ബഹ്റൈനിലെത്തിയ ഇന്ത്യൻ നാവികസേന കപ്പൽ
മനാമ: ഇന്ത്യൻ നാവികസേനയുടെ പടിഞ്ഞാറൻ കപ്പൽ വ്യൂഹത്തിലെ മൂന്ന് കപ്പലുകൾ മനാമ തുറമുഖത്ത് ഔദ്യോഗിക സന്ദർശനം നടത്തി.
റിയർ അഡ്മിറൽ രാഹുൽ വിലാസ് ഗോഖലെയുടെ നേതൃത്വത്തിലായിരുന്നു സന്ദർശനം. ഐ.എൻ.എസ് മോർമുഗാവോ, ഐ.എൻ.എസ് തർക്കാഷ്, ഐ.എൻ.എസ് ടബാർ എന്നീ കപ്പലുകളാണ് സന്ദർശനത്തിൽ പങ്കെടുത്തത്.
ഇന്ത്യയും ബഹ്റൈനും തമ്മിലുള്ള ശക്തമായ പങ്കാളിത്തത്തെ ഈ സന്ദർശനം അടിവരയിടുന്നു. കൂടാതെ, മേഖലയിലെ സമുദ്ര സുരക്ഷ ഉറപ്പാക്കുന്നതിനുള്ള പ്രതിബദ്ധതയും ഇത് വ്യക്തമാക്കുന്നു. സന്ദർശനത്തിന്റെ ഭാഗമായി ഇന്ത്യൻ വെസ്റ്റേൺ ഫ്ലീറ്റ് കമാൻഡർ റിയർ അഡ്മിറൽ രാഹുൽ വിലാസ് ഗോഖലെ, യു.എസ് നേവൽ ഫോഴ്സ് സെൻട്രൽ കമാൻഡിന്റെയും കമ്പൈൻഡ് മാരിടൈം ഫോഴ്സിന്റെയും കമാൻഡറായ വൈസ് അഡ്മിറൽ ജോർജ് വൈക്കോഫുമായി ഉഭയകക്ഷി ചർച്ചകൾ നടത്തി. അറേബ്യൻ ഗൾഫിലും പടിഞ്ഞാറൻ ഇന്ത്യൻ മഹാസമുദ്രത്തിലും പ്രവർത്തന ഏകോപനം, വിവരങ്ങൾ കൈമാറൽ, ശേഷി വർധിപ്പിക്കൽ എന്നിവ സംബന്ധിച്ച് ഇരുപക്ഷവും ചർച്ച ചെയ്തു.
ഇന്ത്യൻ പ്രതിനിധിസംഘം ബഹ്റൈൻ പ്രതിരോധ സേനയിലെ മുതിർന്ന ഉദ്യോഗസ്ഥരുമായും വിദേശകാര്യ മന്ത്രാലയം അധികൃതരുമായും കൂടിക്കാഴ്ച നടത്തി.
ബഹ്റൈനിലെ പ്രമുഖ വ്യക്തികളും നയതന്ത്ര ഉദ്യോഗസ്ഥരും സംയുക്ത സമുദ്രസേനയിലെ നാവിക കമാൻഡർമാരും പങ്കെടുത്ത ഔദ്യോഗിക സ്വീകരണവും കപ്പലുകളിൽ ഒരുക്കിയിരുന്നു. അറേബ്യൻ കടൽ, ഗൾഫ്, ഇന്ത്യൻ മഹാസമുദ്രം എന്നിവിടങ്ങളിൽ കപ്പൽ ഗതാഗത സുരക്ഷ ഉറപ്പാക്കുന്നതിലും കടൽക്കൊള്ളയെ ചെറുക്കുന്നതിലും മാനുഷിക ദൗത്യങ്ങൾ നടപ്പാക്കുന്നതിലും ഇന്ത്യൻ നാവികസേനയുടെ നിർണായക പങ്ക് വെസ്റ്റേൺ ഫ്ലീറ്റ് കമാൻഡർ എടുത്തുപറഞ്ഞു.
ഇന്ത്യൻ നാവിക ഉദ്യോഗസ്ഥരും നാവികരും ചേർന്ന് ബഹ്റൈൻ പ്രതിരോധ സേനയിലെയും സംയുക്ത സമുദ്ര സേനയിലെയും ഉദ്യോഗസ്ഥർക്കായി സംയുക്ത പ്രായോഗിക പരിശീലനം നൽകി. കപ്പലുകളിൽ പ്രവേശിക്കുന്നതിനുള്ള നടപടിക്രമങ്ങൾ, നാശനഷ്ടങ്ങൾ നിയന്ത്രിക്കൽ, സുരക്ഷാ നടപടികൾ എന്നിവയിലായിരുന്നു പരിശീലനം കേന്ദ്രീകരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.