ബഹ്റൈൻ പ്രതിഭ 2026-27 വിവിധ സബ് കമ്മിറ്റികളുടെ പ്രവർത്തനോദ്ഘാടനം വിനോദ്
വൈശാഖി നിർവഹിക്കുന്നു
മനാമ: കലയും സാഹിത്യവും നമ്മുടെ സാമൂഹിക അടിത്തറയെ സമ്പന്നമാക്കുമെന്ന് കവിയും അധ്യാപകനും മലയാളം മിഷൻ മുൻ രജിസ്ട്രാറും വൈലോപ്പിള്ളി സംസ്കൃതി ഭവൻ മുൻ വൈസ് ചെയർമാനുമായ വിനോദ് വൈശാഖി. ബഹ്റൈൻ പ്രതിഭയുടെ 2026-27 പ്രവർത്തനവർഷത്തേക്കുള്ള വിവിധ സബ് കമ്മിറ്റികളുടെ പ്രവർത്തനോദ്ഘാടനം അദിലിയയിലെ ബാംഗ് സാങ് തായ് ഹാളിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം.
ബഹ്റൈൻ പ്രതിഭപോലെയുള്ള സാംസ്കാരിക സംഘടനകൾക്ക് നമ്മൾ ജീവിക്കുന്ന ഈ കാലഘട്ടത്തിൽ വിവിധ കലാകായിക സാഹിത്യ സാംസ്കാരിക ജീവകാരുണ്യ വീഥികളിലൂടെ ഒരുപാട് കാര്യങ്ങൾ ഈ സമൂഹത്തോട് പറയാനുണ്ട്. പണ്ട് സ്വാമി വിവേകാനന്ദൻ പറഞ്ഞിട്ടുണ്ട്, കേരളം ഭ്രാന്താലയമാണ്, അതിനെ ചിന്താലയമാക്കിയെടുക്കാൻ ഞാൻ തുടക്കമിടുകയാണെന്ന്. എന്നാൽ, ഇപ്പോൾ ആ ചിന്താലയത്തെ വീണ്ടും ഭ്രാന്താലയമാക്കി മാറ്റിയെടുക്കാൻ ചില ശക്തികൾ നടത്തുന്ന ശ്രമത്തെ സാംസ്കാരിക സംഘടനകൾ തിരിച്ചറിഞ്ഞ് അതിനെതിരെ പോരാടണമെന്നും അദ്ദേഹം പറഞ്ഞു. പ്രതിഭ പ്രസിഡന്റ് മഹേഷ് കെ.വി. അധ്യക്ഷത വഹിച്ച ഉദ്ഘാടന ചടങ്ങിന് സ്വാഗതം ആശംസിച്ച് ജനറൽ സെക്രട്ടറി സുലേഷ് വി.കെ. സംസാരിച്ചു. മുഖ്യ രക്ഷാധികാരി ബിനു മണ്ണിൽ, രക്ഷാധികാരി സമിതി അംഗങ്ങളായ സുബൈർ കണ്ണൂർ, പി. ശ്രീജിത്ത്, വനിത വേദി സെക്രട്ടറി സരിത മേലത്ത് എന്നിവർ ചടങ്ങിനെ അഭിവാദ്യംചെയ്ത് സംസാരിച്ചു. കേന്ദ്ര കമ്മിറ്റി അംഗവും പരിപാടിയുടെ കൺവീനറുമായ സജീവൻ മാക്കണ്ടിയിൽ നന്ദി അറിയിച്ചു. രാജീവ് കെ.പി, ധന്യ വയനാട് എന്നിവർ പരിപാടിയുടെ അവതാരകരായി. പ്രതിഭ സ്വരലയ ഗായകർ അവതരിപ്പിച്ച സംഗീതവിരുന്നും നാല് മേഖല കമ്മിറ്റികളുടെ നേതൃത്വത്തിൽ നൂറോളം കലാകാരന്മാർ അവതരിപ്പിച്ച കലാപരിപാടികളും ചടങ്ങിന് ഏറെ മാറ്റുകൂട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.