മിഡിലീസ്റ്റിലെ മികച്ച ഐ.പി.ഒ അവാർഡ് ലുലു അധികൃതർ സ്വീകരിക്കുന്നു
മനാമ: മുൻനിര റീട്ടെയിൽ സ്ഥാപനമായ ലുലു റീട്ടെയിൽ ഹോൾഡിങ്സ് പി.എൽ.സിക്ക് ഇ.എം.ഇ.എ ഫിനാൻസ് മാഗസിന്റെ മിഡിലീസ്റ്റിലെ മികച്ച ഐ.പി.ഒ അവാർഡ്. ലണ്ടനിൽ നടന്ന വാർഷിക ഇ.എം.ഇ.എ ഫിനാൻസ് അച്ചീവ്മെന്റ് അവാർഡ്സ് 2024 ചടങ്ങിൽവെച്ചാണ് അംഗീകാരം നൽകിയത്.2024ന്റെ നാലാം പാദത്തിൽ വിജയകരമായി 1.7 ബില്യൺ യു.എസ് ഡോളറാണ് ലുലു റീട്ടെയിൽ ഹോൾഡിങ്സ് സമാഹരിച്ചത്. അബൂദബി സെക്യൂരിറ്റീസ് എക്സ്ചേഞ്ചിൽ (എ.ഡി.എക്സ്) കമ്പനിയുടെ ഔദ്യോഗിക ലിസ്റ്റിങ്ങിനെയും ഈ പുരസ്കാരം അടയാളപ്പെടുത്തുന്നു. ലുലു ഐ.പി.ഒക്ക് നിക്ഷേപകരിൽനിന്ന് മികച്ച സ്വീകാര്യതയാണ് ലഭിച്ചിരുന്നത്.
യൂറോപ്പ്, മിഡിലീസ്റ്റ്, ആഫ്രിക്ക എന്നിവിടങ്ങളിലെ മൂലധന വിപണിയിലെ മികവിന്റെ ഒരു മാനദണ്ഡമായാണ് ഇ.എം.ഇ.എ ഫിനാൻസ് അച്ചീവ്മെന്റ് അവാർഡുകൾ കണക്കാക്കപ്പെടുന്നത്. നിക്ഷേപ ബാങ്കുകൾ, കോർപറേറ്റുകൾ, വിപണി പങ്കാളികൾ എന്നിവർ സമർപ്പിച്ച നോമിനേഷനുകളിൽനിന്ന് എഡിറ്റോറിയൽ ബോർഡാണ് വിജയികളെ തിരഞ്ഞെടുക്കുന്നത്. ഐ.പി.ഒകൾ, കടപ്പത്രങ്ങൾ പുറത്തിറക്കൽ, ഇസ്ലാമിക ധനകാര്യം, സ്ട്രക്ചേർഡ് ഡീലുകൾ, ലയനങ്ങളും ഏറ്റെടുക്കലുകളും എന്നിവയുൾപ്പെടെ ഏറ്റവും സ്വാധീനമുള്ളതും നൂതനവുമായ സാമ്പത്തിക ഇടപാടുകളെ ഈ അവാർഡുകൾ എടുത്തു കാണിക്കുന്നു.
ഞങ്ങളുടെ ബിസിനസിന്റെ കരുത്തും ടീമിന്റെ പ്രതിബദ്ധതയും നിക്ഷേപകർ ഞങ്ങളിൽ അർപ്പിച്ച വിശ്വാസവും പ്രതിഫലിക്കുന്ന ഈ അവാർഡ് ലഭിച്ചതിൽ ഞങ്ങൾ അഭിമാനിക്കുന്നതായി ലുലു റീട്ടെയിൽ ഹോൾഡിങ്സ് സി.ഇ.ഒ സൈഫി രൂപാവാല പറഞ്ഞു. ഐ.പി.ഒ ലുലു റീട്ടെയിലിന് ഒരു മികച്ച അധ്യായമായിരുന്നു. ദീർഘകാല മൂല്യവും സുസ്ഥിരമായ വളർച്ചയും നൽകാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.