മനാമ: ഗൾഫ് മേഖലയിൽ നിലനിൽക്കുന്ന സംഘർഷഭരിതമായ സാഹചര്യങ്ങൾക്കിടയിൽ, ഏകീകൃത മാധ്യമ നയം രൂപീകരിക്കുന്നതിനായി ജി.സി.സി വാർത്താവിനിമയ മന്ത്രിമാരുടെ അടിയന്തര യോഗം ചേർന്നു. ബഹ്‌റൈൻ വാർത്താവിനിമയ മന്ത്രി റംസാൻ അബ്ദുല്ല അൽ നുഐമിയുടെ അധ്യക്ഷതയിൽ വെർച്വൽ പ്ലാറ്റ്‌ഫോമിലൂടെയാണ് യോഗം നടന്നത്.
സൗദി അറേബ്യ, യു.എ.ഇ, കുവൈത്ത്, ഖത്തർ, ബഹ്‌റൈൻ എന്നീ രാജ്യങ്ങൾക്ക് നേരെയുണ്ടായ ഇറാന്റെ ആക്രമണങ്ങൾ പൊതുജനങ്ങൾക്കിടയിൽ വലിയ ആശങ്കയുണ്ടാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ മേഖലയിലെ സ്ഥിരതയെ ബാധിക്കാത്ത രീതിയിൽ സന്തുലിതവും യുക്തിസഹവുമായ വാർത്താ വിതരണം ഉറപ്പാക്കുക. നിലവിലെ സംഘർഷവുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിലും മറ്റും പ്രചരിക്കുന്ന തെറ്റായ വിവരങ്ങൾക്കും അഭ്യൂഹങ്ങൾക്കും എതിരെ കർശന ജാഗ്രത പാലിക്കുക.
ജി.സി.സി അംഗരാജ്യങ്ങളിലെ ഔദ്യോഗിക മാധ്യമ സ്ഥാപനങ്ങൾ തമ്മിലുള്ള സഹകരണം വർധിപ്പിക്കുക തുടങ്ങിയ കാര്യങ്ങളിൽ മന്ത്രിമാർ ധാരണയിലെത്തി.
യോഗത്തിൽ പങ്കെടുത്ത ഒമാൻ വാർത്താവിനിമയ മന്ത്രി അബ്ദുല്ല ബിൻ നാസർ അൽ ഹാരിസി, വിവേകത്തിലും ഐക്യത്തിലും അധിഷ്ഠിതമായ ഒരു മാധ്യമ ശൈലിയുടെ ആവശ്യകത ഊന്നിപ്പറഞ്ഞു. ഗൾഫ് സമൂഹത്തിന്റെ ആത്മവിശ്വാസം വർദ്ധിപ്പിക്കുന്നതിനും ഐക്യം നിലനിർത്തുന്നതിനും മുൻഗണന നൽകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. സമാധാനം പുനഃസ്ഥാപിക്കാൻ സുൽത്താൻ ഹൈതം ബിൻ താരിക്കിന്റെ നേതൃത്വത്തിൽ ഒമാൻ നടത്തുന്ന നയതന്ത്ര ശ്രമങ്ങളെ ബഹ്‌റൈൻ മന്ത്രി റംസാൻ അൽ നുഐമി പ്രശംസിച്ചു.
മേഖലയിലെ സുരക്ഷാ സാഹചര്യം അതീവ ഗുരുതരമായി തുടരുന്ന പശ്ചാത്തലത്തിൽ, പൊതുജനങ്ങളുടെ ഇടയിൽ പരിഭ്രാന്തി പടർത്തുന്ന വാർത്തകൾ ഒഴിവാക്കാനും ഔദ്യോഗിക വിവരങ്ങളെ മാത്രം ആശ്രയിക്കാനും യോഗം ആഹ്വാനം ചെയ്തു. വിവരസാങ്കേതിക വിദ്യയെ ഒരു ആയുധമായി ഉപയോഗിക്കുന്ന കാലഘട്ടത്തിൽ മാധ്യമങ്ങളുടെ പങ്ക് നിർണ്ണായകമാണെന്നും മന്ത്രിമാർ ഓർമിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.