ഐ.എൻ.എസ് സൂറത്ത് ബഹ്റൈനിലെത്തിയപ്പോൾ
മനാമ: മേഖലയിലെ സമുദ്ര സുരക്ഷാ സഹകരണം വർധിപ്പിക്കുന്നതിന്റെ ഭാഗമായി ഇന്ത്യൻ നാവികസേനയുടെ യുദ്ധക്കപ്പലായ ഐ.എൻ.എസ് സൂറത്ത് ബഹ്റൈനിൽ സന്ദർശനം നടത്തി. സന്ദർശന വേളയിൽ റോയൽ ബഹ്റൈൻ നേവി, ജുഫൈർ ആസ്ഥാനമായി പ്രവർത്തിക്കുന്ന കംബൈൻഡ് മാരിടൈം ഫോഴ്സ് എന്നിവയുമായി സംയുക്ത ചർച്ചകളും വിവിധ പരിപാടികളും സംഘടിപ്പിച്ചു. സന്ദർശന വേളയിൽ സമുദ്ര സുരക്ഷ, വിവരങ്ങൾ കൈമാറൽ, സുപ്രധാന കടൽ പാതകളുടെ സംരക്ഷണം എന്നിവയിൽ സഹകരണം ഉറപ്പാക്കാൻ ബഹ്റൈൻ നാവികസേനയുമായും സി.എം.എഫുമായും ചർച്ചകൾ നടത്തി. ഇരു സേനകളിലെയും ഉദ്യോഗസ്ഥർ കപ്പലുകൾ സന്ദർശിക്കുകയും പ്രവർത്തന രീതികൾ പരിചയപ്പെടുകയും ചെയ്തു. സി.എം.എഫ് ഉദ്യോഗസ്ഥർക്കായി കപ്പലിൽ പ്രത്യേക യോഗ സെഷനും സംഘടിപ്പിച്ചു.
നയതന്ത്ര പ്രതിനിധികൾക്കായി കപ്പലിൽ സ്വീകരണവും ഒരുക്കിയിരുന്നു. കൂടാതെ, സ്കൂൾ കുട്ടികൾക്കും കപ്പൽ സന്ദർശിക്കാൻ അവസരം നൽകി.
ഈ മാസമാദ്യമാണ് ഇന്ത്യൻ നാവികസേന സി.എം.എഫിന്റെ പ്രധാന ടാസ്ക് ഫോഴ്സുകളിൽ ഒന്നായ കംബൈൻഡ് ടാസ്ക് ഫോഴ്സ് 154 ന്റെ കമാൻഡ് ഏറ്റെടുത്തത്. ഇറ്റാലിയൻ നാവികസേനയിൽനിന്നാണ് ഇന്ത്യ ഈ ചുമതല ഏറ്റെടുത്തത്. മധ്യപൂർവേഷ്യൻ മേഖലയിൽ ബഹുരാഷ്ട്ര സമുദ്ര പരിശീലനങ്ങൾക്ക് നേതൃത്വം നൽകുന്ന സേനയാണ് കംബൈൻഡ് ടാസ്ക് ഫോഴ്സ് 154. കടൽ നിയമങ്ങൾ, രക്ഷാപ്രവർത്തനം, സമുദ്ര സുരക്ഷാ അവബോധം, നേതൃവികസനം എന്നിവയിൽ ഈ ടാസ്ക് ഫോഴ്സ് പരിശീലനം നൽകുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.