വിശുദ്ധറമദാനിലെ ഏറ്റവും അനുഗൃഹീതമായ ദിനരാത്രങ്ങളിലൂടെയാണ് നാം കടന്നുപോവുന്നത്. വിശ്വാസികൾ അല്ലാഹുവിലേക്ക് മടങ്ങുകയും അവനോടുള്ള സ്നേഹംകൊണ്ട് അവരുടെ ഹൃദയങ്ങൾ തരളിതമാവുകയും ചെയ്യുന്ന നാളുകളാണിത്. അവർക്ക് ലോകത്തുള്ള മറ്റെല്ലാറ്റിനെക്കാളും അല്ലാഹുവിന്റെ സ്നേഹമാണ് പ്രധാനം. അവന്റെ പ്രീതിയും പ്രതിഫലവും മാത്രം പ്രതീക്ഷിച്ചുകൊണ്ടാണ് പകൽ അന്നപാനീയങ്ങളും അനാവശ്യമായ വികാരവിചാരങ്ങളും മാറ്റിവെക്കപ്പെടുന്നത്. കവി പാടുന്നുണ്ട് "നീ എന്നോട് തൃപ്തിപ്പെടുമെങ്കിൽ ലോകം മുഴുവൻ എന്നോട് കോപിച്ചാലും എനിക്ക് പ്രശ്നമില്ല. എനിക്കും നിനക്കും ഇടയിലുള്ള ബന്ധം സജീവമാണെങ്കിൽ, എനിക്കും ലോകത്തിനുമിടയിലുള്ള ബന്ധം തകർന്നുപോയാലും എനിക്ക് സങ്കടമില്ല. നിന്റെ സ്നേഹം എനിക്ക് ലഭ്യമാവുകയാണെങ്കിൽ മറ്റുള്ളതെല്ലാം എനിക്ക് നിസ്സാരമാണ്.“
അല്ലാഹുവിനോടുള്ള സ്നേഹം എന്നത് സത്യവിശ്വാസികളെ തിരിച്ചറിയാനുള്ള അടയാളങ്ങളിൽ ഒന്നാണ്. "അല്ലാഹു അവരെ ഇഷ്ടപ്പെടും, അവർ അല്ലാഹുവിനെയും ഇഷ്ടപ്പെടും" (ഖുർആൻ 5/ 54). "സത്യവിശ്വാസികളാവട്ടെ, സർവോപരി അല്ലാഹുവിനെയാണ് സ്നേഹിക്കുന്നത്". (ഖുർആൻ 2/ 165). ഓരോ വിശ്വാസിയും തീവ്രമായി ദൈവത്തെ പ്രണയിക്കുന്നു. പ്രവാചകൻ മുഹമ്മദ് നബി പറഞ്ഞു " മൂന്നു കാര്യങ്ങൾ ഒരാളിലുണ്ടായാൽ അവൻ ഈമാനിന്റെ മാധുര്യം ആസ്വദിച്ചു. അല്ലാഹുവും അവന്റെ പ്രവാചകനും മറ്റെല്ലാറ്റിനേക്കാളും അവന് പ്രിയങ്കരങ്ങളാവുക, ഒരാളെ സ്നേഹിക്കുന്നത് അല്ലാഹുവിനുവേണ്ടി മാത്രമാവുക, നരകത്തിലേക്ക് വലിച്ചെറിയപ്പെടുന്നത് എപ്രകാരമാണോ ഒരാൾ വെറുക്കുന്നത്, അതേപോലെ സത്യവിശ്വാസത്തിലെത്തിയതിനു ശേഷം അവിശ്വാസത്തിലേക്ക് മടങ്ങിപ്പോവുന്നത് അവൻ വെറുക്കുക."
അല്ലാഹുവിനോടുള്ള സ്നേഹമെന്നത് കേവലം നാമുരുവിടുന്ന പാഴ്വാക്കുകളോ, മുദ്രാവാക്യങ്ങളോ, അവകാശവാദങ്ങളോ മാത്രമായി ചുരുങ്ങിപ്പോവരുത്. അതിനപ്പുറം അത് പ്രവാചകപാതയിലൂടെ അവനിലേക്കുള്ള പ്രയാണനൈരന്തര്യം ആണ്. "പ്രവാചകരേ, ജനത്തോട് പറയുക: 'നിങ്ങൾ അല്ലാഹുവിനെ സ്നേഹിക്കുന്നെങ്കിൽ എന്നെ പിന്തുടരുവിൻ. അല്ലാഹു നിങ്ങളെ സ്നേഹിക്കുന്നതാകുന്നു. നിങ്ങളുടെ പാപങ്ങൾ പൊറുക്കുകയും ചെയ്യും." (ഖുർആൻ 3/ 31). ജീവിതത്തിന്റെ സ്വച്ഛമായ സന്ദർഭങ്ങളിൽ മാത്രമായി അല്ലാഹുവോടുള്ള സ്നേഹം പരിമിതപ്പെടരുത്. പ്രതിസന്ധികളിലും പ്രതികൂലമായ സാഹചര്യങ്ങളിലും അവനോടുള്ള സ്നേഹവും കൂറും ചേർത്ത്പിടിക്കാൻ കഴിയണം. റമദാൻ ദൈവവുമായുള്ള ബന്ധത്തെ സുദൃഢമാക്കാനുള്ള സുവർണാവസരമാണ്. ഹൃദയത്തിൽ അവനോടുള്ള പ്രണയം വർധിപ്പിക്കാനുള്ള സന്ദർഭം. അല്ലാഹുവുമായുള്ള ബന്ധം സുശക്തമാക്കാനുള്ള ഏറ്റവും നല്ല മാർഗമാണ് ആരാധനകൾ വർധിപ്പിക്കുക എന്നത്. അല്ലാഹു ഒരു ഹദീസിലൂടെ പറയുന്നു "എന്റെ സാമീപ്യം നേടിയ വ്യക്തിയോട് ആരെങ്കിലും ശത്രുത കാണിച്ചാൽ അവനോട് ഞാനിതാ യുദ്ധം പ്രഖ്യാപിച്ചിരിക്കുന്നു. ഞാൻ നിർബന്ധമാക്കിയ കർമങ്ങളെക്കാൾ എനിക്ക് പ്രിയങ്കരമായ മറ്റൊരു കാര്യം മുഖേനയും എന്റെ ദാസന് എന്റെ സാമീപ്യം നേടാൻ കഴിഞ്ഞിട്ടില്ല. ഞാൻ അവനെ ഇഷ്ടപ്പെടുന്നത് വരെ നിർബന്ധമല്ലാത്ത ഐച്ഛികമായ കാര്യങ്ങൾ അനുഷ്ഠിച്ചുകൊണ്ട് എന്റെ ദാസൻ എന്റെ സാമീപ്യം തേടിക്കൊണ്ടിരിക്കും.
