലർത്തുന്ന അധ്യാപകരെയും സ്കൂൾ ജീവനക്കാരെയും അദ്ദേഹം പ്രശംസിച്ചു.
വിദ്യാർത്ഥികൾക്ക് സുരക്ഷിതമായ പഠന അന്തരീക്ഷം ഉറപ്പാക്കാൻ വിദ്യാഭ്യാസ മന്ത്രാലയം മറ്റ് സർക്കാർ സംവിധാനങ്ങളുമായി ചേർന്ന് പ്രവർത്തിച്ചു വരികയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.