സിത്രയിൽ ആക്രമണമുണ്ടായ വീട്ടിൽ സന്ദർശനത്തിനെത്തിയ ഉപപ്രധാനമന്ത്രി കുടുംബത്തെ ആശ്വസിപ്പിക്കുന്നു

മനാമ: സിത്രയിലുണ്ടായ ഇറാൻ ആക്രമണത്തിൽ തകർന്ന വീടുകളുടെയും സ്വത്തുക്കളുടെയും അറ്റകുറ്റപ്പണികൾ സർക്കാർ ഏറ്റെടുക്കുമെന്ന് ഉപപ്രധാനമന്ത്രി ശൈഖ് ഖാലിദ് ബിൻ അബ്ദുല്ല ആൽ ഖലീഫ പ്രഖ്യാപിച്ചു. കിരീടാവകാശിയുടെ പ്രത്യേക നിർദേശപ്രകാരമായിരുന്നു അദ്ദേഹത്തിന്‍റെ സന്ദർശനം. ആഭ്യന്തര മന്ത്രി ജനറൽ ശൈഖ് റാശിദ് ബിൻ അബ്ദുല്ല ആൽ ഖലീഫയും മറ്റ് ഉന്നത ഉദ്യോഗസ്ഥരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.

ആക്രമണത്തിൽ തകർന്ന സിത്രയിലെ വീടുകളും വാഹനങ്ങളും

ആക്രമണത്തിൽ കേടുപാടുകൾ സംഭവിച്ച വീടുകൾ പൂർണമായും സർക്കാർ ചിലവിൽ നന്നാക്കി നൽകും. താമസക്കാരുടെ ക്ഷേമവും സുരക്ഷയും ഉറപ്പാക്കാൻ ആവശ്യമായ എല്ലാ ബദൽ സംവിധാനങ്ങളും ഒരുക്കും. പരിക്കേറ്റവരുടെ ആരോഗ്യനില സർക്കാർ നിരന്തരം നിരീക്ഷിക്കും. രാജ്യത്തെ സർക്കാർ ആശുപത്രികളിൽ മികച്ച ചികിത്സ ഉറപ്പാക്കുന്നതോടൊപ്പം, ആവശ്യമെങ്കിൽ വിദഗ്ധ ഡോക്ടർമാരുടെ സേവനമോ വിദേശ ചികിത്സയോ ലഭ്യമാക്കും. സിത്രയിലെ ജനങ്ങൾ നേരിടുന്ന വേദന രാജ്യം മുഴുവൻ അനുഭവിക്കുന്നുണ്ടെന്ന് ഉപപ്രധാനമന്ത്രി പറഞ്ഞു. ഇത്തരം വെല്ലുവിളികൾ രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫയുടെ നേതൃത്വത്തിന് പിന്നിൽ ജനങ്ങളെ കൂടുതൽ ഒന്നിപ്പിക്കുകയാണ് ചെയ്യുന്നത്. ആക്രമണ സമയത്ത് ഉണർന്നു പ്രവർത്തിച്ച സുരക്ഷാ സേനയെയും മെഡിക്കൽ ടീമിനെയും അദ്ദേഹം അഭിനന്ദിച്ചു. രാജ്യത്തിന്‍റെ പരമാധികാരത്തിന് നേരെയുള്ള ഏത് നീക്കത്തെയും ശക്തമായി നേരിടുമെന്നും അദ്ദേഹം വ്യക്തമാക്കി.

നേരിട്ടെത്തി തങ്ങളുടെ പ്രയാസങ്ങൾ കേൾക്കാനും സഹായങ്ങൾ ഉറപ്പാക്കാനും തയ്യാറായ ഭരണകൂടത്തിന് സിത്രയിലെ താമസക്കാർ നന്ദി രേഖപ്പെടുത്തി. ഭരണകൂടത്തിന്‍റെ ഈ കരുതലിൽ തങ്ങൾ പൂർണ സംതൃപ്തരാണെന്നും രാജ്യത്തിന്റെ സുരക്ഷാ നടപടികളിൽ വിശ്വാസമുണ്ടെന്നും അവർ അറിയിച്ചു. ആക്രമണത്തിന്‍റെ ആഘാതം കുറയ്ക്കാനും പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കാനും സർക്കാർ എല്ലാ വിഭവങ്ങളും സജ്ജമാക്കിയിട്ടുണ്ടെന്ന് ഉപപ്രധാനമന്ത്രി ഉറപ്പുനൽകി.

ആക്രമണം ആരംഭിച്ച് 12ാം ദിവസമായ ബുധനാഴ്ചയും ഇറാൻ ആക്രമണം തുടർന്നെങ്കിലും നാശനഷ്ടങ്ങളോ മറ്റോ രാജ്യത്ത് റിപ്പോർട്ട് ചെയ്തില്ല. രാവിലെ ബഹ്റൈൻ ലക്ഷ്യമിട്ടെത്തിയ ഡ്രോൺ പ്രധിരോധ സേന ആകാശത്ത് വെച്ച് തന്നെ തടഞ്ഞിരുന്നു. നിലിൽ വിമാനത്താവളം അടഞ്ഞു തന്നെ കിടക്കുകയാണ്. മേഖല ശാന്തമായാൽ സർവീസുകൾ പുനഃരാരംഭിക്കുമെന്ന പ്രതീക്ഷയിലാണ് പ്രവാസികൾ. 

Tags:    
News Summary - Deputy Prime Minister visits Sitra

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.