ഞാൻ അവനെ ഇഷ്ടപ്പെട്ടു കഴിഞ്ഞാൽ അവന്നു കേൾക്കാനുള്ള കാതും കാണാനുള്ള കണ്ണും പിടിക്കാനുള്ള കൈയും നടക്കാനുള്ള കാലും ഞാനായിരിക്കും. എന്നോട് ചോദിച്ചാൽ അവന് ഞാൻ നൽകുകതന്നെ ചെയ്യും. എന്നോട് അവൻ അഭയം തേടിയാൽ ഞാൻ അവന് അഭയം നൽകുക തന്നെ ചെയ്യും." (ബുഖാരി). ഈ രീതിയിൽ അല്ലാഹുവിനോടുള്ള സ്നേഹം വർധിപ്പിക്കാൻ റമദാനിനെ നാം ഉപയോഗപ്പെടുത്തണം. മഹാനായ ഇമാം ഇബ്നുൽ ഖയ്യിം ഇതിനുള്ള 10 മാർഗങ്ങൾ വിശദീകരിക്കുന്നുണ്ട്.
1. വിശുദ്ധ ഖുർആൻ അർഥം മനസ്സിലാക്കി ചിന്തിച്ചു പാരായണം ചെയ്യുക.
2. നിർബന്ധ ആരാധനകൾക്ക് പുറമേ, ഐച്ഛികമായ കർമങ്ങളും വർധിപ്പിക്കുക.
3. അല്ലാഹുവിനെ സ്മരിക്കുന്നത് അധികരിപ്പിക്കുക.
4. സ്വന്തം ഇഷ്ടങ്ങളേക്കാൾ അല്ലാഹുവിന്റെ ഇഷ്ടത്തിന് പ്രാമുഖ്യം കൽപ്പിക്കുക.
5. അല്ലാഹുവിന്റെ പേരുകളെയും ഗുണങ്ങളെയും കുറിച്ച് പഠിക്കുകയും അറിയുകയും ചെയ്യുക.
6. അല്ലാഹുവിന്റെ അനുഗ്രഹങ്ങളെ കുറിച്ച് ചിന്തിക്കുക.
7. ദൈവത്തിന്റെ മുന്നിൽ വിനയത്തോടെ മനസ്സിനെ സമർപ്പിക്കുക.
8. രാത്രിയുടെ അവസാനയാമങ്ങളിൽ തനിച്ചിരുന്ന് ദൈവവുമായി സംവദിക്കുക. ആ സന്ദർഭത്തിൽ പ്രാർഥന, പാപമോചനം, പശ്ചാത്താപം എന്നിവ വർധിപ്പിക്കുക.
9. സദ്വൃത്തരായ സുഹൃത്തുക്കളോടൊപ്പമുള്ള സഹവാസം.
10. ദൈവമാർഗത്തിൽ തടസ്സം നിൽക്കുന്ന എല്ലാ കാര്യങ്ങളിൽനിന്നും അകന്ന് നിൽക്കുക.
ഈ വിശുദ്ധമാസത്തിന്റെ മുന്നോടിയായി ബഹ്റൈൻ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽഖലീഫയുടെ നേതൃത്വത്തിൽ രാജ്യത്ത് പള്ളികളുടെ മരാമത്ത് പണികളും പുതിയ പള്ളികളുടെ നിർമാണവും പൂർത്തിയാക്കപ്പെട്ടു. വിശ്വാസികൾക്ക് തങ്ങളുടെ ആരാധനകൾക്ക് കൂടുതൽ സൗകര്യമാണ് ഇതിലൂടെ ലഭ്യമായിരിക്കുന്നത്. റമദാനിലെ ഇനിയുള്ള ഓരോ നിമിഷവും ഏറ്റവും ഫലപ്രദമായി ഉപയോഗിക്കാൻ ശ്രദ്ധിക്കുകയും ശ്രമിക്കുകയും ചെയ്യുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.