റമദാൻ നിലാവുദിക്കുമ്പോൾ മനസ്സ് ആദ്യം ചെന്നുനിൽക്കുന്നത് നാട്ടിലെ വീടിന്റെ ഉമ്മറത്താണ്. ഉമ്മയുടെ കൈപ്പുണ്യവും ബാപ്പയുടെ സ്നേഹനിർഭരമായ കരുതലും പ്രിയതമയുടെ സ്നേഹവും പ്രിയപ്പെട്ടവര്‍ക്കൊപ്പമുള്ള നിമിഷങ്ങളും, ഇന്നും മായാത്ത ഓർമകളായി കൂടെയുണ്ട്. നാട്ടിൽ അത്താഴത്തിന് വിളിച്ചുണർത്താൻ ഉമ്മയുടെ വാത്സല്യം നിറഞ്ഞ ശബ്ദമുണ്ടായിരുന്നെങ്കിൽ, ഇന്ന് പ്രവാസത്തിൽ ആ സ്ഥാനം അലാറം ശബ്ദത്തിനാണ്. ആ അലാറം നാദം ഓരോ വട്ടവും ഉമ്മയുടെ വിളിയെ ഓർമിപ്പിച്ചുകൊണ്ട് എന്നെ ഉണർത്തുന്നു. ചോലയില്‍ ഉസ്താദിന്റെ സുബ്ഹി ബാങ്ക് വിളിക്കുമുമ്പുള്ള മനോഹരമായ ഖുർആൻ പാരായണവും, ബാങ്ക് വിളിക്കായി കാതോർത്തിരുന്ന ആ വൈകുന്നേരങ്ങളും നാട്ടിലെ നോമ്പിന്റെ ആത്മാവായിരുന്നു.
നോമ്പുതുറ വിഭവങ്ങൾ ഒരുക്കുന്ന തിരക്കിനിടയിൽ പ്രിയപ്പെട്ടവർ നൽകുന്ന ആ പുഞ്ചിരി ഇന്നും മായാത്ത ചിത്രമാണ്. പ്രവാസലോകത്തെ നോമ്പ് തികച്ചും വ്യത്യസ്തമായ ഒരു അനുഭവമാണ്. നാട്ടിലെ ആൾക്കൂട്ടമോ കുടുംബാംഗങ്ങളുടെ സാമീപ്യമോ ഇവിടെയില്ലെങ്കിലും, പ്രവാസം നമുക്ക് പകർന്നുനൽകുന്നത് സാഹോദര്യത്തിന്റെ പുതിയ പാഠങ്ങളാണ്.
ജോലി കഴിഞ്ഞ് തളർന്നെത്തി മുറിയിലെ സുഹൃത്തുക്കൾ ചേർന്ന് ഒരുക്കുന്ന വിഭവങ്ങൾക്കും ഒരു പ്രത്യേക രുചിയുണ്ട്. എല്ലാവരും ഒന്നിച്ച് അടുക്കളയിൽ കൂടുന്നതും വിഭവങ്ങൾ പങ്കിടുന്നതും പ്രവാസ മണ്ണിൽ മറ്റൊരു കുടുംബത്തെയാണ് നമുക്ക് ചുറ്റും സൃഷ്ടിക്കുന്നത്. നാട്ടിലെ വീടും പ്രിയപ്പെട്ടവരും മനസ്സിൽ ഒരു വിങ്ങലായി നിൽക്കുമ്പോഴും, ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള മനുഷ്യർക്കൊപ്പം ഒരേ മനസ്സോടെ നോമ്പ് തുറക്കുമ്പോൾ ലഭിക്കുന്ന ആത്മബന്ധം പ്രവാസത്തിന്റെ മാത്രം പ്രത്യേകതയാണ്. നാട്ടിലെ ഗൃഹാതുരത്വവും പ്രവാസത്തിലെ അതിജീവനവും ചേർന്നതാണ് ഓരോ നോമ്പുകാലവും. കടൽ കടന്നുള്ള ഫോൺ വിളികളിലൂടെ നാട്ടിലെ വിശേഷങ്ങൾ തിരക്കുമ്പോഴും, പ്രാർത്ഥനകളിൽ മാതാപിതാക്കളെയും കുടുംബത്തേയും നാട്ടുകാരേയും ചേർത്തുപിടിക്കുമ്പോഴുമാണ് ഒരു പ്രവാസിയുടെ നോമ്പ് പൂർണമാകുന്നത്. സ്നേഹവും ത്യാഗവും സഹനവും ഒരുപോലെ ഇഴചേർന്ന ഈ അനുഭവങ്ങൾ ജീവിതയാത്രയിൽ ഇന്നും വലിയൊരു കരുത്തായി നിലനിൽക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.