വ്യാജ സർട്ടിഫിക്കറ്റ് വിവാദം; വിദേശ എൻജിനീയർമാരുടെ യോഗ്യതകൾ പരിശോധിച്ച് ബഹ്‌റൈൻ

മനാമ: ബഹ്‌റൈൻ ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റിയിലെ ഒരു വിദേശ ജീവനക്കാരൻ വ്യാജ അക്കാദമിക് സർട്ടിഫിക്കറ്റ് ഉപയോഗിച്ച് ജോലി നേടിയതായി കണ്ടെത്തിയതിനെത്തുടർന്ന്, മന്ത്രാലയത്തിലെ എല്ലാ വിദേശ എൻജിനീയർമാരുടെയും അക്കാദമിക്, പ്രൊഫഷണൽ യോഗ്യതകൾ സമഗ്രമായി പരിശോധിച്ചതായി വൈദ്യുതി-ജല കാര്യ മന്ത്രി യാസർ ബിൻ ഇബ്രാഹിം ഹുമൈദാൻ അറിയിച്ചു.

പാർലമെന്‍റ് അംഗം ഡോ. ഹിഷാം അൽ അശിരി ഉന്നയിച്ച ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം. വർഷങ്ങളോളം വ്യാജ സർട്ടിഫിക്കറ്റ് ഉപയോഗിച്ച് ജോലി ചെയ്തിട്ടും ഇത് എങ്ങനെ കണ്ടെത്താൻ കഴിഞ്ഞില്ലെന്ന എം.പിയുടെ ചോദ്യത്തിനും മന്ത്രി വിശദീകരണം നൽകി. നിയമന സമയത്ത് ഇദ്ദേഹത്തിന് ഈ മേഖലയിൽ ദീർഘകാലത്തെ പ്രവൃത്തിപരിചയവും വിശ്വാസയോഗ്യമായ പ്രൊഫഷണൽ റഫറൻസുകളും ഉണ്ടായിരുന്നു.

അതിനാൽ, അക്കാദമിക് സർട്ടിഫിക്കറ്റിനപ്പുറം പ്രായോഗിക അനുഭവപരിചയത്തിനാണ് അതോറിറ്റി മുൻഗണന നൽകിയതെന്ന് മന്ത്രി പറഞ്ഞു. കരാർ പുതുക്കുന്ന സമയത്തും ജോലിയുടെ ആവശ്യകതയും പ്രകടനവും വിലയിരുത്തിയതല്ലാതെ, സർട്ടിഫിക്കറ്റുകളിൽ സംശയം തോന്നിയിരുന്നില്ല. സർട്ടിഫിക്കറ്റിൽ സംശയം തോന്നിയ ഉടൻ തന്നെ മന്ത്രാലയം സമഗ്രമായ പരിശോധന നടത്തി തട്ടിപ്പ് സ്ഥിരീകരിച്ചു. തുടർന്ന് 2023 ഒക്ടോബറിൽ പബ്ലിക് പ്രോസിക്യൂഷനും ആഭ്യന്തര മന്ത്രാലയത്തിനും പരാതി നൽകി.

കേസിൽ 2025 ഓഗസ്റ്റ് 26ന് കോടതി വിധി പുറപ്പെടുവിച്ചിട്ടുണ്ട്. ഇത്തരം തട്ടിപ്പുകൾ തടയുന്നതിനും ഭരണപരമായ സുതാര്യത ഉറപ്പാക്കുന്നതിനും മന്ത്രാലയം കർശനമായ നിരീക്ഷണം തുടരുമെന്നും, ഭാവിയിൽ ഇത്തരമൊരു സംഭവം ആവർത്തിക്കാതിരിക്കാൻ ആവശ്യമായ എല്ലാ നിയമനടപടികളും സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

Tags:    
News Summary - Fake certificate controversy; Bahrain checks qualifications of foreign engineers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.